ചേലക്കൊല്ലി കാപ്പി എസ്റ്റേറ്റിൽ നാശം വിതച്ച് ‘അടുക്കളക്കൊമ്പൻ’

തൊഴിലാളികൾ താമസിക്കുന്ന ലയത്തിലെ അടുപ്പുകൾ കാട്ടാന തകർത്ത നിലയിൽ.
SHARE

പാപ്ലശ്ശേരി∙ പൂതാടി പഞ്ചായത്തിലെ ചേലക്കൊല്ലി പാമ്പ്ര ഐസക്ക് കോഫി എസ്റ്റേറ്റിൽ തൊഴിലാളികളും മറ്റും താമസിക്കുന്ന ലയങ്ങളുടെ അടുക്കളകളും കിടപ്പുമുറികളും തകർത്ത് കാട്ടാനയുടെ വിളയാട്ടം. സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റേഞ്ചിലെ പാമ്പ്ര വനത്തിൽ നിന്ന് ഇറങ്ങുന്ന കാട്ടാനകളാണ് എസ്റ്റേറ്റിലെ തൊഴിലാളികൾക്കടക്കം ദുരിതം തീർക്കുന്നത്.

കാട്ടാന തുണികളും മറ്റും പുറത്തേക്ക് വാരിവലിച്ചിട്ട നിലയിൽ.

കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാന എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന 3 ഇടങ്ങളിലായുള്ള ലയത്തിന്റെ വാതിലുകൾ തകർത്ത് അകത്തു കയറി അടുപ്പുകൾ തകർക്കുകയും മുറിയിലുണ്ടായിരുന്ന തുണികളും പാത്രങ്ങളും നശിപ്പിക്കുകയും വലിച്ചുവാരി പുറത്തിടുകയും ചെയ്തു. തൊഴിലാളികൾ വാങ്ങിവച്ചിരുന്ന അരി അടക്കമുള്ള മുഴുവൻ ഭക്ഷണ സാധനങ്ങൾ അകത്താക്കിയും വൈദ്യുതി മീറ്ററുകൾ തകർത്തുമാണ് കാട്ടാന മടങ്ങിയത്.

3 ലയങ്ങളിലായി 15 മുറികളാണ് ഉണ്ടായിരുന്നത്. ഇതിൽ 12 മുറികളുടെ ഇരുമ്പു വാതിലും 4 മുറികളുടെ ജനലും തകർത്തു. ഒരു ലയത്തിന്റെ പിറകിലെ ഓടുകളും ആസ്ബറ്റോസ് ഷീറ്റും കാട്ടാന തകർത്തിട്ടുണ്ട്. എസ്റ്റേറ്റിലെ തൊഴിലാളികൾ നാട്ടിൽ പോയതിനാൽ കാവൽക്കാർ മാത്രമാണ് എസ്റ്റേറ്റിൽ ഉണ്ടായിരുന്നത്. കാട്ടാനയും കാട്ടിയും കാട്ടുപന്നികളും എസ്റ്റേറ്റിൽ ഇറങ്ങാറുണ്ടെങ്കിലും കെട്ടിടങ്ങൾ തകർക്കുന്നതും അരിയടക്കം തിന്നുതീർക്കുന്നതും ആദ്യമായാണെന്ന് എസ്റ്റേറ്റ് നടത്തിപ്പുകാർ പറയുന്നു. എസ്റ്റേറ്റിൽ ഇറങ്ങുന്ന കാട്ടാന നേരം പുലർന്നാലും വനത്തിലേക്ക് മടങ്ങാതെ കാപ്പിയും മരങ്ങളും അടക്കമുള്ള കൃഷികൾ നശിപ്പിക്കുന്ന അവസ്ഥയാണ്. 

എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം ഇറങ്ങി അടുക്കളയും അടുപ്പുകളും തകർത്ത കാട്ടാന ഗൂഡല്ലൂർ ഭാഗത്തെ അടുക്കളകൾ തകർത്തിരുന്ന അരിക്കൊമ്പനാണോ എന്ന സംശയം നാട്ടുകാർക്കുണ്ട്. എസ്റ്റേറ്റിനു ചുറ്റും സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങളെല്ലാം തകർത്തിറങ്ങുന്ന കാട്ടാന തൊഴിലാളികൾക്കുൾപ്പെടെ ഭീഷണിയാകുന്നുണ്ട്.

മുൻപ് എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന തൊഴിലാളികളിൽ പലരെയും ആക്രമിച്ച് പരുക്കേൽപിച്ചിട്ടുണ്ട്. കാട്ടാന ലയങ്ങൾ തകർത്തതിനെത്തുടർന്നു വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എസ്റ്റേറ്റിലെ തൊഴിലാളികൾക്കും സമീപ പ്രദേശത്തെ നാട്ടുകാർക്കും ഭീഷണിയായി മാറിയ  കാട്ടാനയെ തുരത്താനുള്ള നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS