ADVERTISEMENT

ബത്തേരി ∙ കുപ്രസിദ്ധ ഗുണ്ട തൃശൂർ കൊടകര പന്തല്ലൂർ വീട്ടിൽ ഷൈജു എന്ന പല്ലൻ ഷൈജു കോളിയാടിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്നു. ഒട്ടേറെ ഹൈവേ പണത്തട്ടിപ്പ്, ലഹരി ഇടപാട്, അടിപിടി കേസുകളിൽ പ്രതിയാണ് പല്ലൻ. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയത്.

എന്നാൽ, ഷൈജു മിന്നൽ വേഗത്തിൽ പിൻവാതിലിലൂടെ രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. ഷൈജുവിന്റെ സുഹൃത്ത് സമീപകാലത്ത് വീട് മാറിയത് അറിയാതിരുന്നതാണ് പൊലീസിനു വിനയായത്. ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് വനിതാസുഹൃത്തും മക്കളും അടുത്തകാലം വരെ താമസിച്ചിരുന്നത്.

അവിടെ പല്ലൻ ഷൈജുവെത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതിയത്. അവിടെ ഇല്ലെന്നു കണ്ട് നടത്തിയ തിരച്ചിലിൽ ഇതര സംസ്ഥാന റജിസ്ട്രേഷനുള്ള വാഹനം നിർത്തിയിട്ട വീട് കണ്ട് പൊലീസ് എത്തി. എന്നാൽ, നിമിഷ നേരത്തിൽ പല്ലൻ ഷൈജു രക്ഷപ്പെട്ടു. ഒരു മൊബൈൽ ഫോൺ പൊലീസിനു കിട്ടിയിട്ടുണ്ട്. ഗുണ്ടാലിസ്റ്റിൽപ്പെടുത്തി കാപ്പ ചുമത്തി തൃശൂരിൽ നിന്ന് നാടുകടത്തപ്പെട്ടയാണ് പല്ലൻ ഷൈജു.

സമൂഹ മാധ്യമങ്ങൾ വഴി പൊലീസിനെ ചീത്ത വിളിച്ച കേസിലും ഷൈജുവിനെതിരെ കേസുണ്ട്. തൃശൂർ പൊലീസിന്റെ ആവശ്യപ്രകാരം ബത്തേരി, അമ്പലവയൽ, നൂൽപുഴ സ്റ്റേഷനുകളിലെ പൊലീസുദ്യോഗസ്ഥർ സംഘം ചേർന്നാണ് പല്ലൻ ഷൈജുവിനെ പിടികൂടാനെത്തിയത്. ഒന്നര വർഷം മുൻപ് ജില്ലയിലെ ഒരു റിസോർട്ടിൽ നിന്ന് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങിയതാണ്.

പല്ലൻ ഷൈജുവിന് ഇടതുനേതാക്കളുടെ പിന്തുണ: കോൺഗ്രസ്

ബത്തേരി ∙ പല്ലൻ ഷൈജു 4 മാസത്തോളം കോളിയാടിയിൽ ഒളിവിൽ കഴിഞ്ഞത് ഇടതുമുന്നണിയുടെ പ്രാദേശിക നേതാക്കളുടെ പിന്തുണയോടെയാണെന്നു കോൺഗ്രസ് നെൻമേനി മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. പല്ലൻ ഷൈജുവിന്റെ സുഹൃത്തായ വനിത താമസിക്കുന്ന വീട് പ്രാദേശിക സിപിഐ നേതാവിന്റേതാണ്. വീട് നൽകാൻ ഇടനില നിന്നത് പ്രാദേശിക സിപിഎം നേതാവാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ഇവർക്കു ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം അന്വേഷിക്കണം.

ചുള്ളിയോട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുകയും കഴിഞ്ഞ ആഴ്ച പൊലീസ് പിടിയിലാവുകയും ചെയ്തത് ഡിവൈഎഫ്ഐ നേതാക്കളാണെന്നും യോഗം കുറ്റപ്പെടുത്തി. കെ.കെ. പോൾസൺ, സി.ടി. ചന്ദ്രൻ, റ്റിജി ചെറുതോട്ടിൽ, കെ.എം. വർഗീസ്, ആർ. ശ്രീനിവാസൻ, ജയ മുരളി, ഷാജി ചുള്ളിയോട്, രാജേഷ് നമ്പിച്ചാൻ കുടി, അനന്തൻ അമ്പലക്കുന്ന്, ജോർജ് കട്ടക്കയം, സ്ലീബ വെട്ടിക്കാട്ടിൽ, സുമേഷ് കോളിയാടി, ഗോപി കോളിയാടി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com