കമ്പമല മാവോയിസ്റ്റ് അക്രമം; കെഎഫ്ഡിസി ഓഫിസ് അടിച്ചു തകർത്തവരെ തിരഞ്ഞ് ‘തണ്ടർബോൾട്ട്’

Mail This Article
മാനന്തവാടി ∙ നട്ടുച്ചയ്ക്ക് കമ്പമലയിലെ കെഎഫ്ഡിസി ഓഫിസ് അടിച്ചു തകർത്ത മാവോയിസ്റ്റ് സംഘത്തെ പിടികൂടാനായി പൊലീസ് നാട്ടിലും കാട്ടിലും തിരച്ചിൽ നടത്തി. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് ക്യാംപ് ചെയ്താണു നടപടികൾ ഏകോപിപ്പിക്കുന്നത്. ജില്ലാ പൊലീസ് മേധാവി പഥംസിങ്, മാനന്തവാടി ഡിവൈഎസ്പി പി.എൽ. ഷൈജു എന്നിവരും ഒപ്പമുണ്ട്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ മാവോയിസ്റ്റ് വിരുദ്ധ സേനയിലെ പ്രതിനിധികൾ വ്യാഴാഴ്ച വൈകിട്ടു തന്നെ കമ്പമലയിൽ എത്തിയിരുന്നു.
മാവോയിസ്റ്റുകൾ എത്തിയ സമയം ഓഫിസിലുണ്ടായിരുന്നവരെ ഇവർ നേരിൽ കണ്ടു വിവരങ്ങൾ ശേഖരിച്ചു. അക്രമം നടത്തിയ സംഘത്തിൽ സി.പി. മൊയ്തീൻ, സന്തോഷ്, മനോജ് എന്നീ മാവോയിസ്റ്റ് നേതാക്കൾ ഉള്ളതായി വ്യാഴാഴ്ച പൊലീസ് സ്ഥിരീകരിച്ചിരുന്നു. അവശേഷിക്കുന്നവരെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. സോമൻ, തമിഴ്നാട് സ്വദേശി വിമൽകുമാർ എന്നിവരുടെ ചിത്രങ്ങൾ സംഘത്തെ നേരിൽ കണ്ടവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
തണ്ടർബോൾട്ട് സംഘം ഇന്നലെയും വനത്തിൽ തിരച്ചിൽ നടത്തി. കമ്പമല വനവുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ പ്രദേശങ്ങളിലും പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്. അയൽ സംസ്ഥാനങ്ങളായ കർണാടകയിലെയും തമിഴ്നാട്ടിലെയും മാവോയിസ്റ്റ് വിരുദ്ധ സേന നിർദയം പെരുമാറുമെന്ന് ഉറപ്പുള്ളതിനാൽ സംഘം കേരളം വിട്ടുപോകില്ലെന്ന അനുമാനത്തിലാണ് പൊലീസ്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിലും ശക്തമായ തിരച്ചിൽ നടത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ജില്ലയിലെത്തുമെന്നും സൂചനയുണ്ട്.

പാടികൾ നവീകരിക്കാൻ പദ്ധതി: കെഎഫ്ഡിസി
മാനന്തവാടി ∙ കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ കീഴിലുള്ള കമ്പമല എസ്റ്റേറ്റിലെ പാടികളുടെ നവീകരണത്തിന് പദ്ധതി നേരത്തെ തയാറാക്കിയതായി മാനേജിങ് ഡയറക്ടർ ജോർജി പി. മാത്തച്ചൻ പറഞ്ഞു. പാടികളുടെ മേൽക്കൂരമാറ്റുന്നതിനായി 1.75 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കൻ തമിഴ് വംശജരായ തൊഴിലാളുകളുടെ പതിറ്റാണ്ടുകളായി തുടരുന്ന ജീവിത പ്രശ്നങ്ങൾ ഉന്നയിച്ച് മാവോയിസ്റ്റ് സംഘം ഓഫിസ് ആക്രമിച്ചിരുന്നു. ഇനിയെങ്കിലും തങ്ങളുടെ പാടികൾ നവീകരിക്കാനുള്ള പദ്ധതിക്ക് ജീവൻ വയ്ക്കുമെന്ന പ്രതീക്ഷയിലാണു തൊഴിലാളികൾ. 96 പാടികളാണ് എസ്റ്റേറ്റിലുള്ളത്. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ പാടികളിലെ ജീവിതം ദുരിത പൂർണമാണ്.