ADVERTISEMENT

കൽപറ്റ ∙ അരിക്കൊമ്പനെ പിടിക്കാൻ ചിന്നക്കനാലിലേക്കു കൊണ്ടുപോയ വയനാടൻ കുങ്കിയാനകൾ തിരിച്ചെത്തുന്നു. രണ്ടു സംഘങ്ങളായാണു മടക്കയാത്ര. ഇന്നലെ വൈകിട്ട് ഇടുക്കി ചിന്നക്കനാലിൽനിന്നു കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും കയറ്റിയ ലോറികൾ പുറപ്പെട്ടു. ഇന്നു പുലർച്ചെയോടെ സംഘം മുത്തങ്ങ സങ്കേതത്തിലെത്തി. വയനാട്ടിൽനിന്നു പോയ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി), എലിഫെന്റ് ടാസ്ക് ഫോഴ്സ് എന്നിവയിലെ വനപാലകസംഘവും 2 പൈലറ്റ് വാഹനവും കുങ്കിയാനകൾ ക്കൊപ്പമുണ്ടായിരുന്നു.

ഈ ലോറികൾ ഇന്നു തിരികെ ചിന്നക്കനാലിലെത്തി അടുത്ത ദിവസം തന്നെ ഭരതിനെയും വിക്രമിനെയും മുത്തങ്ങയിലേക്കു കൊണ്ടുവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അരിക്കൊമ്പനെ പിടികൂടാൻ മുത്തങ്ങയിൽനിന്നു കൊണ്ടുപോയ ഭരത്, വിക്രം, കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളും വനപാലകസംഘവും കഴിഞ്ഞ ഒരു മാസത്തോളമായി ചിന്നക്കനാലിലും പരിസരത്തുമായി ക്യാംപ് ചെയ്യുകയായിരുന്നു അരിക്കൊമ്പനെ പിടികൂടാനുള്ള ക്ലേശകരമായ ദൗത്യത്തിനൊടുവിൽ വിശ്രമം കഴിഞ്ഞാണു മുത്തങ്ങയിലേക്കുള്ള കുങ്കികളുടെ മടക്കയാത്ര.

മുത്തങ്ങയില്‍നിന്നു ചിന്നക്കനാലിലെത്തിച്ച 4 കുങ്കിയാനകളിലെ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും ഇന്നലെ മടക്കയാത്രയ്ക്കായി ലോറികളില്‍ കയറ്റിയപ്പോള്‍.
മുത്തങ്ങയില്‍നിന്നു ചിന്നക്കനാലിലെത്തിച്ച 4 കുങ്കിയാനകളിലെ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും ഇന്നലെ മടക്കയാത്രയ്ക്കായി ലോറികളില്‍ കയറ്റിയപ്പോള്‍.

ദൗത്യത്തിന്റെ ക്ഷീണം മാറുന്ന മുറയ്ക്കു കുങ്കിയാനകളെ മുത്തങ്ങയിലേക്കു തിരികെയെത്തിക്കാനായിരുന്നു വനംവകുപ്പ് തീരുമാനം. ആനകളുടെ ആരോഗ്യസ്ഥിതിയും യാത്രാസൗകര്യങ്ങളും കാലാവസ്ഥയുമെല്ലാം വിലയിരുത്തി ഇന്നലെത്തന്നെ മടക്കയാത്ര തീരുമാനിച്ചു. പ്രധാന പട്ടണങ്ങളും വാഹനത്തിരക്കേറിയ പാതകളും കടന്നുപോകാൻ രാത്രിസമയമാണു താരതമ്യേന ഉചിതമെന്നു വിലയിരുത്തി വൈകിട്ടു ചിന്നക്കനാലിൽനിന്നു യാത്ര തിരിക്കുകയായിരുന്നു. വിക്രമിനെയും ഭരത്തിനെയും കൊണ്ടുവരുന്നതും രാത്രിയിൽത്തന്നെയായിരിക്കും.

പാലക്കാട് ധോണിയിലെ പ്രശ്നക്കാരൻ പിടി സെവനെ പിടികൂടാനായി ജനുവരി 16നാണ് വിക്രമിനെയും ഭരതിനെയും മുത്തങ്ങയിൽനിന്നു കൊണ്ടുപോയത്. പിന്നീട് സുരേന്ദ്രനെയും പാലക്കാട്ടേക്കു കൊണ്ടുപോയി. പിടി സെവൻ പിടിയിലായി അധികം വൈകാതെ തന്നെ മൂവരും അരിക്കൊമ്പൻ മിഷനും നിയോഗിക്കപ്പെട്ടു. മറ്റു ജില്ലകളിൽ ദൗത്യത്തിനു കൊണ്ടുപോകുന്ന മുത്തങ്ങയിലെ കുങ്കിയാനകളെ ആനപിടിത്തം കഴിഞ്ഞാൽ തിരികെയെത്തിക്കുന്നില്ലെന്ന വിമർശനവും ഉയർന്നിരുന്നു.

നല്ല പരിശീലനം കിട്ടിയ മിടുക്കരായ കുങ്കിയാനകൾ മറ്റു ജില്ലകളിൽ സ്ഥിരമായി ക്യാപ് ചെയ്യുമ്പോൾ വന്യജീവി ശല്യം രൂക്ഷമായ വയനാട്ടിൽ അവയുടെ സേവനം സമയബന്ധിതമായി കിട്ടില്ലെന്നായിരുന്നു വിമർശനം. എന്നാൽ, വനംവകുപ്പിന്റെ കുങ്കിയാനകളെ സംസ്ഥാനത്തുടനീളം വന്യജീവിശല്യം രൂക്ഷമായിടത്തെല്ലാം ആവശ്യമനുസരിച്ചു നിയോഗിക്കാനുള്ളതാണെന്നു വനംവകുപ്പ് വ്യക്തമാക്കുന്നു. ദൗത്യം പൂർത്തിയാകുന്ന മുറയ്ക്ക് മുത്തങ്ങയിലേക്കു തന്നെ തിരികെയെത്തിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

4 മാസത്തിനിടെ 3 ആനപിടിത്തം: മുത്തങ്ങ കുങ്കികളുടെ മിടുക്ക്

4 മാസത്തിനിടെ മുത്തങ്ങയിലെ കുങ്കികൾ പിടികൂടുന്ന മൂന്നാമത്തെ കാട്ടാനയാണ് അരിക്കൊമ്പൻ. ബത്തേരിയിൽ ശല്യക്കാരനായ പിഎം 2, (രാജ) പാലക്കാട് കൃഷിയിടങ്ങളിൽ നാശനഷ്ടമുണ്ടാക്കിയ പിടി 7 (ധോണി) എന്നീ ആനകളെ ജനുവരിയിൽ മുത്തങ്ങയിലെ കുങ്കികളുടെ സഹായത്തോടെ പിടികൂടി കൂട്ടിലടച്ചു. 12 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണു മുത്തങ്ങയിൽനിന്നുള്ള 4 കുങ്കിയാനകളുടെ നേതൃത്വത്തിൽ അരിക്കൊമ്പനെ പിടികൂടിയത്.

കനത്ത മഴയുൾപെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലായിരുന്നു മിഷൻ അരിക്കൊമ്പൻ. ദൗത്യം തുടങ്ങുന്നതിനു ദിവസങ്ങൾക്കുമുൻപ് സിമന്റ്പാലത്തിനു സമീപം കുങ്കിയാനകളുടെ ക്യാംപിൽ കോന്നി സുരേന്ദ്രനു സമീപം അരിക്കൊമ്പനെത്തിയിരുന്നു. ആർആർടി അംഗങ്ങളും പാപ്പാന്മാരും ശബ്ദമുണ്ടാക്കിയപ്പോഴാണ് അരിക്കൊമ്പൻ തിരിച്ചുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com