ADVERTISEMENT

പനമരം ∙ ടൗണിലെ നിരീക്ഷണ ക്യാമറകളുടെ മോണിറ്റർ പഞ്ചായത്തിലെ ഇടുങ്ങിയ മുറിയിൽ നിന്നു വിശാലമായ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ നടപടിയില്ല. ലഹരിക്കടത്ത്, മോഷണം, കൊലപാതകം, അപകടശേഷം നിർത്താതെ പോകുന്ന വാഹനങ്ങൾ അടക്കമുള്ളവയുടെ തെളിവുകൾ കണ്ടെത്താൻ പൊലീസ് പരക്കം പായുമ്പോഴാണു പൊലീസ് സ്റ്റേഷനിൽ ഇരിക്കേണ്ട മോണിറ്റർ ആരാലും ശ്രദ്ധിക്കപ്പെടാതെ പഞ്ചായത്തിന്റെ  സെർവർ റൂമിലെ ഇടുങ്ങിയ സ്ഥലത്തു പൊടിപിടിച്ചു കിടക്കുന്നത്. 

പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയാണെങ്കില്‍ നിരീക്ഷണവും കുറ്റകൃത്യങ്ങള്‍ തടയലും കൂടുതല്‍ കാര്യക്ഷമമാകുമെന്നു ഭരണസമിതിയിലെ ചില അംഗങ്ങള്‍ തന്നെ പറയുന്നു. 17 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ടൗണിലും പരിസരത്തുമായി സ്ഥാപിച്ച 20 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ ഭരണസമിതി നിരീക്ഷണ ക്യാമറകൾക്കായി ഫണ്ട് വകയിരുത്തുമ്പോൾ തന്നെ മോണിറ്ററും അനുബന്ധ ഉപകരണങ്ങളും പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കാൻ തീരുമാനമെടുത്തിരുന്നു.

എന്നാൽ, പുതിയ ഭരണസമിതി ക്യാമറകൾ സ്ഥാപിച്ച ശേഷം പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടമില്ലെന്ന കാരണം പറഞ്ഞ് മോണിറ്റർ പഞ്ചായത്ത് ഓഫിസിൽ സ്ഥാപിക്കുകയായിരുന്നു. കെട്ടിടം പണി പൂർത്തിയായാൽ മോണിറ്റർ സ്റ്റേഷനിലേക്ക് മാറ്റുമെന്ന് 2021ൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അറിയിച്ചിരുന്നതാണ്. എന്നാൽ ഒന്നരക്കോടി മുടക്കി ആധുനിക സൗകര്യത്തോടെ നിർമിച്ച പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് 7 മാസമായെങ്കിലും മോണിറ്റർ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. 

രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫിസിൽ മോണിറ്റർ വച്ചതുകൊണ്ട് കാര്യമില്ലെന്നതിനാല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റണമെന്നു തീരുമാനിച്ചെങ്കിലും നടപ്പിലായില്ല. ടൗണിലും പരിസരത്തും മാലിന്യം തള്ളലും നായ്ക്കളുടെ അഴുകിയ ജഡങ്ങൾ പുഴയിലൊഴുകിയതിനെ തുടർന്നുള്ള മനോരമ വാർത്തയെ തുടർന്നാണു കഴിഞ്ഞ ഭരണസമിതി നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ ഫണ്ട് വകയിരുത്തിയത്. എത്രയും പെട്ടെന്ന് മോണിറ്റർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി ക്യാമറ സ്ഥാപിച്ചതിന്റെ ഗുണം നാടിന് ഉണ്ടാകില്ലെന്ന് ഭരണസമിതിയംഗങ്ങൾ തന്നെ കുറ്റപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com