ADVERTISEMENT

പുൽപള്ളി ∙ പഞ്ചായത്തിലെ ആടിക്കൊല്ലി ആയുർവേദ ഡിസ്പെൻസറി നവീകരണത്തിന് ദേശീയ ആയുർ മിഷൻ ഒരുകോടി രൂപ അനുവദിച്ചു. കിടത്തിച്ചികിത്സയ്ക്കു കെട്ടിട സൗകര്യമുള്ള ഇവിടെ 23 വർഷം മുൻപു നിർമിച്ച കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാനും കൂടുതൽ സൗകര്യങ്ങളേർപ്പെടുത്താനുമാണു തുക അനുവദിച്ചത്. അതിൽ 25 ലക്ഷം രൂപയുടെ നവീകരണം ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കും. നാട്ടുകാർ വാങ്ങി നൽകിയ 50 സെന്റ് സ്ഥലത്ത് 1996ലാണ് ആയുർവേദ ഡിസ്‍പെൻസറിയാരംഭിച്ചത്. 2000ൽ കെ.മുരളീധരന്റെ എംപി ഫണ്ടിൽ രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനുൾപ്പെടെയുള്ള സൗകര്യങ്ങളോടെ 10 മുറികളടങ്ങിയ ഇരുനില കെട്ടിടം നിർമിച്ചു. എന്നാൽ ഡിസ്പെൻസറിയെ ആശുപത്രിയാക്കാനുള്ള നടപടി ഇനിയുമായില്ല. കെട്ടിട സൗകര്യമുണ്ടെങ്കിലും ഇപ്പോഴും ഡിസ്പെൻസറിയായി തന്നെ പ്രവർത്തിക്കുന്നു. 

പഞ്ചായത്തിനകത്തും പുറത്തും നിന്നായി ഒട്ടേറെ രോഗികൾ ചികിത്സ തേടി ഇവിടെയെത്തുന്നുണ്ട്. വയോജന ചികിത്സാ പദ്ധതി, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള ചികിത്സാ പദ്ധതി, യോഗ എന്നിവയെല്ലാം ഡിസ്പെൻസറിയിലുണ്ട്. കുടുതൽ സൗകര്യങ്ങളൊരുക്കാനുള്ള സ്ഥല സൗകര്യം വേറെയുമുണ്ട്. കിടത്തിച്ചികിത്സ ആവശ്യമുള്ളവർ ഇപ്പോൾ ബത്തേരി താലൂക്ക് ആശുപത്രിയെ ആശ്രയിക്കണം. നിലവിലുള്ള കെട്ടിടം ഉപയോഗിക്കാത്തതിനാൽ നവീകരണം അത്യാവശ്യമായി. മുകൾനില ചോർന്നൊലിക്കുന്നു. ശുചിമുറികളിൽ പലതും ഉപയോഗശൂന്യമായി. ഇവയെല്ലാം നവീകരിക്കുന്നതോടെ മുകൾനില രോഗികളെ കിടത്തിച്ചികിത്സിക്കാൻ ഉപയോഗിക്കാം. നവീകരണത്തിനു ശേഷം ആയുർ മിഷൻ ഡോക്ടറെയും തെറപ്പിസ്റ്റുകളടക്കമുള്ളവരെയും നിയമിച്ച് ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയുണ്ട്. ആയുർവേദ ചികിത്സയ്ക്ക് പ്രാധാന്യമേറിയ സാഹചര്യത്തിൽ ആയുഷ്മിഷനുമായി ബന്ധപ്പെട്ട് ചികിത്സാ സൗകര്യം ഉറപ്പാക്കുമെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചു. ജില്ലയിൽ ആടിക്കൊല്ലി ഡിസ്പെൻസറിക്ക് മാത്രമാണു നവീകരണ ഫണ്ട് ലഭിച്ചത്.

പുൽപള്ളിയിൽ ഉപകേന്ദ്രം വരും
ആടിക്കൊല്ലി ആയുർവേദ ഡിസ്പെൻസറിയുടെ ഉപകേന്ദ്രം പുൽപള്ളിയിൽ ആരംഭിക്കാൻ അനുമതി ലഭിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ അറിയിച്ചു. ആടിക്കൊല്ലി ആശുപത്രിയിൽ 10 കിടക്കകൾക്കുള്ള ഫണ്ടും പഞ്ചായത്ത് നൽകും. നിലവിലുള്ള പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന മുറയ്ക്ക് ഉപകേന്ദ്രം ആരംഭിക്കാനാണ് ഉദ്ദേശം. ഇതിന് ഡിഎംഒ അനുമതി നൽകിയിട്ടുണ്ട്. ആയുർവേദ ഡിസ്പെൻസറി ആടിക്കൊല്ലിയിൽ നിലനിർത്തിക്കൊണ്ടുതന്നെ ചികിത്സ വേണ്ടവർക്ക് അതു ലഭ്യമാക്കാനാണു പുൽപള്ളിയിൽ ഉപകേന്ദ്രം ആരംഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com