എരനെല്ലൂർ ചുണ്ടക്കുന്ന് റോഡ് നിർമാണം പൂർത്തീകരിക്കണം
Mail This Article
പനമരം∙ പനമരം - കൽപറ്റ പ്രധാന റോഡിൽ നിന്ന് എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തുകൂടി പോകുന്ന ചുണ്ടക്കുന്ന് - പടിക്കംവയൽ റോഡ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങളായി പൂർത്തീകരിക്കാതെ കിടക്കുന്ന റോഡ് കാടുമൂടി. വർഷങ്ങൾക്ക് മുൻപ് എരനെല്ലൂർ മുതൽ ക്ഷേത്രം വരെയുള്ള ഭാഗം ടാറിങ്ങും ഇതിന് ശേഷം കുറഞ്ഞ ഭാഗം സോളിങ്ങും നടത്തിയതല്ലാതെ ഇതിന് ശേഷമുള്ള 300 മീറ്റർ ദൂരത്ത് ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല.
സാഹസികമായാണ് ഇരുചക്രവാഹനങ്ങൾ പോലും കൊണ്ടുപോകുന്നത്. റോഡിന്റെ ഇരുഭാഗത്തും സംരക്ഷണഭിത്തി നിർമിച്ച് സോളിങ് പ്രവൃത്തി പൂർത്തിയാക്കുകയാണെങ്കിൽ ചുണ്ടക്കുന്ന് പ്രദേശവാസികൾക്ക് എളുപ്പത്തിൽ പനമരം ടൗണിലേക്ക് എത്തിച്ചേരാൻ കഴിയും. ബൈപാസ് റോഡായി ഉപയോഗിക്കാനുമാകും. നിലവിൽ ഈ റോഡിൽ ടാർ ചെയ്ത ഭാഗം തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡ് അടിയന്തരമായി നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.