മാനന്തവാടി ∙ നവീകരണ ജോലികൾക്കു വേണ്ടി ഗതാഗതം നിരോധിച്ച ബോയ്സ് ടൗൺ പാൽച്ചുരം അമ്പായത്തോട് റോഡ് വൈകിട്ട് ഗതാഗതത്തിനായി തുറന്നു കൊടുത്തു. വൈകിട്ട് ഇതുവഴി കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. മേയ് 15 മുതലാണ് പൂർണമായും ഗതാഗതം നിരോധിച്ചത്. കൊട്ടിയൂർ വൈശാഖ ഉത്സവം ആരംഭിക്കുന്നതിനു മുൻപ് മേയ് 31 ന് അകം നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ബോയ്സ് ടൗണിൽ നിന്നുള്ള 130 മീറ്റർ ഭാഗം ഇന്റർലോക്ക് ചെയ്തു. ബാക്കി ഭാഗം 37 ലക്ഷം രൂപ ചെലവിൽ റീ ടാറിങ് നടത്തി. പാൽചുരത്തിൽ ഗതാഗതം നിരോധിച്ചതിനാൽ വാഹനങ്ങൾ പേരിയ ചുരം വഴിയാണ് കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചിരുന്നത്.
മലയോര ഹൈവേയുടെ ഭാഗമായുള്ള പ്രവർത്തികൾ പാൽചുരത്തിൽ താമസിയാതെ ആരംഭിക്കും. പാടേ തകർന്ന് അപകടാവസ്ഥയിലായ റോഡ് ഏറെ മുറവിളികൾക്ക് ശേഷമാണ് നവീകരിച്ചത്. ഒരു ഭാഗത്ത് ചെങ്കുത്തായ മല നിരകളും മറുഭാഗത്ത് വലിയ ഗർത്തങ്ങളുമുള്ള പാൽചുരം റോഡിൽ ഒട്ടേറെ അപകടങ്ങൾ നടന്നിരുന്നു. റോഡിന്റെ ശോചനീയ അവസ്ഥ കൂടിയായതോടെ ഡ്രൈവർമാർക്ക് ഈ വഴി ഭയപ്പെടുന്നതായി മാറി. ഇതിനാണ് താൽക്കാലിക പരിഹാരമായത്.