പുൽപള്ളി∙ കർഷകന്റെ ആത്മഹത്യയ്ക്കും കോൺഗ്രസ് നേതാവിന്റെ അറസ്റ്റിനും പിന്നാലെ പുൽപള്ളി സഹകരണ ബാങ്കിൽ നിന്നു പുറത്തു വരുന്നതു വായ്പാതട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകൾ. കേളക്കവല പറമ്പക്കാട്ട് ദാനിയേലിന്റേതുൾപ്പെടെ ഒട്ടേറെ കുടുംബങ്ങളാണു തട്ടിപ്പിനിരയായത്. ചെറിയ കടങ്ങൾ വീട്ടാൻ പുൽപള്ളി ബാങ്കിൽ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്ത ദാനിയേലിന്റെ കുടുംബം ഇപ്പോൾ തിരിച്ചടയ്ക്കാനുള്ളത് ഒരു കോടിയിലേറെയാണ്. ദാനിയേലിന്റെ ആനപ്പാറയിലെ 33 സെന്റും ഭാര്യ സാറാക്കുട്ടിയുടെ പേരിൽ കേളക്കവലയിലുള്ള 28 സെന്റും വച്ചാണ് 2018ൽ 2 ലക്ഷം രൂപ വായ്പയെടുത്തത്. കുടുംബവുമായി നല്ല ബന്ധമുള്ള കൊല്ലപ്പള്ളിൽ സജീവനാണു കടലാസുകളൊക്കെ ശരിയാക്കിയത്.
ദാനിയേലിന്റെ മക്കളായ ഷിജുവും ഷിബുവും ,സജീവനൊപ്പമാണു ജോലി ചെയ്തിരുന്നത്. കർണാടകയിലെ ഇഞ്ചിപ്പാടത്തു മേസ്തിരിയായിരുന്നു ഷിജു. മാസം 10,000 രൂപ ശമ്പളവും ചെലവുകളും ഇഞ്ചിക്കൃഷിയിലെ ലാഭത്തില്‍ ഒരു ഓഹരിയുമായിരുന്നു സജീവന്റെ വാഗ്ദാനം. ഓഹരിക്കായി സജീവൻ പറഞ്ഞതനുസരിച്ച് കൂടുതൽ വായ്പയെടുക്കാൻ കുടുംബം നിർബന്ധിതരായി. അതിനുള്ള ഏർപ്പാടുകളും സജീവൻ തന്നെ നടത്തി. സജീവൻ കാണിച്ച രേഖകളിലെല്ലാം ഒപ്പിട്ടുവെന്നല്ലാതെ വായ്പയെത്രയെന്ന് അന്വേഷിക്കുകയോ ബാങ്കിൽ നേരിട്ടു പോയി പണം വാങ്ങുകയോ ചെയ്തില്ല. അടവു മുടങ്ങി ബാങ്കിൽ നിന്നു നോട്ടിസ്‍ ലഭിച്ചപ്പോഴാണു ദാനിയേലും സാറാക്കുട്ടിയും ഞെട്ടിയത്.
ദാനിയേലിനു 16 ലക്ഷവും സാറാക്കുട്ടിക്ക് 20 ലക്ഷവുമടക്കം 36 ലക്ഷം രൂപയുടെ കൂട്ടുവായ്പയായിരുന്നു അനുവദിച്ചത്. സജീവൻ പറഞ്ഞ അക്കൗണ്ടുകളിലേക്കാണു പണം മാറ്റിയത് എന്നും പിന്നീട് അറിഞ്ഞു. നോട്ടിസ് വരുമ്പോഴെല്ലാം, അടച്ചുതീര്‍ക്കാമെന്നായിരുന്നു സജീവന്റെ മറുപടി. നടപടിയില്ലാതായപ്പോൾ പ്രസിഡന്റ് കെ.കെ.ഏബ്രഹാമിന്റെ വീട്ടിലെത്തി വിവരം പറഞ്ഞു. വായ്പ തീർത്ത് ഉടൻ രേഖയെടുത്തു കൊടുക്കണമെന്ന് അദ്ദേഹവും സജീവനോട് ആവശ്യപ്പെട്ടു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, മീനങ്ങാടിയിലെ ബിഷപ് എന്നിവരും പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
ബാധ്യത തീർത്ത് രേഖ നൽകാമെന്നു സജീവനും സഹോദരൻ ഷാജിയും പലവട്ടം സമ്മതിക്കുകയും ചെയ്തു. ഇതിനിടെ കർണാടക കൃഷിയിൽ നിന്നു മകൻ ഷിജു ഒഴിവായി. സജീവൻ വാഗ്ദാനം ചെ യ്തതൊന്നും കിട്ടിയിരുന്നില്ല. ദാനിയേലും കുടുംബവും താമസിക്കുന്നത് മകൾ ഷീബയുടെ പേരിലുള്ള വീട്ടിലാണ്. അതും കാലപ്പഴക്കത്താൽ തകർച്ചയിലാണ്. 7 മാസവും 2 ദിവസവും ഇരുവരും സമരം നടത്തി. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരും കള്ളിക്കൽ സജിയും ഗോപാലനും മറ്റും സമരത്തിൽ ഒപ്പമുണ്ടായിരുന്നു. ആരുടെയോ സ്ഥലം പവർ ഓഫ് അറ്റോണി നൽകി മകൻ ഷിജുവിന്റെ പേരിൽ സജീവന്‍ 25 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും ദാനിയേൽ പറയുന്നു. കഴിഞ്ഞ ദിവസം അതിന്റെ നോട്ടിസുമെത്തി. അങ്ങനെ കിടപ്പാടവും കൈവിട്ടു പോകുന്നതിന്റെ സങ്കടത്തിലാണ് 70 കാരനായ ദാനിയേലും 65 പിന്നിട്ട സാറാക്കുട്ടിയും.