ഓണത്തിനായി കർണാടകയിൽ ഇഞ്ചി വിളവെടുപ്പ് സജീവം
Mail This Article
പുൽപള്ളി ∙ കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് കർണാടകയിൽ ഇഞ്ചി വിളവെടുപ്പ് സജീവമായി. ദിവസവും ധാരാളം ലോഡ് ഇഞ്ചി കേരളത്തിലേക്ക് കയറുന്നുണ്ട്. വില ഉയർന്നതിനാൽ ഇളയിഞ്ചിക്കാണ് ഡിമാന്റ്. മൂത്തതും പഴയതുമായ ഇഞ്ചി 60 കിലോചാക്കിന് 10,500 രൂപ വിലയുള്ളപ്പോൾ അതിനോടൊപ്പമുള്ള ഇളയിഞ്ചിക്ക് 3,500 രൂപയാണു കൃഷിയിടത്തിലെ വില. ഇക്കൊല്ലം നട്ട പുതിയ ഇഞ്ചിയും വിപണിയിലെത്തിതുടങ്ങി. മഴക്കുറവിനെ തുടർന്ന് പലേടത്തും പുതിയ ഇഞ്ചി വിളവെടുക്കുന്നവരുണ്ട്. അതിന് ചാക്കിന് 4000 രൂപയായിരുന്നു ഇന്നലെ സർഗൂരിലെ വില.
ഏറെക്കാലത്തിനു ശേഷം ഇക്കൊല്ലം ഇഞ്ചിവില സർവകാല റിക്കാർഡിലെത്തി. ഏതാനും ദിവസം 13,000 രൂപ വിലയുണ്ടായിരുന്നു. പിന്നീട് വിലതാഴ്ന്നു. കഴിഞ്ഞ വർഷം ഈ സമയത്തെ വില 2,000 രൂപയായിരുന്നു. പഴയ ഇഞ്ചി ഉത്തരേന്ത്യയിലേക്കാണ് കയറുന്നത്. പുതിയ ഇഞ്ചി ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാറില്ല. ദിവസങ്ങൾക്കം കേടാകുമെന്നതാണ് കാരണം. വില താങ്ങാനാവാത്തതിനാൽ കേരള വിപണിയിലെ വ്യാപാരികൾ പുതിയ ഇഞ്ചി മാത്രമെടുക്കുന്നു. ഇപ്പോൾ വിളവെടുക്കുന്ന ഇഞ്ചി രണ്ടുവിധത്തിൽ തരംതിരിക്കും. പുതിയത് കേരളത്തിലേക്കും പഴയത് ഉത്തരേന്ത്യയിലേക്കും.
മൈസൂറു ജില്ലയിലെ സർഗൂർ, ഉല്ലള്ളി, ഗദ്ദിക, ഹാൻഡ്പോസ്റ്റ് എന്നിവിടങ്ങളിലാണ് പഴയ ഇഞ്ചി കാര്യമായുള്ളത്. ശിവ്മൊഗ്ഗ, ഹുൺസൂർ എന്നിവിടങ്ങളിലെ പുതിയ ഇഞ്ചി കഴിഞ്ഞ ദിവസങ്ങളിൽ വിളവെടുത്തു. ഇക്കൊല്ലത്തെ മഴക്കുറവ് ഇഞ്ചിയടക്കമുള്ളവയുടെ കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാര്യമായ ഉദ്പാദനക്കുറുവുണ്ടായേക്കുമെന്നു പറയുന്നു. പകൽ ചൂടേറിയതോടെ കാലത്തും വൈകിട്ടും ഇഞ്ചി നനയ്ക്കേണ്ടി വരുന്നു. എന്നാൽ പലേടത്തും കുഴൽകിണറുകളിൽ വേഗത്തിൽ വെള്ളം വറ്റുന്നു. വളർച്ച മുരടിച്ചതോടെയാണ് പലരും പുതിയ ഇഞ്ചിയിലും കൈവച്ചത്.