സുരക്ഷയൊരുക്കാതെ ട്രെക്കിങ്; കത്തിയും വടിയുമായി ഗൈഡുമാർ, വനം കാക്കാൻ ജീവൻ പണയം വച്ച് വനംവകുപ്പ് വാച്ചർമാർ

Mail This Article
വെള്ളമുണ്ട ∙ വനത്തിൽ ട്രെക്കിങ്ങിനു പോകുന്ന സഞ്ചാരികളുടെയും ഗൈഡുകളുടെയും യാത്ര യാതൊരു സുരക്ഷയുമില്ലാതെ. വഴികാട്ടിയായി പോകുന്ന ഗൈഡുകൾക്ക് വനം വകുപ്പ് ആകെ നൽകുന്നത് ഒരു ബൂട്ടും യൂണിഫോമും മാത്രം. കൈയിൽ കരുതുന്ന കത്തിയും വടിയുമാണ് ആകെ സുരക്ഷയ്ക്കുള്ളത്. ജീവൻ പണയം വച്ചാണു സഞ്ചാരികളും ജീവനക്കാരും കാടു കയറുന്നത്. തങ്കച്ചന്റെ മരണത്തോടെ നോർത്ത് വയനാട് ഡിവിഷൻ പരിധിയിൽ ഈ വർഷം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 2 ആയി.
തൊണ്ടർനാട് പഞ്ചായത്തിലെ പുതുശ്ശേരിയിൽ ഇക്കഴിഞ്ഞ ജനുവരിയിൽ കടുവയുടെ ആക്രമണത്തിൽ പള്ളിപ്പുറത്ത് തോമസ് കൊല്ലപ്പെട്ടിരുന്നു. വനത്തിനുള്ളിൽ മൃഗങ്ങളുടെ ആക്രമണത്തിൽ വനപാലകർക്കു ഗുരുതര പരുക്കേൽക്കുന്നതു പതിവാണ്. 3 വർഷം മുൻപ് ചെതലയത്തു നരഭോജി കടുവയെ തുരത്താനിറങ്ങിയ റേഞ്ച് ഓഫിസർ ടി. ശശികുമാർ, ഡ്രൈവർ മാനുവൽ ജോർജ്, വാച്ചർ ബിജേഷ് എന്നിവർക്കു പരുക്കേറ്റു.
മുത്തങ്ങയിലെ ആനിമൽ റെസ്ക്യു ടീം അംഗമായിരുന്ന വനംവകുപ്പ് വാച്ചര്‍ മുക്കം കൽപൂർ സ്വദേശി കെ.ടി.ഹുസൈൻ കഴിഞ്ഞ സെപ്റ്റംബറിൽ തൃശൂർ പാലപ്പിള്ളിയിൽ കാട്ടാനകളെ തുരത്തുന്നതിനിടെ പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചു. മുത്തങ്ങയിൽനിന്നുള്ള കുങ്കിയാനകൾക്കൊപ്പമാണ് ഹുസൈൻ ഉൾപ്പെടെയുള്ള 12 അംഗം സംഘം പാലപ്പിള്ളിയിലെത്തിയത്. 6 മാസം മുൻപ് മുത്തങ്ങ റേഞ്ചിലെ വാച്ചറായ ഓടക്കൊല്ലി കോളനിയിലെ മാരനെ കാട്ടിനുള്ളിൽ കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു.