ബത്തേരി∙ഇടിയും മിന്നലുമായെത്തിയ വേനൽ മഴ ബത്തേരിയുടെ വിവിധ ഭാഗങ്ങളിൽ ആർത്തലച്ച് പെയ്തു.ഉച്ച തിരിഞ്ഞ് മൂന്നരയോടെ ശക്തമായ കാറ്റോടെ തുടങ്ങിയ മഴ ഒന്നര മണിക്കൂറോളം നീണ്ടു. ടൗണിൽ ഗാന്ധി ജംക്‌ഷനിൽ ഓവുചാലുകൾ നിറഞ്ഞും ഒഴുക്ക് തടസ്സപ്പെട്ടും ഇരുപതോളം കടകളിൽ വെള്ളം കയറി. റോഡിൽ മുട്ടൊപ്പം വെള്ളമെത്തി. ഗാന്ധി ജംക്ഷനിലെ ഓവുചാലുകൾ ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും വെള്ളം കയറുന്നത് പൂർണമായി തടയാനാകുന്നില്ല.

പലയിടത്തും മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ട്.കോട്ടക്കുന്ന് മുനിസിപ്പൽ ക്വാർട്ടേഴ്സിന്റെ മതിൽ ഇടിഞ്ഞു വീണു. ശക്തമായ മിന്നലിൽ നഗരസഭാ ഓഫിസിലെ സെർവർ തകരാറിലായതിനൊപ്പം 3 കംപ്യൂട്ടറുകളും പ്രവർത്തന രഹിതമായി. ഒന്നാം മൈലിൽ റോഡിനു കുറുകെ മരം വീണത് അഗ്നിശമനസേനയെത്തി മുറിച്ചു നീക്കിയതിന് പിന്നാലെ നിർത്തിയിട്ടിരുന്ന ലോറിക്കു മുകളിലേക്കും മരം വീണു. ബ്ലോക്ക് ഓഫിസിന് സമീപവും റോഡിലേക്ക് മരം വീണു.
വാകേരി പാലക്കുറ്റി പാലം മുങ്ങി
ബത്തേരി∙ ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ വാകേരി പാലക്കുറ്റി പാലം വെള്ളത്തിൽ മുങ്ങി. പുഴ നിറഞ്ഞെത്തിയ വെള്ളം പാലം കവിഞ്ഞ് ഒഴുകി. അതോടെ ഇരു ഭാഗത്തേയ്ക്കുമുള്ള ഗതാഗതവും കാൽനടയാത്രയും മുടങ്ങി. ഇരുഭാഗത്തേയ്ക്കും പോകാനാവാതെ ഏറെ പേർ കുടുങ്ങി. ഏറെ വൈകിയാണ് വെള്ളമിറങ്ങിത്തുടങ്ങിയത്.