ADVERTISEMENT

കൽപറ്റ ∙ ചുഴലി സൂര്യമ്പം കോളനിയിലെ ബാലൻ – ചിരുത ദമ്പതികളുടെ മകൻ കെ.വി. ഷിജുവിന്റെ (17) ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു.  2018 ഡിസംബർ 31ന് കൽപറ്റ എസ്കെഎംജെ യുപി സ്കൂൾ കെട്ടിടത്തിനുള്ളിലെ വരാന്തയിലാണ് ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.  ക്രിസ്മസ് അവധി കഴിഞ്ഞെത്തിയ വിദ്യാർഥികളാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടത്. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്‌ വൺ വിദ്യാർഥിയായ ഷിജു ക്രിസ്മസ് അവധിക്കു സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്.

2018 ഡിസംബർ 27നു രാവിലെയോടെ തിരിച്ചുവരികയാണെന്ന് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.  എന്നാൽ, മടങ്ങിയെത്തിയില്ല. സുഹൃത്തുക്കളുടെ കൂടെയുണ്ടാകുമെന്നു കരുതി ബന്ധുക്കൾ അന്വേഷണം നടത്തിയില്ല. പിന്നീട് 31നു രാവിലെയോടെ മരണവിവരമാണ് അറിയുന്നത്.  മേപ്പാടി പ്രീമെട്രിക് ഹോസ്റ്റലിലായിരുന്ന ഷിജുവിന്റെ താമസം. പഠനത്തിൽ മിടുക്കനായ ഷിജുവിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു.

കൽപറ്റ പൊലീസിനായിരുന്നു അന്വേഷണ ചുമതല. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബന്ധുക്കളും പൗരസമിതിയും രംഗത്തിറങ്ങിയതോടെ 2020ൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് സംഘം ഒട്ടേറെപേരെ ചോദ്യം ചെയ്തിരുന്നു.  ബന്ധുക്കളിൽ നിന്നടക്കം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു രേഖാചിത്രം തയാറാക്കിയത്. രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്ന ആളുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ക്രൈംബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീൻ അറിയിച്ചു. 94979 96944.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com