ADVERTISEMENT

പുൽപള്ളി ∙ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന ടൗണിലെ രാജീവ് ഭവന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം തെരുവിലേക്ക്. ഏറെക്കാലമായി കോൺഗ്രസിലുള്ള വിഭാഗീയതയും ഗ്രൂപ്പിസവുമാണു കഴിഞ്ഞ ദിവസങ്ങളിൽ മറനീക്കി പുറത്തുവന്നത്. ജില്ലയിൽ കോൺഗ്രസിന്റെ കോട്ടയെന്നു വിശേഷിപ്പിക്കുന്ന മേഖല പാർട്ടി സമൂഹമാധ്യമങ്ങളി‍ൽ അവമതിക്കപ്പെടുന്നെന്ന പ്രയാസത്തിലാണു സാധാരണ പ്രവർത്തകർ.

ഭൂമി വിവാദത്തിൽ ഇരുപക്ഷവും കച്ചകെട്ടി രംഗത്തിറങ്ങിയപ്പോഴും നേതൃത്വം മൗനം പാലിക്കുകയാണെന്നും ആരോപണവുമുയരുന്നുണ്ട്. ദേവസ്വം മാനേജറായിരുന്ന കുപ്പത്തോട് മാധവൻ നായരിൽ നിന്നു പാർട്ടിക്കായി വാങ്ങിയ 6 സെന്റ് സ്ഥലത്തിന് 1994ൽ അമ്പലവയൽ ലാൻഡ് ട്രിബ്യൂണലിൽ നിന്നു കെ.എൽ. പൗലോസിന്റെ പേരിൽ പട്ടയം ലഭിച്ചിരുന്നു. ഇതിലാണ് ഇരുനില കെട്ടിടമുണ്ടാക്കി രാജീവ് ഭവൻ എന്നു പേരിട്ടത്.

പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും സഹായത്തോടെ നിർമിച്ച കെട്ടിടവും സ്ഥലവും പൗലോസ് സ്വന്തം പേരിലാക്കിയെന്നാണ് എതിർചേരിയുടെ ആരോപണം. 2004ലും ഇതുസംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതിനിടെ, 3 സെന്റ് സ്ഥലം ഉടമ രണ്ടുപേർക്കു കൈമാറി. പാർട്ടി മണ്ഡലം കമ്മിറ്റി പലവട്ടം ആവശ്യപ്പെട്ടിട്ടും സ്ഥലവും കെട്ടിടവും പാർട്ടിയുടെ പേരിലേക്കു മാറ്റാൻ കെ.എൽ. പൗലോസ് തയാറായില്ലെന്നും അക്കാലത്ത് ഇതുമായി ഒരു ബന്ധവുമില്ലാത്ത ചിലർ ഇപ്പോൾ നേതാവിനെ വെള്ളപൂശാനിറങ്ങിയിരിക്കുകയാണെന്നും

ഒരുവിഭാഗം ഭാരവാഹികൾ ആരോപിച്ചു. ഭൂമി തിരികെയേൽപ്പിക്കാൻ തയാറാവാത്ത പക്ഷം വിറ്റ സ്ഥലത്ത് കൊടി നാട്ടുമെന്നും കെ.എൽ. പൗലോസിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും മുന്നറിയിപ്പു നൽകി. പി.എൻ.ശിവൻ അധ്യക്ഷത വഹിച്ചു. സി.പി.ജോയി, പി.ആർ.ബേബി സുകുമാരൻ, കെ.സി.ജേക്കബ്, കെ.വി.ക്ലീറ്റസ് എന്നിവർ പ്രസംഗിച്ചു.

കെ.എൽ. പൗലോസിനെതിരെ കെപിസിസിക്കു പരാതി 

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനു വേണ്ടി കോൺഗ്രസ് പ്രവർത്തകർ സമാഹരിച്ച തുക കൊണ്ടു വാങ്ങിയ സ്ഥലവും അതിൽ നിർമിച്ച കെട്ടിടവും കെ.എൽ.പൗലോസ് സ്വകാര്യ സ്വത്താക്കിയെന്നു കാണിച്ചു പരാതി നിർവാഹക സമിതി അംഗവും മണ്ഡലം സെക്രട്ടറിയുമായ ബേബി സുകുമാരൻ കെപിസിസി പ്രസിഡന്റിന് പരാതി നൽകി.

കോൺഗ്രസ് പ്രവർത്തകർ തുക സമാഹരിച്ചാണു 6 സെന്റ് വാങ്ങിയത്. പിരിച്ചെടുത്ത തുക കൊണ്ടാണ് രാജീവ് ഭവൻ നിർമിച്ചത്. എന്നാൽ കൈവശമുണ്ടായിരുന്ന 6 സെന്റിൽ നിന്ന് 3.5 സെന്റ് സ്ഥലം കെ.എൽ.പൗലോസ് വിറ്റു പണം വാങ്ങിയെന്നും പരാതിയിൽ പറയുന്നു.

ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന്

കോൺഗ്രസ് നേതാവ് കെ.എൽ.പൗലോസിനെതിരെ ചിലർ ഉന്നയിക്കുന്ന ആരോപണങ്ങളും പരാതിയും വ്യാജവും ദുരുദ്ദേശപരമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ, ഡിസിസി സെക്രട്ടറി എൻ.യു.ഉലഹന്നാൻ, കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ എന്നിവർ അറിയിച്ചു. കെ.എൽ. പൗലോസിന്റെ നേതൃത്വത്തിലാണ് ടൗണിൽ 3 സെന്റ് സ്ഥലം വാങ്ങി അവിടെ രാജീവ് ഭവൻ നിർമിച്ചത്.

പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരാണ് ഇതു കൈവശം വച്ചുവരുന്നത്. എന്നാൽ 3 പതിറ്റാണ്ടിനു ശേഷം കെ.എൽ. പൗലോസിനെ കരിതേച്ചു കാണിക്കാനുള്ള ശ്രമം നിന്ദ്യമാണ്. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർ കോൺഗ്രസിന്റെ ശത്രുക്കളാണെന്നും നേതാക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com