ADVERTISEMENT

കൽപറ്റ ∙ കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരനായ ആഫ്രിക്കൻ പൗരനെ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം െബംഗളൂരുവിൽ നിന്നു പിടികൂടി. ഐവറി കോസ്റ്റ് സ്വദേശി ഡാനിയൽ എന്ന അബു ഡോംബിയയെയാണു (39) കഴിഞ്ഞദിവസം രാത്രിയോടെ ബെംഗളൂരു ശ്രീരാംപുരയിൽ നിന്നു പിടികൂടിയത്.

2022 നവംബറിൽ തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിൽ 106 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മലപ്പുറം സ്വദേശികളായ യുവാക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ലഹരിക്കടത്തിൽ പ്രതിക്കുള്ള പങ്കിനെ കുറിച്ച് വിവരങ്ങൾ ലഭ്യമായത്. 2022 നവംബറിൽ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം തിരുനെല്ലി പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിൽ പറമ്പിൽ പീടിക ചീരംകുളങ്ങര വീട്ടിൽ മുഹമ്മദ് ഉനൈസ് (31), വെണ്ണിയൂർ നെച്ചിക്കൽ വീട്ടിൽ ഹഫ്സീർ (25), വെണ്ണിയൂർ നല്ലൂർ വീട്ടിൽ മുഹമ്മദ് ഫാരിസ് (27) എന്നിവരാണു എംഡിഎംഎയുമായി പിടിയിലായത്.

ഇവരുടെ മൊഴി പ്രകാരം കൂട്ടുപ്രതിയായ പൂക്കിപറമ്പ ചത്തേരി വീട്ടിൽ ജുനൈസിനെയും (23) പിന്നീട് അറസ്റ്റ് ചെയ്തു. ജുനൈസിന്റെ മൊഴി പ്രകാരം ഇവർ എംഡിഎംഎ വാങ്ങിയത് ഒറ്റപ്പാലം സ്വദേശിയായ അനീസിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് അനീസിന്റെ ബെംഗളൂരുവിലെ താമസസ്ഥലത്തെത്തി പൊലീസ് അന്വേഷണം നടത്തിയതിൽ അനീസ് എംഡിഎംഎ വാങ്ങിയത് ആഫ്രിക്കൻ സ്വദേശി അബുവിൽ നിന്നാണെന്നും വ്യക്തമായി.

തുടർന്ന് പൊലീസ് അബുവിനെ പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ അനീസ് കടന്നുകളഞ്ഞു. തിരുനെല്ലി എസ്ഐ സി.ആർ. അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, പ്രജീഷ്, ജോബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതി അബു എംഡിഎംഎ നിർമിച്ച് വിൽപന നടത്തുന്നയാളാണെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി പദം സിങ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com