ADVERTISEMENT

പടിഞ്ഞാറത്തറ ∙ കെട്ടിട നിർമാണങ്ങൾക്ക് കെഎൽആർ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാകാനുള്ള സാധ്യത തെളിയുന്നു. നിലവിൽ 15 ഏക്കർ വരെ ഭൂമിയുള്ള ഏതൊരു വ്യക്തിക്കും കെട്ടിടം നിർമിക്കുന്നതിനു തടസ്സങ്ങളില്ലെന്നു ലാൻഡ് ബോർഡ് ഇറക്കിയ പുതിയ സർക്കുലറിൽ പറയുന്നു.

കെഎൽആർ ആക്ടിൽ പ്രതിപാദിക്കുന്ന ഏതൊരു ഭൂമിയും 12 മുതൽ 15 വരെ ഏക്കർ കൈവശമുള്ള കുടുംബങ്ങൾക്കു ഭൂമി വിനിയോഗിക്കുന്നതിനും വീട് നിർമിക്കുന്നതിനും യാതൊരു നിയന്ത്രണവും 1963ലെ കേരള ഭൂപരിഷ്കരണ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല. 

ഒരു വ്യക്തിയുടെ ഭൂമി തോട്ടഭൂമി ആണെങ്കിൽ പോലും 15 ഏക്കറിൽ കുറവാണെങ്കിൽ അത്തരം ഭൂമി വിനിയോഗിക്കുന്നതിനു ഒരു നിയന്ത്രണവും കെഎൽആർ ആക്ടിൽ ഇല്ല. ഭൂമി തരംമാറ്റി എന്ന കാരണത്താലും തരം മാറ്റാൻ സാധ്യതയുണ്ട് എന്നതിനാലും വിൽപന, നിർമാണങ്ങൾ മുതലായ കൈവശക്കാരന്റെ അവകാശങ്ങൾ വിലക്കാൻ ഭൂപരിഷ്കരണ നിയമത്തിൽ വ്യവസ്ഥയില്ല.

കെഎൽആർ സർട്ടിഫിക്കറ്റ് എന്നത് ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ ഭൂമി വിനിയോഗത്തിനു കെഎൽആർ സർട്ടിഫിക്കറ്റ് വേണമെന്നു നിർബന്ധിക്കരുതെന്നും സർക്കുലറിലുണ്ട്. കുടിയായ്മ, കുടികിടപ്പു അവകാശങ്ങളിൽ ഭൂമി ലഭിച്ചവർക്ക് ആ ഭൂമി ഉപയോഗിക്കാനും വീട് നിർമിക്കാനും പെർമിറ്റ് ലഭിക്കാനും കഴിയാത്ത സാഹചര്യം ഉണ്ടാകരുത് എന്നും ഈ സാഹചര്യത്തിൽ കെഎൽആർ സർട്ടിഫിക്കറ്റിന്റെ പേരിലുള്ള തടസ്സങ്ങൾ ഒഴിവാക്കണമെന്നും സർക്കുലറിലുണ്ട്. 

ഇതോടെ തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകൾക്കു ജീവൻ വയ്ക്കും. നിലവിൽ പെർമിറ്റിന് അപേക്ഷ നൽകുമ്പോൾ വില്ലേജിൽ നിന്ന് കെഎൽആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.തോട്ടഭൂമിയിൽ നിർമാണങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കെഎൽആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ഇത്തരം ഭൂമി വാങ്ങിയവരും അതോടെ വെട്ടിലായി. വീട് നിർമാണത്തിനായി ചെറിയ ഭൂമി വാങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു. 

ബാങ്ക് ലോൺ അടക്കമുള്ളവ നിഷേധിക്കപ്പെട്ട സംഭവവും ഏറെയാണ്. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന ഒട്ടേറെ പേർ പരാതികളുമായി ബന്ധപ്പെട്ട വകുപ്പിനെ സമീപിക്കുന്നതും പതിവാണ്. അതിന്റെ ഭാഗമായാണു ഇത്തരത്തിൽ ഒരു നീക്കത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. ‌ഭൂമി തരം മാറ്റുന്നതിലൂടെ നിലവിലെ കൈവശക്കാരുടെ ഭൂപരിധി അധികരിക്കാൻ പാടില്ല എന്നു മാത്രമാണു വ്യവസ്ഥ. അതിനാൽ ഇത്തരം ഭൂമികൾ വിനിയോഗിക്കാൻ നിയന്ത്രണങ്ങളില്ല. 

സിവിൽ കോടതിയുടെ നിയമാനുസൃത നടപടികൾ അനുവർത്തിച്ച് താലൂക്ക് ലാൻഡ് ബോർഡ് ഒരു ഭൂമിയെ മിച്ചഭൂമിയായി പ്രഖ്യാപിച്ച് സർക്കാർ ഭൂമിയാക്കി മാറ്റി സർക്കാർ ഏറ്റെടുത്താൽ മാത്രമേ ആ ഭൂമിയിൽ സർക്കാരിനു നിയമപരമായ അവകാശം ലഭിക്കുകയുള്ളൂ. അപ്പോൾ മാത്രമേ ആ ഭൂമിയുടെ മേൽ സ്വകാര്യ വ്യക്തിയുടെ നികുതി, പോക്കുവരവ്, റവന്യു സർട്ടിഫിക്കറ്റുകൾ, പെർമിറ്റ് അടക്കമുള്ളവ നിഷേധിക്കാവൂയെന്നും അതുവരെ സ്വകാര്യ വ്യക്തിയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നതു ഭരണഘടനയുടെ ചുമതലയാണെന്നും സർക്കുലറിൽ പറയുന്നു. 

കെഎൽആർ സർട്ടിഫിക്കറ്റ് വയനാട് ജില്ലയിൽ മാത്രം നിലനിൽക്കുന്ന ഒന്നായതിനാൽ ഭൂപരിഷ്കരണത്തിന്റെ പിൻബലം ലഭിക്കില്ലെന്നതും കെട്ടിട നിർമാണങ്ങൾക്ക് കെഎൽആർ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കാൻ കാരണമായി. എന്നാൽ സർക്കുലർ ഇറങ്ങി ഒന്നര മാസത്തോളമായിട്ടും തുടർനടപടികൾ വൈകുകയാണ്. കലക്ടറുടെ ഉത്തരവ് ലഭിക്കാത്തതാണ് കാലതാമസത്തിന് ഇടയാക്കുന്നത് എന്നാണ് അറിയുന്ന വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com