ADVERTISEMENT

കൽപറ്റ ∙ അരിവാൾ രോഗികളുടെ മുടങ്ങിയ പെൻഷൻ വിതരണം അടക്കമുള്ള പ്രശ്നങ്ങളിൽ ഇടപെട്ട് ജില്ലാ ഭരണകൂടം. അരിവാൾ രോഗികളുടെ ആരോഗ്യപരവും സാമൂഹികവും തൊഴിൽപരവുമായ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അരിവാൾ രോഗികളുടെ ക്ഷേമത്തിനു കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കുമെന്നും കലക്ടർ രേണു രാജ് പറഞ്ഞു. അരിവാൾ രോഗികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനായി ജില്ലാ ഭരണകൂടം, കേരള സാമൂഹിക സുരക്ഷാ മിഷൻ-സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് എന്നിവർ ചേർന്നു ശിൽപശാല സംഘടിപ്പിച്ചു. 

രോഗബാധിതർക്കായി ജില്ലയിലെ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികൾ ശിൽപശാലയിൽ ചർച്ച ചെയ്തു. രോഗികളുടെ ആരോഗ്യം, തൊഴിൽ, മറ്റു ആനുകൂല്യങ്ങൾ എന്നിവ ഉറപ്പുവരുത്തും.  രോഗികൾ, രോഗവാഹകർ എന്നിങ്ങനെ തരംതിരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ റജിസ്റ്റർ ഉണ്ടാക്കണമെന്നു നിർദേശം നൽകി. ജില്ലയിൽ നിലവിൽ 1080 അരിവാൾ രോഗികളാണ് ആരോഗ്യവകുപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 612 പേർ പട്ടികവർഗക്കാരാണ്. ഇവർക്ക് സൗജന്യ ചികിത്സയോടൊപ്പം പ്രതിമാസം 2500 രൂപ പെൻഷൻ നൽകുന്നുണ്ട്. വൈത്തിരി താലൂക്കിലെ 120 രോഗികളിൽ 35 പേർക്ക് ജൂൺ വരെയും 85 പേർക്ക് മേയ് വരെയും പെൻഷൻ നൽകി. ബത്തേരി താലൂക്കിലെ 341 രോഗികളിൽ 206 പേർക്ക് ജൂലൈ വരെയും 135 പേർക്ക് ജൂൺ വരെയും പെൻഷൻ നൽകി. 

മാനന്തവാടി താലൂക്കിലെ 152 രോഗികൾക്ക് ജൂൺ വരെയുള്ള പെൻഷൻ നൽകി. മറ്റു വിഭാഗത്തിലെ പെൻഷൻ കുടിശികയുള്ള രോഗികൾക്ക് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പെൻഷൻ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. സിക്കിൾ സെൽ അനീമിയ സർട്ടിഫിക്കറ്റുള്ള രോഗികളെ തരം തിരിവുകളില്ലാതെ ഭിന്നശേഷി പട്ടികയിൽ പരിഗണിക്കുന്നതിനായി സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് ശുപാർശ നൽകാനും നിർദേശിച്ചു.  ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം രോഗികളെയും ഉൾപ്പെടുത്തി 2–ാം ഘട്ട ശിൽപശാല അടുത്ത മാസം നടത്തും. ശിൽപശാല കലക്ടർ രേണുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എസ്. സഹീറുദ്ദീൻ വിഷയാവതരണം നടത്തി. എഡിഎം എൻ.ഐ. ഷാജു, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫിസർമാർ, രോഗബാധിതരുടെ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com