പിതൃമോക്ഷം തേടി ആയിരങ്ങൾ; ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിന് വൻതിരക്ക് - ചിത്രങ്ങൾ

Mail This Article
മാനന്തവാടി ∙ കർക്കടക വാവുബലി ദിനത്തിൽ പിതൃമോക്ഷത്തിനു ബലിതർപ്പണം നടത്താൻ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങളെത്തി. ഈറനായെത്തിയ വിശ്വാസികൾ കൂവ ഇലയിൽ പൊതിഞ്ഞ എള്ളും ഇലയും അരിയും ചന്ദനവും തുളസിയുമായി പാപനാശിനിയിൽ മുങ്ങി വാധ്യാന്മാർ ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി. 7 തലമുറകൾക്ക് ബലിയിട്ട് പിതൃക്കളുടെ മോക്ഷത്തിനായി പ്രാർഥിച്ചു. ഞായർ ഉച്ചയോടെ തന്നെ ക്ഷേത്രവും പരിസരവും ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. പുലർച്ചെ 3 മുതൽ പാപനാശിനിക്കരയിൽ ബലിതർപ്പണം തുടങ്ങി. ചന്നംപിന്നം പെയ്ത മഴയെ അവഗണിച്ചും വിശ്വാസികൾ മണിക്കൂറുകൾ കാത്തുനിന്ന് ബലിതർപ്പണം നടത്തി. ക്ഷേത്രത്തിലെത്തിയവർക്ക് ദേവസ്വം രാത്രി അത്താഴവും രാവിലെ ലഘുഭക്ഷണവും സൗജന്യമായി നൽകി. സ്വകാര്യ, ടാക്സി വാഹനങ്ങൾ കാട്ടിക്കുളത്ത് തടഞ്ഞത് പ്രായമുള്ള ആളുകൾക്കും രോഗികൾക്കും പ്രയാസമുണ്ടാക്കി. കാട്ടിക്കുളത്ത് നിന്നു കെഎസ്ആർടിസി ബസുകളിലാണ് വിശ്വാസികളെ ക്ഷേത്രത്തിലേക്ക് എത്തിച്ചത്. ഇതര ജില്ലകളിൽ നിന്നും തിരുനെല്ലിയിലേക്ക് കെഎസ്ആർടിസി ബസുകൾ പ്രത്യേക സർവീസ് നടത്തി.

പാപനാശിനിക്കരയിൽ നടത്തിയ ബലിതർപ്പണത്തിന് കെ.കെ. ശ്രീധരൻ പോറ്റി, കെ.കെ. ശംഭു പോറ്റി, കെ. ദാമോദരൻ പോറ്റി, ശ്രീകുമാർ എൻ. പോറ്റി, ഡി.കെ. അച്യുത ശർമ, കെ.എൽ. ശങ്കരനാരായണ ശർമ, കെ.എൽ. രാധാകൃഷ്ണ ശർമ, ഗണേശൻ ഭട്ടതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി, എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ കെ.എൽ. രാമചന്ദ്ര ശർമ, അരിങ്ങോട് രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. ബലിതർപ്പണം ഉച്ചയ്ക്ക് ഒന്നു വരെ തുടർന്നു. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് മലബാർ ദേവസ്വം ബോർഡ് അസി. കമ്മിഷണർ എൻ.കെ. ബൈജു, എക്സി. ഓഫിസർ കെ.വി. നാരായണൻ നമ്പൂതിരി, പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സൗകര്യങ്ങൾ ഒരുക്കി.

പാപനാശിനിയുടെ കരയിൽ ഒരേ സമയം 300 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു. കൂടുതൽ വഴിപാട് കൗണ്ടറുകളും ബലിസാധന വിതരണ കൗണ്ടറുകളും തുറന്നത് വിശ്വാസികൾക്ക് ആശ്വാസമായി. പാപനാശിനിക്ക് സമീപം വിശ്വാസികളെ തടഞ്ഞ് ഘട്ടംഘട്ടമായി കടത്തിവിട്ടാണ് തിരക്ക് ഒഴിവാക്കിയത്. ദേവസ്വം, പൊലീസ്, വനം, ആരോഗ്യം, അഗ്നിരക്ഷാസേന എന്നിവയുടെ പ്രവർത്തനങ്ങൾ റവന്യു വകുപ്പ് സമഗ്രമായി ഏകോപിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് കലക്ടർ രേണുരാജ്, , സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, എഡിഎം എൻ.ഐ. ഷാജു എന്നിവർ തിരുനെല്ലിയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിൻ തിരുനെല്ലിയിൽ ക്യാംപ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മാനന്തവാടി ഡിവൈഎസ്പി പി.എൽ. ഷൈജു വിന്റെ നേതൃത്വത്തിൽ 4 സിഐമാരും 6 എസ്ഐമാരും അടക്കം 200 ഓളം പേരടങ്ങുന്ന പൊലീസ് സംഘമാണ് സുരക്ഷ ഒരുക്കിയത്.

ബത്തേരി∙പിതൃമോക്ഷം തേടി ബലിതർപ്പണമർപ്പിക്കാൻ പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിലേത്തിൽ ആയിരങ്ങളെത്തി. ക്ഷേത്രത്തോടു ചേർന്ന് പൊൻകുഴിപ്പുഴയോരത്ത് ഒരുക്കിയ ബലിത്തറ വഴി പിതൃതർപ്പണം നടത്തിയത് പതിനായിരത്തോളം പേർ. പുലർച്ചെ നാലിന് തുടങ്ങിയ തർപ്പണ കർമങ്ങൾ പകൽ പന്ത്രണ്ടര വരെ നീണ്ടു. മേഘങ്ങൾ മൂടിയ അന്തരീക്ഷത്തിലും മഴ മാറി നിന്നത് വിശ്വാസികൾക്ക് കൂടുതൽ സൗകര്യമായി. ഉച്ചയ്ക്ക് ശേഷം മഴ തകർത്തു പെയ്യുകയും ചെയ്തു. പുലർച്ചെ 4 മുതൽ തന്നെ ആളുകൾ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ബത്തേരിയിൽ നിന്ന് 20 കെഎസ്ആർടിസി ബസുകൾ പൊൻകുഴിയിലേക്ക് സർവീസ് നടത്തിയിരുന്നു.ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമായി 125 പൊലീസുകാരാണ് പൊൻകുഴിയിൽ ഡ്യൂട്ടിക്കുണ്ടായിരുന്നത്. പൊൻകുഴിപ്പുഴയിൽ കയറും വലയും കെട്ടി ജീവൻ രക്ഷാ ബോട്ടുകളുമായി അഗ്നിരക്ഷാ സേനയും സദാ ജാഗരൂകരായിരുന്നു.ആരോഗ്യ വകുപ്പിന്റെ സഹായവും ഭക്തർക്ക് ലഭിച്ചു. തഹസിൽദാർ കെ.വി. ഷാജിയുടെ നേതൃത്വത്തിൽ റവന്യു സംഘവും സ്ഥലത്ത് ക്യാംപ് ചെയ്തു. ക്ഷേത്രം മേൽശാന്തി ഗിരീഷ് അയ്യരാണ് ബലിതർപ്പണ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. ഒരേ സമയം 500 പേർ വീതമാണ് ബലിയിട്ടത്. സേവാഭാരതി ലഘുഭക്ഷണവും സത്യസായി സേവാ സമിതി ചുക്കുകാപ്പിയും വിതരണം ചെയ്തു.
മാനന്തവാടി∙ വാടേരി ശിവക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വള്ളിയൂർക്കാവ് കടവിൽ നടത്തിയ ബലിതർപ്പണത്തിന് കുറിച്യമൂല പ്രവീൺ അഡിഗ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സൻ, വൈസ് പ്രസിഡന്റ് വി.ആർ. മണി, ജനറൽ സെക്രട്ടറി സി.കെ. ശ്രീധരൻ, എം.വി. സുരേന്ദ്രൻ, പി.പി. സുരേഷ്‌കുമാർ, എ.കെ. സുദർശനാനന്ദൻ, കെ.സി. ശശിധരൻ, കെ.എം. പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി. അഗ്രഹാരം ശിവ ക്ഷേത്ര പരിസരത്തെ കബനീനദിയിലെ വിഷ്ണു പാദത്തിങ്കൽ നടന്ന പിതൃതർപ്പണ ചടങ്ങുകൾക്ക് താഴയങ്ങാടി മാരിയമ്മൻ കോവിലിലെ മേൽശാന്തി എ. അരുൺ കാർമികത്വം വഹിച്ചു.
കാവശ്ശേരി രാമമൂർത്തി, ലക്ഷ്മി നാരായണൻ, വെങ്കിടേശ്വര അയ്യർ എന്നിവർ നേതൃത്വം നൽകി.
ഗൂഡല്ലൂർ∙ പന്തല്ലൂരിനടുത്ത് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുള്ള പൊന്നാനി പുഴയിൽ നടന്ന കർക്കടക വാവ് ബലിതർപ്പണ ചടങ്ങിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു . സ്വാമി മനോഹരൻ നേതൃത്വം നൽകി.
ഗതാഗതനിയന്ത്രണം ഒഴിവാക്കും
തിരുനെല്ലി ∙ കാട്ടിക്കുളത്ത് സ്വകാര്യ ടാക്സി വാഹനങ്ങൾ തടഞ്ഞുള്ള ഗതാഗതനിയന്ത്രണം അടുത്ത കർക്കടക വാവിന് ഒഴിവാക്കുമെന്നു ദേവസ്വം അധികൃതർ. ദൂരസ്ഥലങ്ങളിൽ നിന്ന് സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്ക് നിലവിലെ ക്രമീകരണം ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രായമായവരും രോഗികളും വാഹനം മാറി കയറി ക്ഷേത്രത്തിലെത്താൻ പാടുപെടുകയാണ്. ഇൗ സാഹചര്യത്തിൽ അടുത്ത കർക്കടക വാവിനു മുൻപ് മതിയായ പാർക്കിങ് സൗകര്യം ഒരുക്കുമെന്നു മലബാർ ദേവസ്വം ബോർഡ് അസി. കമ്മിഷണർ എൻ.കെ. ബൈജു, എക്സി. ഓഫിസർ കെ.വി. നാരായണൻ നമ്പൂതിരി, പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, മാനേജർ പി.കെ. പ്രേമചന്ദ്രൻ
എന്നിവർ പറഞ്ഞു. ചുക്കുകാപ്പി വിതരണം നടത്തി
തിരുനെല്ലി ∙ കർക്കടക വാവുബലിയോടനുബന്ധിച്ച് സേവാഭാരതി തിരുനെല്ലി യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷവും സൗജന്യ ചുക്കുകാപ്പി വിതരണം നടത്തി. കെ.പി. രാജേഷ്, വി. ശ്രീജീവൻ, കെ. പ്രകാശൻ, പി.ജി. സന്തോഷ്‌കുമാർ, പി.കെ. വാസുദേവൻ ഉണ്ണി, കെ.കെ. പ്രസാദ് എന്നിവർ നേതൃത്വം നൽകി.