ജില്ലാ സ്കൂൾ കലോത്സവം: മാനന്തവാടിയുടെ കുതിപ്പ്
Mail This Article
ബത്തേരി∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം 161 ഇനങ്ങൾ പൂർത്തിയായപ്പോൾ 521 പോയിന്റുമായി മാനന്തവാടി ഉപജില്ല മുൻപിൽ. 515 പോയിന്റുമായി ബത്തേരി ഉപജില്ല തൊട്ടുപിന്നിലുണ്ട്. 511 പോയിന്റുമായി വൈത്തിരിയാണു മൂന്നാംസ്ഥാനത്ത്. സ്കൂൾ തലത്തിൽ 96 പോയിന്റുമായി മാനന്തവാടി ഗവ. എച്ച്എസ്എസ് മുന്നേറന്നു. 88 പോയിന്റുള്ള ഡബ്ല്യുഒ എച്ച്എസ്എസ് പിണങ്ങോടാണു രണ്ടാം സ്ഥാനത്ത്. മാനന്തവാടി എംജിഎം എച്ച്എസ്എസ് 83 പോയിന്റുമായി മൂന്നാമതാണ്. കലോത്സവത്തിന്റെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
വ്യഥകൾ നിറയുന്ന ചവിട്ടുനാടകം ആന്‍ റിഫ്റ്റയുടെ ഓർമകളും ഗുരുവിന്റെ ഹൃദയവ്യഥയുമായി എംജിഎം ടീം
ബത്തേരി ∙ എറണാകുളം കുസാറ്റിലെ കലാപരിപാടിക്കു മുൻപുണ്ടായ തിക്കിലും തിരക്കിലും മരണമടഞ്ഞ ചവിട്ടുനാടക കലാകാരി ആന്‍ റിഫ്റ്റ റോയിയുടെ പിതാവ് കെ.ജി. റോയി പരിശീലിപ്പിച്ച മാനന്തവാടി എംജിഎം സ്കൂളിലെ എച്ച്എസ്, എച്ച്എസ്എസ് ടീമുകൾ നാളെ ഉച്ചയ്ക്ക് 1 ന് വേദി ഒന്നിൽ മത്സരത്തിനിറങ്ങും. ഗുരുവിന്റെ തീരാ ദുഃഖത്തിൽ പങ്കു ചേർന്നുള്ള മത്സരം. കഴിഞ്ഞ വർഷം മുതലാണ് മാനന്തവാടി എംജിഎം ടീമിനെ റോയി പരിശീലിപ്പിച്ചു തുടങ്ങിയത്.
കഴിഞ്ഞ വർഷം ജില്ലയിൽ ഒന്നാമതെത്തുകയും ചെയ്തു. ഇത്തവണ കൂടുതൽ ഊർജത്തോടെ മത്സരത്തിന് ഒരുങ്ങുന്നതിനിടെയാണു ദുരന്തവാർത്ത. മകൾക്ക് അപകടം നേരിടുന്ന സമയം മാനന്തവാടിയിലെ കുട്ടികളുമായി ഫോണിൽ സംസാരിക്കുകയായിരുന്നു റോയി. അപ്പോഴാണു ദുരന്തവാർത്ത ടിവിയിൽ കാണുന്നത്. ഉടനെ സംഭാഷണം മുറിഞ്ഞു. പിന്നീടറിയുന്നത് ആൻ റുഫ്തയുടെ മരണവാർത്തയാണ്.
ചവിട്ടുനാടകത്തിൽ സ്ഥിരമായി രാജ്ഞിയായി വേഷമിടുന്ന ആൻറുഫ്ത പിതാവ് റോയിക്കൊപ്പം 4 നാലു മാസം മുൻപ് മാനന്തവാടിയിലെത്തിയിരുന്നു. മാനന്തവാടി എൻജിനീയറിങ് കോളജിൽ അഡ്മിഷനെടുക്കാനായിരുന്നു അത്. എന്നാൽ പിന്നീട് കുസാറ്റിൽ പ്രവേശനം നേടിയതോടെ ആൻ എറണാകുളത്തേക്ക് പോയി. അന്ന് എംജിഎം സ്കൂളിലും ആൻ എത്തുകയും പിതാവിന്റെ ശിഷ്യരോടൊപ്പം സമയം ചെലവിടുകയും ചെയ്തിരുന്നു. രണ്ടു മാസം കൂടുമ്പോൾ റോയി കുട്ടികളെ പരിശീലിപ്പിക്കാൻ മാനന്തവാടിയിൽ എത്തിയിരുന്നു.
അടവുകൾ അച്ഛന്റേത്, താളം അമ്മയുടേത് വിജയം ആദിത്യന്
ബത്തേരി∙ നൃത്താധ്യാപകനായ അച്ഛൻ അഭിലാഷിന്റെ ശിക്ഷണത്തിൽ സ്റ്റേജിൽ കയറിയ ആദിത്യന് ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത. ആതിഥേയ സ്കൂളായ സർവജനയിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യൻ. മണവാളൻപാറ, ഇത് മണവാട്ടിപ്പാറ എന്ന ഗാനത്തിനൊപ്പം ചുവടു വച്ചാണ് ആദിത്യൻ ഒന്നാമതെത്തിയത്. നൃത്ത സഹ പരിശീലകയായ അമ്മ അനുവിന്റെ താളവും നൃത്തത്തിനു മിഴിവേകി. ജില്ലയിലെ ഒട്ടേറെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് നൃത്തപരിശീലനം നൽകുന്നുണ്ട് അഭിലാഷ്
കർണാടകയിലും ‘വലവിരിച്ച്’ പഠനം
ബത്തേരി ∙ ‘കർണാടക’ സ്വദേശി പഠിപ്പിച്ച വിദ്യാർഥിക്ക് കന്നഡ പദ്യംചൊല്ലലിൽ ഒന്നാംസ്ഥാനം. യുപി വിഭാഗം കന്നഡ പദ്യംചൊല്ലിൽ ഒന്നാമതെത്തിയ കോട്ടനാട് ഗവ. യുപി സ്കൂളിലെ ഹന ഫാത്തിമയുടെ ഗുരു ഹബീബ ബാനുവാണ്. മംഗലാപുരത്തു ജനിച്ചു വളർന്ന ഹബീബ ബാനുവിനു കന്നഡയിലുള്ള പരിജ്ഞാനമാണ് ഹനയുടെ വിജയത്തിന് പിന്നിൽ. മംഗലാപുരത്ത് പഠനം നടത്തിയ ഹബീബ വിവാഹശേഷമാണ് കേരളത്തിലേക്ക് എത്തിയത്. തമിഴ്, കന്നഡ ഭാഷകളിലെ മൽസരങ്ങൾക്കെല്ലാം സ്കൂളിലെ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത് ഹബീബ ബാനുവാണ്.