വീട്ടിൽ നിന്നിറങ്ങുന്ന നായ്ക്കൾ തിരിച്ചെത്തുന്നില്ല, കാവൽനായ്ക്കളെ അടിച്ചുമാറ്റുന്ന കള്ളന്മാർ സജീവം
Mail This Article
കൽപറ്റ ∙ വളർത്തുനായ്ക്കളെ മോഷ്ടിക്കുന്ന സംഘം ജില്ലയിൽ സജീവം. വൻ വില കൊടുത്തു വാങ്ങിയ ഒട്ടേറെ അരുമനായ്ക്കളെയാണ് അടുത്തിടെ വയനാട്ടിൽ പലയിടത്തു നിന്നായി കള്ളന്മാർ അടിച്ചുമാറ്റിയത്. മോഷ്ടാക്കളിൽ നിന്നു വീടു കാക്കാൻ വളർത്തുന്ന നായ്ക്കളെ വരെ മോഷ്ടിക്കുന്ന സ്ഥിതി! ആക്രമകാരികളല്ലാത്തതും വേഗം ഇണങ്ങുന്നതുമായ ഇനം നായ്ക്കളെയാണു കൂടുതലായും മോഷ്ടിക്കുന്നത്. ലാബ്രഡോർ ഇനത്തിൽപെട്ട നായ്ക്കളാണ് അപ്രത്യക്ഷമാകുന്നതിലേറെയും.
ഇതിനെ മനഃപൂർവം കൊണ്ടു പോകുന്നതാണെന്ന പരാതിയുമായി ഉടമകൾ രംഗത്തെത്തുന്നു. വൈകിട്ട് കൂട്ടിൽ നിന്നു വിടുമ്പോൾ പുറത്തു പോകുന്ന ലാബ്രഡോർ വീടിനു സമീപം ചുറ്റിക്കറങ്ങി അധികം താമസിയാതെ തിരികെയെത്തുന്ന ശീലക്കാരാണ്. ഇത്തരം നായ്ക്കളെ വളരെ എളുപ്പത്തിൽ വരുതിയിലാക്കാനും വാഹനത്തിൽ കൊണ്ടുപോകാനും കഴിയുമെന്ന് ഉടമകൾ പറയുന്നു. ലാബ്രഡോർ അപരിചിതരെപ്പോലും ആക്രമിക്കാറില്ലെന്നറിയുന്നവരാണു മോഷ്ടാക്കൾ. കഴിഞ്ഞ ദിവസം കമ്പളക്കാട് കരിങ്കുറ്റി വണ്ടിയാമ്പറ്റയിൽ നിന്നും 2 ആഴ്ച മുൻപ് തെക്കുംതറ ഭാഗത്തുനിന്നും ഈ ഇനത്തിലുള്ള നായ്ക്കളെ കാണാതായിരുന്നു.
ഒരു മാസം മുൻപു പനമരം ഭാഗത്തുനിന്നും പരാതി ഉണ്ടായി. ചില സ്ഥലങ്ങളിൽ നിന്നു പൂച്ചകളെയും ഇതേ രീതിയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. രോഗപ്രതിരോധ കുത്തിവയ്പ്പുകളെല്ലാമെടുത്ത് മികച്ച ഭക്ഷണവും പരിചരണവും നൽകി മക്കളെ പോലെ ഓമനിച്ചു വളർത്തുന്ന മൃഗങ്ങളെ നഷ്ടപ്പെടുന്നവർക്കു കുറച്ചു ദിവസം അന്വേഷിക്കുകയും ചിലപ്പോൾ പൊലീസിൽ പരാതിപ്പെടുകയും ചെയ്യുകയല്ലാതെ മറ്റൊരു വഴിയുമില്ല. മോഷ്ടിക്കുന്ന അരുമ മൃഗങ്ങളെ വൻ വിലയ്ക്കു മറിച്ചു വിൽക്കുകയാണെന്ന സംശയമാണ് ഉടമകൾക്ക്.
English Summary: A gang of pet dog thieves is active