ഏലത്തോട്ടത്തിൽ കടുവ; വനിതാ തൊഴിലാളികൾ രക്ഷപ്പെട്ടത് കഷ്ടിച്ച്

Mail This Article
ബത്തേരി∙ വാകേരി ഏദൻവാലി എസ്റ്റേറ്റിലെ ഏലത്തോട്ടത്തിൽ വനിതാ തൊഴിലാളികളുടെ മുൻപിലേക്ക് കടുവ ചാടി വീണു. കടുവയുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏലച്ചുവട്ടിൽ പൈപ്പു വഴി വളം തളിക്കുന്നതിനായി പോയ ശാരദ, ഇന്ദിര എന്നിവരുടെ മുൻപിലേക്കാണ് ഇന്നലെ രാവിലെ എട്ടരയോടെ കടുവ ചാടിയത്. ഇന്ദിര സ്ഥലത്ത് തളർന്നു വീണു. സമീപത്തുള്ള വയലിലേക്കോടിയ കടുവ ചെന്നത് അവിടെയുണ്ടായിരുന്ന ഷീജയെന്ന സ്ത്രീയുടെ മുന്നിലേക്കാണ്. ഒടുവിൽ എസ്റ്റേറ്റിന്റെ മറ്റൊരു ഭാഗത്ത് നിലയുറപ്പിച്ച കടുവ പതിയെ സ്ഥലത്തു നിന്ന് മാറിയെന്നാണ് വിവരം. തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്ന മാനേജർ ഐപ്. പി. ചെറിയാനാണ് വനപാലകരെ വിവരമറിയിച്ചത്.
ഇരുളം സെക്‌ഷനിൽ നിന്നെത്തിയ പത്തംഗ വനപാലക സംഘം എസ്റ്റേറ്റിൽ നിരീക്ഷണം നടത്തി.തേൻകുഴി ഭാഗം വഴി കടുവ പിന്നീട് കാടു കയറിയെന്നാണ് നിഗമനം. സ്ഥലത്ത് രാത്രിയിലും പട്രോളിങ് ഏർപ്പെടുത്തിയതായി റേഞ്ച് ഓഫിസർ കെ.പി. സമദ് പറഞ്ഞു. മുൻപ് ഇതേ എസ്റ്റേറ്റിൽ നിന്ന് കടുവയെ പിടികൂടി ബത്തേരിയിലെ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചിരുന്നു.
ഇന്ദിര പറയുന്നത്:
രാവിലെ എട്ടരയോടെ എസ്റ്റേറ്റിലെ ഏലത്തോട്ടത്തിൽ പൈപ്പ് വലിച്ചു കൊണ്ട് താഴേക്ക് പോകുന്നതിനിടെ എതിർവശത്തായി ഉയർന്ന സ്ഥലത്ത് നിൽക്കുകയായിരുന്നു ഒപ്പം പണിയെടുത്തിരുന്ന ശാരദ. പുറകിലെന്തോ അനക്കം കേട്ട് തിരിഞ്ഞു നോക്കിയ ശാരദ കണ്ടത് തൊട്ടു പിന്നിൽ കടുവ നടന്നു വരുന്നതാണ്. ബഹളം വച്ചതോടെ കടുവ ഞാൻ നിന്നിരുന്ന താഴ്ചയുള്ള ഭാഗത്തേക്ക് ചാടി.

ഉച്ചത്തിൽ നിലവിളിച്ചപ്പോൾ കടുവ സമീപത്തെ വയലിലേക്ക് ഓടി. അപ്പോഴേക്കും ഞാൻ ശബ്ദം പുറത്തു വരാതെ തളർന്നു വീണിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് എടുത്തുകൊണ്ടു പോയത്. സമീപത്തായി സ്ത്രീകളും പുരുഷൻമാരുമടക്കം 8 പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. വയലിലേക്കോടിയ കടുവ ഷീജയുടെ മുന്നിലേക്കാണ് എത്തിയത്. അവരും ഏറെ ഭയന്നു പോയി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local