പനമരം ബസ് സ്റ്റാൻഡിലെ തകർന്ന സ്ലാബുകൾ നന്നാക്കാൻ നടപടിയില്ല

Mail This Article
പനമരം ∙ പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിലെ തകർന്ന കോൺക്രീറ്റ് സ്ലാബുകൾ മാറ്റിസ്ഥാപിക്കാൻ നടപടിയില്ല. ബസ് സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് അപകടകരമായ രീതിയിൽ കമ്പികൾ പുറത്തേക്കു തള്ളിനിൽക്കാൻ തുടങ്ങിയിട്ടു ഒരു വർഷത്തിലേറെയായി. അധികൃതരുടെ ശ്രദ്ധയിൽ പലതവണ പെടുത്തിയെങ്കിലും ഫണ്ട് വച്ചിട്ടുണ്ടെന്നും ഉടൻ നന്നാക്കുമെന്നും പറയുന്നതല്ലാതെ ഇതുവരെ മാറ്റിസ്ഥാപിക്കാൻ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.

കോൺക്രീറ്റ് തകർന്നു പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടതിനാൽ മഴ പെയ്താൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ബസുകൾ കയറിയിറങ്ങുമ്പോൾ കുഴികളിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം ബസ് കാത്തുനിൽക്കുന്ന യാത്രക്കാരുടെ ദേഹത്തേക്കു തെറിക്കുന്നതും പതിവാണ്. ഒട്ടേറെ ബസുകളും ആയിരക്കണക്കിനു യാത്രക്കാരും എത്തുന്ന ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് പലപ്പോഴും അപകടത്തിനിടയാക്കാറുണ്ട്. യാത്രക്കാർ ബസിൽ കയറുന്നതിനായി ഓടുന്നതിനിടെ കമ്പിയിൽ കാൽ തട്ടിവീണ സംഭവവും ഉണ്ടായിട്ടുണ്ട്.
പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് മുൻപിലെ പാർക്കിങ് യാർഡിലാണു പലയിടത്തായി കോൺക്രീറ്റുകൾ തകർന്നു കമ്പികൾ അപകടകരമായ രീതിയിൽ തള്ളിനിൽക്കുന്നത്. സ്റ്റാൻഡിൽ കയറുന്ന വാഹനങ്ങൾക്കും വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർക്കും അപകടമുണ്ടാകുന്ന രീതിയിൽ കമ്പികൾ പുറത്തേക്കു തള്ളിയിട്ടും അപായസൂചനകൾ സ്ഥാപിക്കുന്നതിനോ തകർന്ന ഭാഗം നന്നാക്കുന്നതിനോ നടപടിയില്ലാത്തതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കോൺക്രീറ്റ് ചെയ്തു നിർമിച്ച യാർഡിൽ വെള്ളം ഒഴുകിപ്പോകാൻ ചാലുകൾ ഇല്ലാത്തതാണ് യാർഡ് ഇത്തരത്തിൽ തകരാൻ കാരണം. എത്രയും പെട്ടെന്നു തകർന്ന ഭാഗം നന്നാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.