ADVERTISEMENT

കൽപറ്റ ∙ അർഹരായ എല്ലാവർക്കും ഭൂമി, എല്ലാവർക്കും ഭൂരേഖകൾ എന്ന ലക്ഷ്യം അതിവേഗത്തിൽ മുന്നേറുകയാണെന്നു മന്ത്രി കെ. രാജൻ പറഞ്ഞു. ജില്ലയിലെ 2–ാം ഘട്ട പട്ടയവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ 2 വർഷം പിന്നിടുമ്പോൾ കേരളത്തിൽ ഒന്നേകാൽ ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. വയനാട്ടിൽ മാത്രം 3,984 പട്ടയങ്ങൾ വിതരണം ചെയ്യാനായി. അർഹരായവർക്കു ഭൂമി കണ്ടെത്തി നൽകുക എന്നതിനു പുറമേ അനർഹമായി ഭൂമി കൈവശം വച്ചിരിക്കുന്നവരിൽ നിന്നു ഭൂമി തിരിച്ചെടുക്കുകയെന്നതും സർക്കാരിന്റെ ലക്ഷ്യമാണ്.

സംസ്ഥാനത്ത് വില്ലേജ് ഓഫിസ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള ഓഫിസുകൾ നവംബർ ഒന്നുമുതൽ സാങ്കേതികമായി ബന്ധിപ്പിക്കുകയാണ്. സമ്പൂർണമായി ഡിജിറ്റിൽ ശൃംഖല വഴി ഒന്നിപ്പിക്കുന്നത് വഴി സേവനങ്ങൾക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് അവസാനിക്കും. കേരളം മുഴുവൻ ഡിജിറ്റലായി അളക്കുന്നതിനുള്ള ഡിജിറ്റൽ സർവേ സംസ്ഥാനത്ത് പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സബ് കലക്ടറുടെ പുതിയ ക്യാംപ് ഓഫിസ്, കലക്ടറേറ്റ് ഐപി ബേസ്ഡ് ഇന്റർകോം, ലാൻ നെറ്റ്‌വർക്, ടി. സിദ്ദീഖ് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നു വില്ലേജ് ഓഫിസുകൾക്ക് അനുവദിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിതരണം, കലക്ടറേറ്റ് കോൺഫറൻസ് ഹാൾ ഹൈബ്രിഡ് വിഡിയോ കോൺഫറൻസിങ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വിവിധ പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. ടി. സിദ്ദീഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ രേണുരാജ്, കൽപറ്റ നഗരസഭാ അധ്യക്ഷൻ മുജീബ് കേയംതൊടി, ഡിവിഷൻ കൗൺസിലർ ടി. മണി, എഡിഎം എൻ.ഐ. ഷാജു, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

4 മേളകൾ; 3,984 പേർക്ക് പട്ടയം 

2 വർഷത്തിനിടെ സംഘടിപ്പിച്ച 4 പട്ടയമേളകളിലൂടെ 3,984 പേർക്ക് പട്ടയം വിതരണം ചെയ്തതായി റവന്യൂ വകുപ്പ്. സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറ് ദിനത്തിൽ ജില്ലയിൽ 412 പട്ടയങ്ങളും 2–ാം നൂറുദിനത്തിൽ 1,566 പട്ടയങ്ങളും 2–ാം വാർഷികത്തോടനുബന്ധിച്ച് മാനന്തവാടിയിൽ നടന്ന പട്ടയമേളയിൽ 1,203 പട്ടയങ്ങളും വിതരണം ചെയ്തു. 

കൽപറ്റയിൽ നടന്ന രണ്ടാം ഘട്ട പട്ടയമേളയിൽ 803 പട്ടയങ്ങളാണു വിതരണം ചെയ്തത്. ജില്ലയിൽ പ്രത്യേക കേസുകളിലായി ഭൂരേഖകൾ ലഭ്യമല്ലാതിരുന്ന ഒട്ടേറെ പേർക്കാണ് ഇതോടെ പട്ടയം ലഭ്യമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com