ADVERTISEMENT

മാനന്തവാടി ∙ അത്യാസന്ന നിലയിലായ രോഗികളുമായി 100 കിലോമീറ്ററോളം താണ്ടി കോഴിക്കോട്ടേക്കു മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു രോഗികളെ കൊണ്ടുപോകാൻ പലപ്പോഴും ആംബുലൻസുകൾ ലഭിക്കാറില്ല. സ്വകാര്യ ആംബുലൻസുകാർക്കു നൽകേണ്ട തുക നാളുകളായി കുടിശികയാണ്. ആശുപത്രിയിൽ നിലവിലുള്ള ആംബുലൻസുകൾ ഓടിത്തളർന്നവയാണ്. സൂപ്രണ്ട് ഓഫിസിൽ ഉപയോഗിച്ചിരുന്ന ജീപ്പ്, പാലിയേറ്റീവ് യൂണിറ്റ് ഹോം കെയറിന് ഉപയോഗിച്ച് വന്ന ആംബുലൻസ്, ഡെന്റൽ യൂണിറ്റിന്റെ മൊബൈൽ ആംബുലൻസ് എന്നിവ 15 വർഷം പിന്നിട്ടതിനാൽ നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇവയടക്കം ഒട്ടേറെ വാഹനങ്ങളാണു കാലങ്ങളായി കാടുമൂടി കിടക്കുന്നത്. ഇവയ്ക്കു പകരം പുതിയ വാഹനങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല.

വർഷങ്ങളായി പ്രവർത്തനം നിലച്ച പേ വാർഡ്.

ആശുപത്രി വളപ്പിനോട് ചേർന്നുള്ള സർക്കാർ സ്ഥാപനങ്ങളുടെ സ്ഥലം ആശുപത്രി വികസനത്തിനു വേണ്ടി ഏറ്റെടുക്കണമെന്ന നിർദേശത്തിനും ഏറെ നാളത്തെ പഴക്കമുണ്ട്. പഴയ എസ്എംഎസ് ഡിവൈഎസ്പി ഓഫിസ്, സബ് റജിസ്ട്രാർ ഓഫിസ്, മൃഗാശുപത്രി, ഡിഎംഒ ഓഫിസ്, ജിയുപി സ്കൂൾ എന്നിവ ഇതിനായി പരിഗണിച്ചിരുന്നു. ഡിഎംഒ ഓഫിസും സബ് റജിസ്ട്രാർ ഓഫിസും മൃഗാശുപത്രിയും നിലവിലെ താലൂക്ക് ഓഫിസ് പരിസരത്തേക്കും ജിയുപി സ്കൂൾ ജിവിഎച്ച്എസ്എസ് പരിസരത്തേക്കും മാറ്റി സ്ഥാപിക്കാം എന്നായിരുന്നു നിർദേശം. ഇക്കാര്യത്തിലും വകുപ്പുതല തീരുമാനം ഉണ്ടാകണം. ബോയ്സ് ടൗണിൽ മെഡിക്കൽ കോളജിനായി കണ്ടെത്തിയ സ്ഥലത്തു കെട്ടിടങ്ങൾ ഒരുക്കുന്നതിനു കാലതാമസം ഉണ്ടാകുമെന്നതിനാൽ അതുവരെ നിലവിലുള്ള സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

മെഡിക്കൽ കോളജിന് സമീപത്തു കാട് പിടിച്ചു കിടക്കുന്ന പഴയ എസ്എംഎസ് ഡിവൈഎസ്പി ഓഫിസ്.

കാൻസർ ചികിത്സാ വിഭാഗത്തിനായി നല്ലൂർനാട് ജില്ലാ കാൻസർ സെന്ററിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാകുമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. വർഷങ്ങളായി പ്രവർത്തനം നിലച്ച പേ വാർഡ് കെട്ടിടം ഇപ്പോൾ നവീകരണം നടന്നു വരികയാണ്. കെഎച്ച്ആർഡബ്ല്യുഎസ് ഇത് എത്രയും വേഗം പൂർത്തീകരിച്ച് രോഗികൾക്കായി തുറന്നു നൽകാനുള്ള ഒരുക്കത്തിലാണ്. ഇതിലേക്ക് ഫർണിച്ചർ‌ എത്തേണ്ടതുണ്ട്. ഇൗ മാസം അവസാനത്തോടെ പേവാർഡ് പ്രവർത്തനം തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. പാവപ്പെട്ട ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ മെഡിക്കൽ കോളജിന്റെ പരിമിതികൾ മറികടക്കാൻ അടിയന്തര ചികിത്സയാണ് ആവശ്യം. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടന്നു മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്താൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം.

English Summary: There is no ambulance to take patients from Wayanad Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com