പടിഞ്ഞാറത്തറ∙ തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധത്തിൽ മീൻ പിടിക്കാൻ കൂട് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പരാതി. കുറുമണി മണ്ണാർകുണ്ട് പുഴയിൽ കാവാലംകുന്ന് നടപ്പാലത്തിനു സമീപം മത്സ്യ ബന്ധനത്തിന് സ്ഥാപിച്ച വൻകിട നിർമാണങ്ങൾക്ക് എതിരെയാണു നാട്ടുകാർ പരാതിയുമായി എത്തിയത്.

പുഴയിൽ കുറുമണി തോട് സംഗമിക്കുന്ന ഭാഗത്താണ് തെരിവല കെട്ടി വൻകിട കൂട് സ്ഥാപിച്ചത്. തോട്ടിലേക്ക് മീൻ കയറുന്നത് പൂർണമായും തടയുംവിധമാണ് ഇതിന്റെ നിർമാണം. മഴക്കാലം ആരംഭിക്കുന്നതോടെ പുഴയിൽ നിന്ന് വൻ തോതിൽ മീൻ തോട്ടിലേക്ക് കയറുകയും ഇവ പ്രദേശത്തെ വയലിലും ചെറു തോടുകളിലും എത്തുകയുമാണു പതിവ്. എന്നാൽ തോട് വന്നു ചേരുന്ന ഭാഗത്ത് വൻ കിട കൂട് സ്ഥാപിച്ച് ഇവയെ പൂർണമായും പിടികൂടുന്ന രീതിയാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
മത്സ്യത്തിന്റെ പ്രജനന കാലത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തി നടത്തുന്ന വൻകിട മത്സ്യ ബന്ധനം നാട്ടു മത്സ്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് വരുത്തുന്നത്. തോട് പൂർണമായും അടച്ച് കെട്ടുന്ന വല പിന്നീട് നീക്കം ചെയ്യാത്തതു കാരണം വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടി കൃഷിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനു ഇടയാക്കുന്നു. ഇത്തരത്തിൽ ദിവസങ്ങളോളം വെള്ളം കെട്ടി നിൽക്കുന്നത് കൃഷി നശിക്കാൻ ഇടയാക്കുന്നു. മഴ തുടങ്ങുന്നതിനു മുൻപ് ഇവിടെ സ്ഥാപിച്ച കൂട് പൊളിച്ചുമാറ്റാൻ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത്, പൊലീസ്, ഫിഷറീസ് വകുപ്പുകളിൽ നാട്ടുകാർ പരാതി നൽകി.