ADVERTISEMENT

കൽപറ്റ ∙ കർണാടകയിൽ നിന്നുള്ള ചോളത്തണ്ടു നിയന്ത്രണത്തിനു പരിഹാരം കാണാൻ ജില്ലാ വികസനസമിതിയും ഇടപെടുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കു ചോളത്തണ്ടും വൈക്കോലും കൊണ്ടുപോകുന്നതു നിയന്ത്രിച്ച കർണാടകയുടെ തീരുമാനം ജില്ലയിലെ ക്ഷീര കാർഷിക മേഖലയെ സാരമായി ബാധിക്കുകയാണെന്നു ജില്ലാ വികസനസമിതിയോഗം വിലയിരുത്തി. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനു ബദൽമാർഗങ്ങൾ  സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. കർണാടക മുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്‌തെങ്കിലും കർണാടകയിലുണ്ടായ കടുത്ത വരൾച്ച അവിടത്തെ കന്നുകാലി കർഷകരെ ബാധിച്ചുവെന്നും ചോളത്തണ്ടു പോലുളള കന്നുകാലിത്തീറ്റ അതിർത്തി കടത്തി കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം അതിനാലാണെന്നുമാണ് അദ്ദേഹം അറിയിച്ചതെന്നും ടി.സിദ്ദീഖ് എംഎൽഎ യോഗത്തെ അറിയിച്ചു. 

ജില്ലയിൽ ഒട്ടേറെ ക്ഷീര കർഷകർ കർണാടകയിൽ നിന്നുള്ള ചോളത്തണ്ടുകളും തീറ്റപ്പുല്ലുകളെയുമാണ് ആശ്രയിക്കുന്നത്. ഇതൊരു ദീർഘകാല ആശ്രയമായി കാണാൻ കഴിയില്ല. ഇതിനു പരിഹാരമായി ജില്ലയിൽ കാലിത്തീറ്റ ഉൽപാദനം വർധിപ്പിക്കുകയും സ്വയം പര്യാപ്തത നേടുകയെന്നതും അനിവാര്യമാണ്.‌ മൃഗ സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം കൈകോർത്ത് കാലിത്തീറ്റ ഉൽപാദന മാർഗങ്ങൾ ആലോചിക്കണമെന്നും എംഎൽഎ പറഞ്ഞു. വയനാട് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമായി ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിക്കണമെന്ന് രാഹുൽ ഗാന്ധി എംപിയുടെ പ്രതിനിധി കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു. 

തീറ്റപ്പുൽ കുറവായതും ചോളത്തണ്ട് കിട്ടാതായതും ജില്ലയുടെ പാൽ ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ചാമരാജ്, മൈസൂരു ജില്ലകളിൽനിന്ന് ദിവസവും ഒട്ടേറെ ലോഡ് ചോളത്തണ്ടാണ് അതിർത്തി കടന്ന് എത്തിക്കൊണ്ടിരുന്നത്. ചോളത്തണ്ടും വൈക്കോലുമായി കേരളത്തിലേക്കുള്ള വാഹനങ്ങൾ തടയുന്നതോടെ കടത്തു പൂർണമായി നിലയ്ക്കുമെന്നതാണു പ്രതിസന്ധിയാകുന്നത്. വയനാട്ടിൽ ആവശ്യമായത്രയും തീറ്റപ്പുൽ വളർത്തിയെടുക്കുകയെന്നതും കാലിത്തീറ്റ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടുകയെന്നതും ഏറെക്കാലമെടുക്കുന്ന ലക്ഷ്യമായതിനാൽ നിലവിലെ പ്രതിസന്ധിക്കു പരിഹാരമാകില്ലെന്നു ക്ഷീര കർഷകർ പറയുന്നു. സർക്കാരും എംപി അടക്കമുള്ള ജനപ്രതിനിധികളും കർണാടക അധികൃതരിൽ സമ്മർദം ചെലുത്തി കടത്തുനിയന്ത്രണം അവസാനിപ്പിക്കണമെന്ന ആവശ്യമാണുയരുന്നത്. 

നിവേദനം നൽകി
പുൽപള്ളി ∙ കേരളത്തിലേക്കുള്ള ചോളത്തണ്ട് നിയന്ത്രിച്ച കർണാടക നടപടിക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്ഷീരസംഘം പ്രസിഡന്റുമാർ കലക്ടർക്ക് നിവേദനം നൽകി. ചോളത്തണ്ട്, വൈക്കോൽ എന്നിവയുടെ കടത്ത് കർണാടക നിരോധിച്ചതോടെ കർഷകർ ആശങ്കയിലാണ്. ജില്ലാ ഭരണകൂടം ചാമരാജ് നഗർ, മൈസൂരു ജില്ലാ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് നിയന്ത്രണം നീക്കണമെന്നും ആവശ്യപ്പെട്ടു. പി.ടി.ബിജു, ബൈജു നമ്പിക്കൊല്ലി, കെ.കെ.പൗലോസ് എന്നിവരടങ്ങിയ സംഘമാണ് കലക്ടർക്ക് നിവേദനം നൽകിയത്.

എൽഡിഎഫ്‌ മാർച്ച്  5 ന്
കൽപറ്റ ∙ കർണാടകയിൽനിന്ന് കാലിത്തീറ്റയും ചോളത്തണ്ടും കേരളത്തിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ച ചാമരാജ് നഗർ കലക്ടറുടെ ഉത്തരവിനെതിരെ  ‌ എൽഡിഎഫ്‌ നേതൃത്വത്തിൽ ക്ഷീരകർഷകർ 5 നു രാവിലെ 10 നു  മാർച്ച് നടത്തും. എൽഡിഎഫ്‌ കൺവീനർ ഇ.പി.  ജയരാജൻ ഉദ്‌ഘാടനം ചെയ്യും. നിരോധനം നീക്കണമെന്നാവശ്യപ്പെട്ടാണ്‌  മാർച്ച്‌. കർണാടകയോട് ചേർന്നുകിടക്കുന്ന ജില്ലയായതിനാൽ  കർഷകരാണ്‌ ചോളത്തണ്ടിന്റെ പ്രധാന ഉപഭോക്താക്കൾ. വിഷയത്തിൽ രാഹുൽഗാന്ധി മൗനം വെടിഞ്ഞ്‌ നിലപാട്‌ വ്യക്‌തമാക്കണമെന്നും എൽഡിഎഫ്‌ ആവശ്യപ്പെട്ടു. പ്രശ്‌നത്തിന്റെ ഗൗരവം കർണാടകയെ ബോധ്യപ്പെടുത്താൻ കഴിയാതിരുന്ന ടി. സിദ്ദീഖ്‌ എംഎൽഎ കർണാടകയെ പിന്തുണയ്ക്കുന്ന നിലപാടാണ്‌ വിഷയത്തിൽ സ്വീകരിച്ചതെന്നും എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

''തീറ്റപ്പുൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്നതു നല്ല ആശയമാണെങ്കിലും പെട്ടെന്നു പ്രായോഗികമാകില്ല. അതുവരെ കാത്തിരിക്കുന്നതു ജില്ലയിലെ പാൽ ഉൽപാദനം കുറയ്ക്കുകയും ക്ഷീരകർഷകരുടെ വരുമാനം ഇടിക്കുകയും ചെയ്യും. നിലവിലെ പ്രതിസന്ധിക്കു പെട്ടെന്നുള്ള പരിഹാരമാണു വേണ്ടത്. ക്ഷീരകർഷകനായ ഞാൻ കഴിഞ്ഞ 5 വർഷമായി കർണാടകയിൽനിന്നാണു ചോളത്തണ്ട് കൊണ്ടുവരുന്നത്. നല്ല വില കിട്ടുമെന്നതിനാൽ കേരളത്തിലേക്കു ചോളത്തണ്ട് കയറ്റിയയ്ക്കുന്നതു കർണാടകയിലെ കർഷകർക്കും താൽപര്യമുള്ള കാര്യമാണ്. ജില്ലയിലെ ജനപ്രതിനിധികൾ ഈ പ്രശ്നം ഗൗരവമായെടുത്ത് എത്രയും വേഗം പരിഹാരം കാണണം ''. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com