ADVERTISEMENT

പുൽപള്ളി ∙ കാപ്പിസെറ്റ് – പയ്യമ്പള്ളി റോഡ് നിർമാണത്തിന്റെ ഭാഗമായി പുൽപള്ളി ടൗണിലെ റോഡ് ഉയർത്തി ടാർ ചെയ്തതോടെ മഴ വെള്ളമപ്പാടെ കടകളിലേക്ക്. മുള്ളൻകൊല്ലി ജംക്‌ഷൻ മുതൽ ടെംപിൾ ജംക്‌ഷൻ വരെയുള്ള ഭാഗത്തെ വ്യാപാരികൾ മഴ പെയ്യുമ്പോൾ അങ്കലാപ്പിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തപ്പോൾ കടകൾ വെള്ളക്കെട്ടായി. 

അഴുക്കുചാൽ ഉയർന്നു കിടക്കുന്നതിനാൽ അതിനു താഴെഭാഗത്തുള്ള കടകളിലെല്ലാം വെള്ളം ഒലിച്ചിറങ്ങി. റോഡിനു വലതു ഭാഗത്തെ അഴുക്കുചാൽ പലയിടത്തും ഇടിഞ്ഞു മാലിന്യങ്ങളും വെള്ളവും കെട്ടിനിൽക്കുന്നു. റോഡിൽ നിറയുന്ന വെള്ളം അഴുക്കുചാലിലേക്ക് ഒഴുകാതെ ഫുട്പാത്തിനു മുകളിലൂടെ കടകളിലേക്കൊഴുകുന്നു. 

കഴിഞ്ഞ ദിവസം 5 കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. മണിക്കൂറുകൾ അധ്വാനിച്ചാണു കടകൾ വൃത്തിയാക്കിയത്.റോഡ് ഉയർത്തിയപ്പോൾ വെള്ളമൊഴുക്കി വിടാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാത്തതാണു കാരണമെന്ന് വ്യാപാരികൾ പറയുന്നു. മരിയ ജംക്‌ഷനിൽ നിന്നു ചുണ്ടക്കൊല്ലി ഭാഗത്തേക്കുള്ള അഴുക്കുചാൽ ഏറെക്കാലമായി ഇടിഞ്ഞു നികന്നു കിടക്കുകയാണ്. ഈ അഴുക്കുചാൽ പൊളിച്ചു പുതുക്കി നിർമിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പറയുന്നു. മഴ ശക്തമാകുന്നതോടെ പ്രശ്നം രൂക്ഷമാകുമെന്നതിനാൽ ഉടനടി പരിഹാരം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

ഒരു ഡസനോളം കടകളിൽ വെള്ളം കയറുന്ന അവസ്ഥ നിലനിൽക്കുന്നു. റോഡും ഫുട്പാത്തും വെള്ളക്കെട്ടാകുന്നതോടെ വാഹനങ്ങൾക്ക് സഞ്ചരിക്കാനും കാൽനടക്കാർക്കു നടക്കാനും കഴിയാത്ത അവസ്ഥയുമുണ്ട്. മുള്ളൻകൊല്ലി ജംക്‌ഷനിൽ നിന്നാരംഭിച്ച് മരിയ ജംക്‌ഷൻ വഴി ചുണ്ടക്കൊല്ലി റോഡിലേക്കും എതിർദിശയിൽ താഴെയങ്ങാടിയിലേക്കുള്ള അഴുക്കുചാലിൽ മാലിന്യങ്ങൾ കെട്ടിനിന്ന് ദുർഗന്ധവുമുണ്ടാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com