ADVERTISEMENT

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പോലും ആധുനിക ചികിത്സാ സംവിധാനങ്ങളിലേക്കും അടിസ്ഥാന സൗകര്യ വികസനത്തിലേക്കും മുന്നേറുമ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പദവിക്കൊത്ത സൗകര്യങ്ങളില്ല. കിലോമീറ്ററുകൾ താണ്ടി ചികിത്സ തേടി എത്തുന്ന പാവപ്പെട്ട രോഗികൾക്ക് അടിയന്തരമായി വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികാരികൾക്ക് കഴിയേണ്ടതില്ലേ എന്നാണ് രോഗികളുടെ ചോദ്യം. 

മാനന്തവാടി ∙ പ്രഖ്യാപനങ്ങളും ഉദ്ഘാടന മഹാമഹങ്ങളുമുണ്ടാക്കിയ വലിയ പ്രതീക്ഷകളോടെയാണു വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികൾ എത്തുന്നത്. എന്നാൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉള്ളത്ര രോഗീ സൗഹൃദ സംവിധാനങ്ങൾ പോലും ഇവിടെയില്ലന്നതാണു വസ്തുത. ആശുപത്രിക്കു സമീപത്തുള്ള എടവക, ബേഗൂർ തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആധുനിക ടോക്കൺ സംവിധാനത്തിലേക്കു മാറിയിട്ട് നാളുകൾ ഏറെയായി. കാലം മാറിയതും സാങ്കേതിക വിദ്യവളർന്നതും അറിയാത്ത പോലെയാണ് മെഡിക്കൽ കോളജിലെ അവസ്ഥ.

മെഡിക്കൽ കോളജിലെ ഒപി ടിക്കറ്റ് കൗണ്ടറിനു മുന്നിലെ തിരക്ക്.
മെഡിക്കൽ കോളജിലെ ഒപി ടിക്കറ്റ് കൗണ്ടറിനു മുന്നിലെ തിരക്ക്.

അതുകൊണ്ട് തന്നെ ചികിത്സക്കെത്തുന്നവർ കാത്തിരുന്നു കാത്തിരുന്ന് മടുക്കുകയാണ്. വികസന മുരടിപ്പിന്റെ പേരിൽ വിവാദങ്ങളിൽ നിറയുന്ന മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നാഷനൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കാലതാമസം വേണ്ടിവരും എന്നത് യാഥാർഥ്യമാണ്. എന്നാൽ കിലോമീറ്ററുകൾ താണ്ടി ചികിത്സ തേടി എത്തുന്ന പാവപ്പെട്ട രോഗികൾക്ക് അടിയന്തരമായി വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികാരികൾക്ക് കഴിയേണ്ടതില്ലേ എന്നാണ് രോഗികളുടെ ചോദ്യം.

എല്ലായിടത്തും നീണ്ട ക്യൂ!

തിങ്കളാഴ്ച മാത്രം 2,187 പേരാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയത്. ഇതിന് പുറമേയാണു കിടത്തി ചികിത്സിക്കുന്ന 159 രോഗികൾ. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഏറെ നേരം വരിനിന്നാലാണ് ഒപി ടിക്കറ്റ് ലഭിക്കുക. ഇൗ ക്യൂവിന്റെ നീളം പലപ്പോഴും ഒപി കൗണ്ടറും കഴിഞ്ഞു നീളും. പിന്നീട് ഒപികളിൽ ഡോക്ടർമാരെ കാണാനും ഇതേ കാത്തുനിൽപു തന്നെ വേണം.

മരുന്നു കിട്ടാൻ ഫാർമസിക്ക് മുന്നിലും പരിശോധനകൾക്കായി ലാബിന് മുന്നിലും കാത്തു നിൽക്കേണ്ടി വരുന്നത് മണിക്കൂറുകളാണ്. പ്രായമായ രോഗികൾക്ക് ഒന്നിരിക്കാൻ പോലും മതിയായ സൗകര്യങ്ങൾ ഇവിടെയില്ല. ഗൈനക് ഒപിയിൽ ലക്ഷ്യ പദ്ധതിയുടെ ഭാഗമായി ടോക്കൺ സംവിധാനം ഏർപ്പെടുത്തിയതു മാത്രമാണ് അപവാദം.

ആധുനിക സാങ്കേതിക രീതിയിലുള്ള ടോക്കൺ സംവിധാനം ഏർപ്പെടുത്തിയാൽ ഒപി ടിക്കറ്റിനും തുടർന്ന് ഡോക്ടറെ കാണുന്നതിനും പിന്നീട് ലാബിലും ഫാർമസിയിലും എല്ലാം ഉള്ള കാത്തുനിൽപ്പിനും അറുതി വരും. ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുന്നതോടെ നിലവിലെ പ്രതിസന്ധിക്കു ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അതിന് കാലതാമസം വരുമെന്നതിനാൽ അടിയന്തരമായി ഇരിപ്പിടം, കുടിവെള്ളം, ശുചിത്വമുള്ള ശുചിമുറികൾ എന്നിവയെങ്കിലും ഒരുക്കണമെന്നാണ് രോഗികളുടെ ആവശ്യം.

അത്യാവശ്യ മരുന്നുകളില്ലാതെ ഒരു ആശുപത്രി

മണിക്കൂറുകൾ വരി നിന്ന് മരുന്നു വാങ്ങാൻ കൗണ്ടറിലെത്തുമ്പോൾ മരുന്നില്ലെന്ന മറുപടി കേട്ട് നിരാശരായി മടങ്ങുകയാണ് രോഗികൾ. അത്യാവശ്യ മരുന്നുകൾ പോലും ഇല്ലാതായിട്ടു മാസങ്ങളായി. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്നു വലിയ വിലകൊടുത്ത് മരുന്നു വാങ്ങാൻ രോഗികൾ നിർബന്ധിതരാകുകയാണ്.

2023–24 വർഷത്തേക്കു 3.90 കോടിയോളം രൂപ വില വരുന്ന മരുന്നുകളാണ് ആവശ്യപ്പെട്ടത്. എന്നാൽ 24 ലക്ഷത്തോളം രൂപയുടെ മരുന്നുകളാണ് ആകെ ലഭിച്ചത്. സമീപകാലത്തൊന്നും മരുന്ന് ക്ഷാമം ഇത്ര രൂക്ഷമായിട്ടില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com