അമ്പലവയൽ ∙ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ചാക്കിൽ കെട്ടി മാലിന്യങ്ങൾ തള്ളിയവരെ മാലിന്യങ്ങൾ തിരികെ എടുപ്പിച്ചു. നെല്ലാറച്ചാലിൽ കാരാപ്പുഴ പദ്ധതി പ്രദേശത്തു മാലിന്യം തള്ളിയവരെയാണു തിരികെ എടുപ്പിച്ചത്. പ്രദേശത്തു നാലിടങ്ങളിലായി മാലിന്യം തള്ളിയ കൽപറ്റ ജാംജൂം ഹൈപ്പർ മാർക്കറ്റ് ആണെന്നു കണ്ടെത്തിയ അധികൃതർ അവരെ കൊണ്ടു തിരിച്ചെടുപ്പിക്കുകയായിരുന്നു. ചാക്കിൽ തള്ളിയ മാലിന്യം പരിശോധിച്ചപ്പോൾ ജാംജൂം ഹൈപ്പർ മാർക്കറ്റിന്റെ ആണെന്നു കണ്ടെത്തിയിരുന്നു. മാലിന്യം തള്ളിയതിന് സൂപ്പർമാർക്കറ്റ് അധികൃതരിൽനിന്ന് 25,000 രൂപ പിഴ ഈടാക്കി. മാലിന്യമെത്തിച്ച ഇവരുടെ തന്നെ വാഹനത്തിന് 25,000 രൂപയും പിഴയും അടപ്പിച്ചു.
ആറാട്ടുപാറയിൽ മാലിന്യം തള്ളിയ മീനങ്ങാടി പത്തായം ബേക്കറി ആൻഡ് കോഫി ഷോപ്പിനു 10,000 രൂപയും പിഴ അടപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശങ്ങളിൽ മാലിന്യം തള്ളിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പഞ്ചായത്തിലെ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ ശക്തമായ പ്രവർത്തനം നടക്കുമ്പോഴാണ് ഈ സ്ഥാപനങ്ങൾ ചാക്കുകളിൽ മാലിന്യം തള്ളിയത്. നഗരസഭകളും പഞ്ചായത്തുകളും കുടിവെള്ളമായി ഉപയോഗിക്കുന്ന ഡാമിന്റെ പദ്ധതി പ്രദേശത്താണു പലയിടങ്ങളിലായി മാലിന്യം തള്ളിയത്.
നെല്ലാറച്ചാലിൽ തള്ളിയ മാലിന്യം തിരിച്ചെടുക്കാൻ എത്തിയപ്പോൾ പ്രദേശത്തെ ജനങ്ങൾ പ്രതിഷേധിച്ചു. അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, വൈസ് പ്രസിഡന്റ് കെ. ഷമീർ, സ്ഥിരംസമിതി അധ്യക്ഷരായ ജെസി ജോർജ്, ടി.ബി. സെനു, പഞ്ചായത്തംഗങ്ങളായ ആമിന, ഷൈനി ഉതുപ്പ് എന്നിവർ സ്ഥലത്തെത്തി നടപടികൾക്കു നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ്കുമാർ, ഉണ്ണിക്കണ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജഹാൻ, ഇമ്മാനുവൽ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് കെ.ജി. ബിജു, അക്കൗണ്ടന്റ് സന്തോഷ് എന്നിവർ പരിശോധനകൾ നടത്തി.