ADVERTISEMENT

കൽപറ്റ ∙ കളിചിരികളും വർണബലൂണുകളും പൂക്കളുമായി അക്ഷരമുറ്റങ്ങൾ നിറഞ്ഞു. പ്രവേശനോത്സവത്തിലെ ആദ്യദിനം ആഘോഷമാക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ വർണത്തോരണങ്ങളുമായി അണിഞ്ഞൊരുങ്ങി. മിഠായികളും വാദ്യമേളങ്ങളുമായി വേറിട്ട രീതിയിലായിരുന്നു വിദ്യാലയങ്ങളിലെ ആദ്യദിനം. പുതിയ കെട്ടിടങ്ങളും വർണക്കൂടാരങ്ങളുമായി മുഖം മിനുക്കിയ പൊതുവിദ്യാലയങ്ങൾ നൂറുകണക്കിനു കുരുന്നുകളെ വരവേറ്റു. മിന്നാമിനുങ്ങിനെയല്ല.. സൂര്യനെയും പിടിക്കാം എന്ന ഈരടികളുമായുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്വാഗത ഗാനം ആലപിച്ചാണ് ഇത്തവണ പുതിയ അധ്യയന വർഷത്തിനു തുടക്കമായത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്നതോടെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി.

നവാഗതരെ സ്വീകരിക്കാൻ ജില്ലാ, ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂൾ തലങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലവയൽ ജിവിഎച്ച്എസ് സ്‌കൂളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. സർക്കാർ വിദ്യാലയങ്ങളിൽ വിജയശതമാനം വർധിക്കുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും രക്ഷിതാക്കളും അധ്യാപകരായി മാറണമെന്നും എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്ക് സൗജന്യ യോഗാ പരിശീലനം നൽകുന്ന ആയുർ യോഗ പദ്ധതി കലക്ടർ  ആർ രേണു രാജ് ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണോദ്ഘാടനം അമ്പലവയൽ  പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്തും സ്‌കൂൾ കൊടിമരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂരും നിർവഹിച്ചു. സ്‌കൂളിലെ പ്രസംഗ പീഠത്തിന്റെ സമർപ്പണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീറും ജല ശുദ്ധീകരണി സമർപ്പണം ഡയറ്റ് സീനിയർ ലക്ചറർ എം.ഒ. സജിയും നിർവഹിച്ചു. പ്ലാറ്റിനം ജൂബിലി കലണ്ടർ പ്രകാശനം  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ജോർജ് നിർവഹിച്ചു. രാജ്യപുരസ്‌കാർ ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. ജില്ലയിൽ ഒൻ‌പതിനായിരത്തിൽ അധികം കുട്ടികളാണ് പുതിയതായി സ്‌കൂളിൽ പ്രവേശനം നേടിയത്.

പഞ്ചായത്ത് അംഗം എൻ.സി. കൃഷ്ണകുമാർ, എസ്എസ്കെ ഡിപിസി വി. അനിൽകുമാർ, മിഷൻ കോ ഓർഡിനേറ്റർ വിൽസൺ തോമസ്, അക്കൗണ്ട്സ് ഓഫിസർ എ.ഒ. രജിത, പിടിഎ പ്രസിഡന്റ് എ. രഘു, എസ്എംസി ചെയർമാൻ അനിൽ പ്രമോദ്, പ്രിൻസിപ്പൽ പി.ജി. സുഷമ, വിഎച്ച്എസ്​സി പ്രിൻസിപ്പൽ സി.വി. നാസർ, പിടിഎ വൈസ് പ്രസിഡന്റ് ഇ.കെ. ജോണി, മദർ പിടിഎ പ്രസി‍‍ഡന്റ് റീന വിജു, പ്രധാനാധ്യാപകൻ കെ.കെ. അഷ്റഫ് എന്നിവർ പ്രസംഗിച്ചു. മാനന്തവാടി ഉപജില്ലാ പ്രവേശനോത്സവം കല്ലോടി എസ്ജെയുപി സ്‌കൂളിലും വൈത്തിരിയിൽ വെള്ളാർമല ജിവിഎച്ച്എസ് സ്‌കൂളിലും, ബത്തേരിയിൽ കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലും നടന്നു.

ആഹ്ലാദത്തിൽ ചേകാടി ഗവ. എൽപി സ്കൂൾ 

മാനന്തവാടി ∙ തിരുനെല്ലി ചേകാടി ഗവ എൽപി സ്കൂളിൽ വാർഡ് തല സമിതിയും മറ്റ് സ്കൂൾ സമിതികളും സജീവമായതോടെ കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ചു. 2021ൽ ഒന്നാം ക്ലാസിൽ 3 കുട്ടികൾ മാത്രം ചേർന്ന സ്കൂളിൽ ഇൗ വർഷം  24 കുട്ടികളാണ് പ്രവേശനം നേടിയത്.  ക്യാംപെയ്നിന്റെ  ഭാഗമായി വാർഡ്തല സമിതി പ്രദേശത്തെ വീടുകളും കോളനികളും സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com