ADVERTISEMENT

കൽപറ്റ ∙ നഴ്സുമാരുടെ ദിനത്തിൽ നഴ്സിങ് ഉദ്യോഗാർഥികൾക്ക് പറയാനുള്ളത് കണ്ണീർക്കഥകൾ.  കോവിഡ് മഹാമാരിക്കാലത്ത് സന്നദ്ധ സേവനം നടത്തുകയും  ബുദ്ധിമുട്ടി പഠിക്കുകയും ചെയ്തിട്ടും പ്രയോജനമില്ലാത്ത അവസ്ഥ. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും തസ്തികകൾ ഇല്ലാത്തതിനാൽ നിയമനം ലഭിക്കാതെ  ആശങ്കയിലാണ് ഉദ്യോഗാർഥികൾ.     ജില്ലാതല സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റ് വന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും ആകെ 6 നിയമനമാണ് നടന്നത്. എന്തിനാണ് ഈ പ്രഹസന പരീക്ഷ പിഎസ്​സി നടത്തിയത് എന്നാണ് നഴ്സുമാർ ചോദിക്കുന്നത്. 

തസ്തിക ഇല്ലാത്തതിനാൽ, 243 പേരുള്ള ഈ ലിസ്റ്റിൽ  10ൽ കൂടുതൽ ഒഴിവുകൾ ഉണ്ടാകാൻ സാധ്യത കാണുന്നില്ല. 300 ൽ കൂടുതൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയ്ക്കായി ഡിഎംഒ ഓഫിസിൽ നിന്ന് ഫയൽ പോയിട്ടുണ്ടെങ്കിലും സർക്കാർ അനുമതി ലഭിച്ചില്ല. ബത്തേരി താലൂക്ക് ആശുപത്രി, കൽപറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ കുട്ടികളുടെ ഐസിയു ഉദ്ഘാടനം കഴിഞ്ഞെങ്കിലും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ല. താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി എന്നിവയ്ക്ക് വേണ്ട സ്റ്റാഫ് പാറ്റേൺ ഇവിടെ ഇപ്പോഴുമില്ല. ബത്തേരിയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിടനിർമാണം കഴിഞ്ഞെങ്കിലും ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ല. 

ജില്ലയിൽ താൽക്കാലിക ജീവനക്കാർ മാത്രം ജോലി ചെയ്യുന്ന ആരോഗ്യസ്ഥാപനങ്ങളും ഉണ്ട്. വരദൂർ, മുള്ളൻകൊല്ലി, ചുള്ളിയോട് എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ്. ഇവിടെയൊക്കെ തസ്തിക സൃഷ്ടിച്ചാൽ മാത്രമേ റാങ്ക് ലിസ്റ്റിൽ നിന്ന് കുറച്ചു പേർക്കെങ്കിലും ജോലി ലഭിക്കൂ. സീനിയോറിറ്റി കണക്കാക്കി സ്ഥാനക്കയറ്റം നൽകുമ്പോൾ വയനാട്ടിലെ ആരും അർഹരാവുന്നില്ല. റാങ്ക് ലിസ്റ്റ് വന്ന ശേഷവും താൽക്കാലിക നിയമനം നടക്കുന്നതിനാൽ പിഎസ്​സി തസ്തിക ഉണ്ടാക്കുന്നുമില്ല.

ജില്ലയിലെ പല ആശുപത്രികളിലും വിവിധ ചികിത്സാ വിഭാഗങ്ങളിൽ ആയി  3 ഷിഫ്റ്റ് ജോലി ചെയ്യാൻ ആവശ്യമുള്ള ജീവനക്കാരില്ല. പുതിയ നഴ്സിങ് തസ്തികകൾ സൃഷ്ടിച്ചാലേ നിലവിൽ റാങ്ക് പട്ടികയിലുള്ള കുറച്ച് പേർക്കെങ്കിലും ജോലി ലഭിക്കൂ. പലരും ഇനിയൊരു പരീക്ഷയ്ക്കുള്ള പ്രായപരിധി കഴിഞ്ഞവരുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com