കാട്ടാനയെ ബസ് ഇടിച്ചു

Mail This Article
ബത്തേരി ∙ ശബരിമല യാത്ര കഴിഞ്ഞു കർണാടകയിലെ എച്ച്ഡി കോട്ടയിലേക്കു പോകുകയായിരുന്ന 21 പേരടങ്ങിയ മിനി ടൂറിസ്റ്റ് ബസ് കല്ലൂർ അറുപത്തേഴിനടുത്ത് എടത്തറയിൽ റോഡിലുണ്ടായിരുന്ന കാട്ടുകൊമ്പനുമായി ഇടിച്ചു. കാട്ടാനയ്ക്കും ബസിലെ 5 യാത്രക്കാർക്കും പരുക്കേറ്റു. അശ്രദ്ധമായി വാഹനമോടിച്ച് ആനയെ ഇടിച്ചതിന് വന്യജീവി സംരക്ഷണ നിയമപ്രകാരം ബസിന്റെ ഡ്രൈവർ കർണാടക എച്ച്ഡി കോട്ട സ്വദേശി ഹേമന്ദി(39)നെ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എസ്. രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം.
കല്ലൂർ അറുപത്തേഴ് കഴിഞ്ഞ് വയനാട് വന്യജീവി സങ്കേതത്തിൽ ദേശീയപാതയ്ക്കു കുറുകെ കാട്ടാനകൾ കൂട്ടത്തോടെ നീങ്ങുന്നതിനിടെ ഏറ്റവും പിന്നിലായി നീങ്ങിയ കൊമ്പനെയാണ് ബസ് ഇടിച്ചതെന്ന് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. പരുക്കേറ്റവരെ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടു. തീർഥാടകരെ പിന്നീട് മറ്റൊരു വാഹനത്തിൽ കയറ്റി വിട്ടു.

കാട്ടാനയ്ക്കു കാലിനും ദേഹത്തും പരുക്കുള്ളതായാണു പ്രാഥമിക നിഗമനമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുത്തങ്ങ ആനപ്പന്തിയിൽ നിന്നു വിക്രം, ഭരത് എന്നീ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു പരുക്കേറ്റ ആനയെ നിരീക്ഷിച്ച് വരികയാണ്. കാടിന്റെ ഒരു കിലോമീറ്ററിനുളളിൽ തന്നെ ഇന്നലെ വൈകിട്ടു വരെ കാട്ടാനയുണ്ട്. അടുത്തേക്ക് ചെല്ലുമ്പോൾ കൊമ്പൻ ആക്രമിക്കാൻ ഒരുമ്പിടുന്ന അവസ്ഥയാണ്. ആവശ്യമെങ്കിൽ ചികിത്സ നൽകുന്നതിനുള്ള നടപടികൾ വനം വകുപ്പ് ഇന്നു കൈക്കൊള്ളും. എന്നാൽ കാട്ടുകൊമ്പൻ ബസിനു മുൻപിലേക്ക് ഓടിക്കയറുകയായിരുന്നെന്നു ബസിലുണ്ടായിരുന്നവരിൽ ചിലർ പറഞ്ഞു.