ശക്തമായ മഴ തുടരുന്നു; ആശ്വാസത്തോടെ കൃഷി മേഖല

Mail This Article
അമ്പലവയൽ ∙ ജില്ലയിൽ എല്ലായിടങ്ങളിലും ശക്തമായ മഴ തുടരുന്നു. പുഴകളിലും തോടുകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നു. ഏതാനും ദിവസമായി തുടരുന്ന മഴ ഇന്നലെയും ജില്ലയിൽ ശക്തമായിരുന്നു. കഴിഞ്ഞ രാത്രിയും മിക്കയിടങ്ങളിലും ശക്തമായ മഴ ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ ചിലഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ന്യൂനമർദങ്ങളുടെ ഫലമായാണു കാലവർഷം ശക്തമായത്. ഇത്തവണ മൺസൂണിൽ മഴ കുറഞ്ഞതു കാർഷിക മേഖലയിലടക്കം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിന്റെ ആശ്വാസത്തിലാണു ജില്ല.
മൺസൂണിന്റെ തുടക്കം മുതൽ മഴ കുറവായിരുന്ന ജില്ലയിൽ കഴിഞ്ഞ മാസം മികച്ച മഴയാണു ലഭിച്ചത്. ഒാഗസ്റ്റിൽ ലഭിക്കേണ്ട മഴയേക്കാൾ 85% കുറവാണ് ജില്ലയിൽ ലഭിച്ചത്. ജൂൺ, ജൂലൈ മാസത്തിലും മുൻ വർഷങ്ങളെ അപേക്ഷിച്ചു മഴയിൽ കാര്യമായ കുറവുണ്ടായിരുന്നു. ഏറ്റവും മഴ കുറഞ്ഞത് ഒാഗസ്റ്റിലാണ്. ലഭിക്കേണ്ട മഴയുടെ 15% മാത്രമാണു പെയ്തത്. താപനില ഗണ്യമായി ഉയരുകയും ചെയ്തു. സെപ്റ്റംബർ തുടക്കത്തിൽ കാര്യമായ മഴ ലഭിച്ചിലെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയോളമായി ഭേദപ്പെട്ട മഴ ലഭിച്ചു.
മൺസൂണിൽ മഴ കുറഞ്ഞാൽ വേനലിൽ കൃഷിയിടങ്ങളിൽ വെള്ളത്തിന്റെ ലഭ്യത കുറയുമെന്ന ആശങ്ക കർഷകർക്കുമുണ്ടായിരുന്നു. ഇത്തവണ മഴ കുറഞ്ഞതിനാൽ കാരാപ്പുഴ, ബാണാസുര ഡാമുകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിരുന്നില്ല. മുൻ വർഷത്തെ അത്രയും മഴ റിസർവോയർ പ്രദേശങ്ങളിൽ പെയ്യാത്തതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കും വളരെ കുറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങളായി മഴ ശക്തമായതിനാൽ മൺസൂണിലെ മഴക്കുറവിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണു വിലയിരുത്തൽ. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണു മുന്നറിയിപ്പ്.