ADVERTISEMENT

ഗൂഡല്ലൂർ ∙ കോയമ്പത്തൂർ തടാകത്തിൽ നിന്നു പിടികൂടി മുതുമല വനത്തിൽ തുറന്നു വിട്ട വിനായകൻ എന്ന ആനയെ കർണാടക വനംവകുപ്പ് പിടികൂടി കൊട്ടിലിൽ തളച്ചു. ബന്ദിപ്പൂർ കടുവ സങ്കേതത്തിനു സമീപത്തുള്ള കുന്തക്കര വനത്തിനു സമീപത്ത് നിന്നാണ് കാട്ടാനയെ മയക്കു വെടിവച്ചു തളച്ചത്. ഈ പ്രദേശത്തെ ഗ്രാമങ്ങളിൽ നിരന്തര ശല്യമായതിനെ തുടർന്നാണ് ആനയെ കര്‍ണാടക വനംവകുപ്പ് മയക്കു വെടിവച്ച് തളച്ചത്. കോയമ്പത്തൂരിലെ തടാകം ഭാഗത്ത് മൂന്നു പേരെ ആക്രമിച്ചു കൊലപ്പെടുത്തുകയും വനത്തിലേക്കു കയറാതെ ഗ്രാമങ്ങളിൽ മേഞ്ഞു നടന്നിരുന്ന കാട്ടാനയാണു വിനായകൻ. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് 2018 ഡിസംബർ 19നു വിനായകനെ പിടികൂടി അന്നു തന്നെ മുതുമല വനത്തിൽ തുറന്നു വിട്ടു. വിനായകനെ മുതുമലയിൽ തുറന്നു വിടാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാർ അന്നു പ്രതിഷേധിച്ചിരുന്നു. ഒരു മാസത്തിനു ശേഷം വിനായകൻ നാട്ടിലെത്തി.

ശ്രീമധുര, മണ്ണുവയല്‍, കുനിൽ ഭാഗങ്ങളിൽ ‍വ്യാപക നാശനഷ്ടം വരുത്തി. നാട്ടുകാർ സമരം നടത്തുമ്പോൾ ആനയെ വനംവകുപ്പ് വനാതിർത്തിയിൽ നിന്നു കാട്ടിലേക്ക് തുരത്തും. എന്നാൽ രാത്രിയാകുമ്പോൾ വിനായകൻ നാട്ടിലെത്തി വീട് പൊളിച്ച് അരി തിന്നും. കുനിൽ ഭാഗത്ത് 100ൽ പരം തെങ്ങുകൾ മാത്രം ഈ ആന നശിപ്പിച്ചിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ചാണ് അന്ന് ആനയെ കാട്ടിൽ വിട്ടത്. പിന്നീട് റേഡിയോ കോളർ നഷ്ടപ്പെട്ടിരുന്നു. ബന്ദിപ്പൂരിലെ കുന്തക്കര വനത്തിൽ നിന്നും പിടികൂടിയ വിനായകനെ ബന്ദിപ്പൂരിലെ രാമപുര ആനപ്പന്തിയിലേക്കു മാറ്റി. നാട്ടിലിറങ്ങി വീട് പൊളിച്ച് അരി തിന്നു ശീലിച്ച കാട്ടാനയെ പിടികൂടി വീണ്ടും വനത്തിൽ തുറന്നു വിടുന്നതു ശരിയായ നടപടിയല്ലെന്നു ബന്ദിപ്പൂര്‍ കടുവ സങ്കേതം ജീവനക്കാർ പറഞ്ഞു.

വിനായകനെ പിടികൂടിയതോടെ മണ്ണുവയൽ, ശ്രീമധുര പ്രദേശങ്ങളിലെ നാട്ടുകാരുടെ ഭീതി അകന്നു. ഇതോടെ മുതുമല വനത്തില്‍ തുറന്നു വിട്ട കാട്ടാനകളെല്ലാം ആനപ്പന്തിയിലായി. തമിഴ്നാട് വനംവകുപ്പ് വനത്തിൽ തുറന്നു വിട്ട 4 ആനകളിൽ രണ്ടെണ്ണത്തിനെ കർണാടക വനംവകുപ്പ് പിടികൂടി ആനപ്പന്തിയിലേക്കു മാറ്റി. തമിഴ്നാട്ടിലെ ഓസൂരിൽ നിന്നും പിടികൂടി മുതുമല വനത്തിൽ തുറന്നു വിട്ട കാട്ടാന ബന്ദിപ്പൂരിന് സമീപം അംഗളയിൽ രണ്ടു പേരെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെ കർണാടക വനംവകുപ്പ് പിടികൂടി ആനപ്പന്തിയിലേക്ക് മാറ്റിയിരുന്നു. മൂന്നാമത്തെ ആന മുതുമല കടുവ സങ്കേതത്തില്‍ ചരിഞ്ഞു. മുതുമല വനത്തിൽ തുറന്നു വിട്ട നാലാമത്തെ മോഴ ആന ബത്തേരിയില്‍ എത്തിയതോടെ കേരള വനംവകുപ്പും പിടികൂടി ആനപ്പന്തിയിലേക്ക് മാറ്റി. വിനായകനെയും പിടികൂടിയതോടെ മുതുമല വനത്തിൽ തുറന്നു വിട്ട ആനകളെല്ലാം ആനപ്പന്തിയിലായി.

English Summary: Elephant named Vinayakan was released by Tamil Nadu and trapped by Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com