ADVERTISEMENT

കൽപറ്റ ∙ അരിവാൾ രോഗികളോടു സർക്കാരിന്റെ കടുത്ത അവഗണന. ഒൗദ്യോഗിക കണക്കുകൾ പ്രകാരം ജില്ലയിൽ 1,080 അരിവാൾ രോഗികളാണുള്ളത്. ഇവരിൽ ജനറൽ വിഭാഗത്തിലെ 189 രോഗികളുടെ പെൻഷൻ പൂർണമായും മുടങ്ങിയിട്ട് 9 മാസമായി. എസ്ടി വിഭാഗക്കാർക്കു കൃത്യമായി പെൻഷൻ വിതരണം നടക്കുന്നുമില്ല. ജനറൽ വിഭാഗത്തിനു 2,000 രൂപയും എസ്ടി വിഭാഗത്തിനു 2,500 രൂപയുമാണു പ്രതിമാസ പെൻഷൻ. 

പൊതുവിഭാഗത്തിലുള്ളവർക്കു സാമൂഹിക സുരക്ഷാ മിഷൻ സമാശ്വാസ് - 4 പദ്ധതിയിലാണു പെൻഷൻ അനുവദിക്കുന്നത്. പട്ടികജാതി - പട്ടികവർഗ ഡയറക്ടറേറ്റാണ് ഗോത്രവിഭാഗം രോഗികൾക്കു പെൻഷൻ നൽകുന്നത്. പൊതുവിഭാഗത്തിലെ രോഗികളിൽ നിന്നു സാമൂഹിക സുരക്ഷാമിഷൻ 2020നു ശേഷം പെൻഷൻ അപേക്ഷ സ്വീകരിക്കുന്നില്ലെന്നും രോഗികൾ പരാതിപ്പെടുന്നു. വലിയ കായികാധ്വാനം അരിവാൾ രോഗബാധിതർക്കു സാധ്യമല്ല. പ്രതിരോധശേഷി വർധിപ്പിക്കാൻ പാൽ, മുട്ട എന്നിവ കഴിക്കണം. മരുന്നു മുടങ്ങാൻ പാടില്ല. യഥാസമയത്തു ചികിത്സയും പോഷകാഹാരവും കിട്ടാതായതോടെ പലരും രോഗാവസ്ഥയിലായി. പെൻഷനെങ്കിലും മുടങ്ങാതെ നൽകണമെന്നാണ് അരിവാൾ രോഗികളുടെ ആവശ്യം.

ജില്ലയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കണം 

ഏറെ സങ്കീർണതകളുള്ള ഇൗ രോഗത്തിനു മതിയായ ചികിത്സാ സൗകര്യം ഒരുക്കാൻ ഇനിയും അധികൃതർക്കു കഴിഞ്ഞിട്ടില്ല. ബത്തേരി താലൂക്ക് ആശുപത്രിയിൽ അരിവാൾ രോഗികൾക്കായി പ്രത്യേക വാർഡ് 2010ൽ പ്രഖ്യാപിച്ചിരുന്നു. കുറച്ചു കാലം പ്രവർത്തിച്ചെങ്കിലും പിന്നീടു നിലച്ചു. മാനന്തവാടി ‌‌ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ അരിവാൾ രോഗികൾക്കായി സ്ത്രീ, പുരുഷ വാർഡുകളുണ്ടെങ്കിലും രോഗികൾക്കു ഉപകാരപ്രദമല്ലെന്ന് ആക്ഷേപമുണ്ട്.

ആശുപത്രി കെട്ടിടത്തിന്റെ മുകൾനിലയിലായി കഴിഞ്ഞ മാർച്ചിലാണു നവീകരിച്ച വാർഡുകൾ രോഗികൾക്കായി തുറന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം ലഭ്യമായ അരിവാൾ കോശ രോഗനിർണയത്തിന്റെ ആധുനിക പരിശോധനാ സംവിധാനം എച്ച്പിഎൽസി (ഹൈ പെർഫോമൻസ് ലിക്വിഡ് ക്രൊമാറ്റോഗ്രഫി) മെഷീൻ വഴി ഇവിടെ സാധ്യമാക്കുമെന്നും അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നു രോഗികൾ പറയുന്നു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കടുത്ത വേദനയിലും കോണിപ്പടികൾ കയറിവേണം രോഗികൾക്കു ഇൗ വാർഡുകളിലേക്കെത്താൻ. ഇതു രോഗികളുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. ഡോക്ടറുടെ സേവനം ലഭിക്കുന്നുണ്ടെങ്കിലും ആധുനിക ചികിത്സാ സൗകര്യം ലഭ്യമല്ല. രക്തം മാറ്റേണ്ട സാഹചര്യമുണ്ടായാൽ രോഗികളെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണം. ആശുപത്രി വളപ്പിലെ പുതിയ കെട്ടിടത്തിൽ താഴത്തെ നിലയിൽ ആവശ്യമായ സൗകര്യങ്ങളോടെ വാർഡ് സജ്ജീകരിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും അധികൃതർ അവഗണിക്കുകയാണെന്ന് രോഗികൾ പറയുന്നു. ചികിത്സ പൂർണമായും സൗജന്യമാക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. 

ഗവേഷണ കേന്ദ്രം എവിടെ ? 

അരിവാൾ രോഗികൾക്കു ആധുനിക നിലവാരത്തിലുള്ള ചികിത്സ ജില്ലയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നാം പിണറായി സർക്കാർ 2021ൽ തവിഞ്ഞാൽ പഞ്ചായത്തിൽ പ്രഖ്യാപിച്ച കോംപ്രിഹെൻസീവ് ഹിമോഗ്ലോബിനോപതി റിസർച് ആൻഡ് കെയർ സെന്ററിന്റെ നിർമാണം എങ്ങുമെത്തിയിട്ടില്ല. അരിവാൾ രോഗികളുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിലാണു  സെന്റർ‍ പ്രഖ്യാപിച്ചത്. ബജറ്റിൽ 30 കോടി രൂപ അനുവദിക്കുകയും ചെയ്തു.

തുടർന്ന് അന്നത്തെ നാഷനൽ ഹെൽത്ത്‌ മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കറിന്റെ നേതൃത്വത്തിൽ വിശദ പദ്ധതിരേഖ സർക്കാരിനു സമർപ്പിക്കുകയും 2021 ഫെബ്രുവരി 14ന് അന്നത്തെ മന്ത്രി കെ.കെ. ശൈലജ സെന്ററിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. എന്നാൽ, പിന്നീട് അധികൃതർ അങ്ങോട്ടേക്കു തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് അരിവാൾ രോഗികൾ പരാതിപ്പെടുന്നു. നിലവിൽ സ്ഥലം കാടുമൂടി. 

അവഗണന അവസാനിപ്പിക്കണം; സിക്കിൾസെൽ അനീമിയ  പേഷ്യന്റ്സ് അസോസിയേഷൻ 

അരിവാൾ രോഗികളുടെ മുടങ്ങി കിടക്കുന്ന പെൻഷൻ  ഉടൻ വിതരണം ചെയ്യണമെന്നും ജില്ലയിൽ ആധുനികാ ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നും സിക്കിൾസെൽ അനീമിയ പേഷ്യന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.ആർ.അനീഷ്, സെക്രട്ടറി സി.ഡി.സരസ്വതി എന്നിവർ ആവശ്യപ്പെട്ടു. അരിവാൾ രോഗികൾക്കായി തവിഞ്ഞാൽ പഞ്ചായത്തിൽ പ്രഖ്യാപിച്ച കോംപ്രിഹെൻസീവ് ഹിമോഗ്ലോബിനോപതി റിസർച് ആൻഡ് കെയർ സെന്റർ ഉടൻ യാഥാർഥ്യമാക്കണം.

സെന്റർ യാഥാർഥ്യമാകും വരെ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അരിവാൾ രോഗികൾക്കായി പ്രത്യേക യൂണിറ്റ് ആരംഭിക്കണം.2014ൽ ചിറ്റയം ഗോപകുമാർ അധ്യക്ഷനായ നിയമസഭാ സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ ഉടൻ നടപ്പാക്കണം. അരിവാൾ രോഗികളെ 40 ശതമാനത്തിലധികം ശേഷിക്കുറവുള്ളവരായി കണക്കാക്കി സ്ഥിരം യുഡിഐഡി കാർഡ് അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com