ADVERTISEMENT

ബേപ്പൂർ∙ വൈക്കം  മുഹമ്മദ് ബഷീറിന്റെ സ്മരണ പുതുക്കി ബേപ്പൂർ. ബഷീർ ചരമവാർഷികത്തിൽ എഴുത്തുകാരന്റെ ഓർമകൾക്കൊപ്പം സഞ്ചരിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സാഹിത്യലോകത്തെ പ്രമുഖർ വൈലാലിൽ വീട്ടിലെത്തി. വിദ്യാർഥികളും അധ്യാപകരും ബേപ്പൂർ സുൽത്താനെ സ്നേഹിക്കുന്ന സാധാരണക്കാരായ വായനക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ബഷീർ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞാണ് ചില സ്കൂളുകളിൽ നിന്നു വിദ്യാർഥികൾ എത്തിയത്. രാവിലെയായിരുന്നു അനുസ്മരണ പരിപാടിയെങ്കിലും, കോരിച്ചൊരിയുന്ന മഴയത്തും വൈകിട്ടു വരെ വൈലാലിലേക്ക് ആളുകൾ വന്നു കൊണ്ടേയിരുന്നു.വൈലാലിൽ സൂക്ഷിച്ചിരിക്കുന്ന ബഷീറിന്റെ ചാരുകസേരയും ഗ്രാമഫോണും പേനയും കണ്ണടയും എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളും നേരിൽ കണ്ടാണു പലരും മടങ്ങിയത്. 

അനുസ്മരണ സമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി കെ.പി.സുധീര അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ എം.എൻ.കാരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. ഷാഹിന ബഷീർ സ്പീക്കർക്ക് ഉപഹാരം സമ്മാനിച്ചു. എം.കെ.രാഘവൻ എംപി, അനീസ് ബഷീർ, വസീം മുഹമ്മദ് ബഷീർ, നസീം മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. ബഷീർ കഥകളെയും കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി ബേപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഒപ്പന അവതരിപ്പിച്ചു. മജിഷ്യൻ പ്രദീപ് ഹൂഡിനോയുടെ മാജിക് ഷോയും ഉണ്ടായിരുന്നു.

‘ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കിൽ ബഷീറും ജയിലിൽ’ 

ബേപ്പൂർ∙ ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ വൈക്കം മുഹമ്മദ് ബഷീർ ജീവിച്ചിരിപ്പുണ്ടെങ്കിൽ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നെന്നു സ്പീക്കർ എ.എൻ.ഷംസീർ. പ്രേമലേഖനം എന്ന കൃതി എഴുതിയതിനു ജയിലിൽ കിടന്ന ആളാണ് ബഷീർ. രാജ്യത്ത് പൗരത്വ ഭേദഗതി നിയമവും ഏക വ്യക്തിനിയമവും ഉൾപ്പെടെ നടപ്പാക്കാൻ ഒരുങ്ങുമ്പോൾ ബഷീറിനു തന്റെ നിലപാട് പറയാനുണ്ടാകും.

അത് എഴുത്തിലൂടെ ആവിഷ്കരിച്ചാൽ ജയിലിൽ നിന്നു പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ലെന്നും സ്പീക്കർ പറഞ്ഞു. പറയാനുള്ളത് കൂസലില്ലാതെ വെട്ടിത്തുറന്നു പറയുന്ന എഴുത്തുകാരനായിരുന്നു ബഷീർ. ഭരണകൂടത്തെ വിമർശിച്ച് ഒട്ടേറെ കഥകൾ എഴുതി. മനുഷ്യനു തിരിയുന്ന ഭാഷയിൽ എഴുതിയതാണു ബഷീറിനെ പ്രസിദ്ധനാക്കിയതെന്നും ഷംസീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com