ADVERTISEMENT

കൽപറ്റ ∙ ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ പുതിയ നിർദേശങ്ങൾ സമർപ്പിച്ചിട്ടില്ലെന്ന് കിഫ. ബഫർസോണുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നു സംസ്ഥാനം അവകാശപ്പെടുമ്പോഴും 2022 ജൂൺ 3 ലെ ഇടക്കാല വിധിക്കും 2023 ഏപ്രിൽ 26 ലെ അന്തിമ വിധിക്കും ശേഷം കേരള സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നതായി കിഫ പിആർഒ പോൾ മാത്യൂസ്, ജില്ലാ പ്രസിഡന്റ് എം.കെ. കരുണാകരൻ എന്നിവർ പറഞ്ഞു. 

2022 ജൂൺ 3നു ശേഷം, ബഫർസോൺ പരിധിയിൽ വരുന്ന ജനവാസമേഖലകൾ ഒഴിവാക്കുന്നതിനുള്ള പുതിയ നിർദേശങ്ങളൊന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു ലഭിച്ചിട്ടില്ലെന്നാണു വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയത്.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും പരിസ്ഥിതി ലോല മേഖലയിൽ വരുന്ന നിർമിതിയുടെ കണക്കെടുക്കാൻ സംസ്ഥാന സർക്കാർ ഒട്ടേറെത്തവണ മാപ്പ് പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങളിൽ നിന്നു രേഖകൾ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടി മുടങ്ങി. 

ഒരു കിലോമീറ്റർ എന്ന രീതിയിൽ അടക്കം പരിസ്ഥിതി ലോല മേഖലകൾ അടിച്ചേൽപിക്കാൻ സാധ്യമല്ലെന്നും ഓരോ സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും സാഹചര്യങ്ങൾക്ക് അനുസരിച്ച് അതത് സംസ്ഥാന സർക്കാരുകൾക്കോ അതതു സങ്കേതങ്ങൾക്കോ പരിസ്ഥിതി ലോല മേഖലകൾ ആകാമെന്നും അതല്ല മറ്റെന്തെങ്കിലും പ്രത്യേക സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അത് എന്തുകൊണ്ടു സാധ്യമല്ലെന്നു കാര്യകാരണങ്ങൾ സഹിതം മന്ത്രാലയത്തെ ബോധിപ്പിച്ചാൽ അതിൽ ഇളവു നേടാമെന്നുമാണ് ഏപ്രിൽ 26ലെ അന്തിമ വിധിയിൽ പറയുന്നത്. എന്നിട്ടും പൂർണമായി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി പുതിയ നിർദേശങ്ങൾ സമർപ്പിക്കാത്തത്,  ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി വെളിവാക്കുന്നതാണെന്നും ഇവർ ആരോപിച്ചു. 

2022 ജൂൺ 3നു ശേഷം ബഫർസോൺ അതിർത്തിയുമായി ബന്ധപ്പെട്ട് കേരള സർക്കാർ പുതുക്കിയ നിർദേശങ്ങൾ കേന്ദ്രത്തിലേക്കു അയച്ചിട്ടുണ്ടെങ്കിൽ അതു പ്രസിദ്ധീകരിക്കുകയും അവ ജനത്തിന് ലഭ്യമാക്കുകയും ചെയ്യണം. 2022 ജൂൺ 3നു ശേഷം പുതിയ നിർദേശങ്ങൾ കേന്ദ്രത്തിലേക്കു അയച്ചിട്ടില്ലെങ്കിൽ നിലവിൽ ഓരോ സങ്കേതത്തിനും അയച്ചിരിക്കുന്ന മാപ്പുകളും അതിർത്തി രേഖകളും പുറത്തു വിടണം.

ബഫർസോൺ അതിർത്തി രേഖപ്പെടുത്തി ജനങ്ങൾക്ക്‌ പരിശോധിക്കാൻ അവസരം നൽകി, ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപെടുത്തിയിട്ടില്ലെന്നു  ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ ബഫർ സോണുകളുടെ അന്തിമ വിജ്ഞാപനം ഇറക്കാൻ കേന്ദ്രത്തോടു ശുപാർശ ചെയ്യാൻ പാടുള്ളൂവെന്നും ഇവർ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com