പന്തല്ലൂരിലെ കന്നുകാലി ശല്യത്തിന് പരിഹാരം തേടി വ്യാപാരികൾ
Mail This Article
പന്തല്ലൂർ ∙ നഗരത്തിലെ കന്നുകാലി ശല്യത്തിനു ശാശ്വത പരിഹാരം വേണമെന്നു പന്തല്ലൂർ വ്യാപാരി സംഘം ആവശ്യപ്പെട്ടു. നഗരത്തിൽ രാത്രി അലഞ്ഞുതിരിഞ്ഞ കന്നുകാലികളെ നെല്ലിയാളം നഗരസഭ ഇടപെട്ടു വാഹനത്തിൽ കയറ്റി നഗരസഭാ പരിസരത്ത് എത്തിച്ച ശേഷം ഉടമകളിൽ നിന്നു പിഴയീടാക്കി വിട്ടു നൽകിയിരുന്നു. കന്നുകാലികളെ അഴിച്ചു വിടരുതെന്ന് നഗരസഭ ഉടമകൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു.
ഒരാഴ്ച കഴിഞ്ഞതോടെ കന്നുകാലികളെ നഗരത്തിലേക്ക് ഉടമകൾ വീണ്ടും അഴിച്ചു വിട്ടു തുടങ്ങി. നഗരത്തിലെത്തുന്ന കാലികൾ മൂലം അപകടങ്ങൾ പതിവാണ്. കന്നുകാലികൾ യാത്രക്കാരെയും ആക്രമിക്കാറുണ്ട്. പന്തല്ലൂർ ബസ് സ്റ്റാൻഡിലാണു കാലികൾ രാത്രി തങ്ങുന്നത്. നഗരത്തിൽ എത്തുന്ന കന്നുകാലികളുടെ ഉടമകളുടെ പേരിൽ ക്രിമിനൽ നടപടി എടുക്കണമെന്നു പന്തല്ലൂർ വ്യാപാരി സംഘം പ്രസിഡന്റ് എ.ടി. അഷറഫ് ജില്ലാ കലക്ടർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.