ADVERTISEMENT

മാനന്തവാടി ∙ ‌കാർഷികവായ്പയിൽ സഹകരണബാങ്കുകൾക്കുള്ള സബ്സിഡി തുക നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കടുത്ത വിമർശനവുമായി കൂടുതൽ കർഷകസംഘടനകൾ രംഗത്തെത്തി. 3 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പയുടെ പലിശയിൽ സംസ്ഥാന സർക്കാർ വിഹിതമായ 3 ശതമാനമാണു കുടിശികയായത്. വയനാട്ടിൽ 27 സർവീസ് സഹകരണ ബാങ്കുകൾക്കായി 37 കോടി രൂപയാണു സബ്സിഡി ഇനത്തിൽ സർക്കാർ നൽകാനുള്ളത്. വായ്പ പുതുക്കാനെത്തുന്ന കർഷകർക്ക് 3 ശതമാനം പലിശ അടച്ചാൽ മാത്രമേ കടക്കെണി ഭീഷണി താൽക്കാലികമായെങ്കിലും ഒഴിവാകൂവെന്ന സ്ഥിതിയാണിപ്പോൾ.

സർക്കാർ സബ്സിഡി തുക ഉടൻ അനുവദിക്കുകയോ കർഷകരിൽനിന്നു പലിശ ഈടാക്കാനുള്ള തീരുമാനം ബാങ്കുകൾ പിൻവലിക്കുകയോ ചെയ്യാത്ത പക്ഷം കടുത്ത സമരപരിപാടികളിലേക്കു കടക്കാനാണു കർഷകസംഘടനകളുടെ തീരുമാനം. കർഷകർക്കുള്ള പലിശ സബ്സിഡി നൽകാത്ത സർക്കാർ നടപടിയിൽ കേരള ഫാർമേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.

വേനൽ കടുത്തതോടെ കൃഷി നാശവും ഉൽപന്നങ്ങളുടെ വിലയിടിവും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും കർഷകർക്ക് ലഭിക്കുന്നില്ല. ബാങ്കുകൾക്ക് നൽകേണ്ട പലിശ വിഹിതം നൽകാത്തതിനാൽ കർഷകരുടെ വായ്പ തിരിച്ചടവ് പ്രയാസത്തിൽ ആയിരിക്കുകയാണ്. 2020 മുതലുള്ള മഴക്കെടുതി ധനസഹായവും റബർ അധിക വില ആനുകൂല്യം നൽകിയിട്ടില്ല.

കടാശ്വാസ കമ്മിഷന്റെ പ്രവർത്തനങ്ങളും നിലച്ച അവസ്ഥയിലാണ്. വിധി പ്രഖ്യാപിച്ച കർഷകർക്കു പോലും ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. കർഷകർക്ക് അർഹതപ്പെട്ട തുക എത്രയും പെട്ടെന്നു നൽകണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ചെയർമാൻ സുനിൽ മഠത്തിൽ അധ്യക്ഷത വഹിച്ചു. വർഗീസ് കല്ലൻ മാരിയിൽ, ആലിയ കമ്മോം, രാജൻ പനവല്ലി,  രഞ്ജിത്ത് തൃശൂർ, മിനി മീനങ്ങാടി, പൗലോസ് മോളത്ത്, സക്കറിയ കൊടുങ്ങലൂർ, കെ.എം. ഷിനോജ്, മാത്യു പനവല്ലി, പോൾ തലച്ചിറ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com