കാട്ടാനയും കാട്ടുപന്നിയും; നെൽക്കർഷകരെ കണ്ണീരിലാഴ്ത്താൻ വന്യമൃഗങ്ങൾ തമ്മിൽ മത്സരം
Mail This Article
പനമരം∙ നെൽക്കർഷകരെ കണ്ണീരിലാഴ്ത്താൻ വന്യമൃഗങ്ങൾ തമ്മിൽ മത്സരം. പാടശേഖരങ്ങളിൽ നെൽക്കൃഷി വിളവെടുപ്പ് അടുത്തതോടെ കൃഷി തിന്നുതീർക്കാനും നശിപ്പിക്കാനും കാട്ടാനയും കാട്ടുപന്നിയും മത്സരിക്കുകയാണ്. ഇവയ്ക്കൊപ്പം മാൻ, മയിൽ, എലി, കിളികളെല്ലാമുണ്ട്. കാട്ടുപന്നിശല്യം മൂലം കൃഷിനശിക്കാത്ത വയൽപ്രദേശം ജില്ലയിൽ കുറവാണെന്ന് തന്നെ പറയേണ്ടിവരും. കഴിഞ്ഞ 3 ദിവസം മുൻപ് പനമരം വലിയ പുഴയോടു ചേർന്ന പുഞ്ചവയൽ പാടശേഖരത്തിലെ ഭിന്നശേഷിക്കാരനായ കായക്കുന്ന് മഠത്തിൽ രാധാകൃഷ്ണൻ പാട്ടത്തിനെടുത്ത 28 ഏക്കറിൽ രണ്ടര ഏക്കർ നെൽക്കൃഷി കാട്ടാന നശിപ്പിച്ചതിനു പിന്നാലെ കാട്ടുപന്നികളെത്തി ബാക്കിയുള്ള നെൽക്കൃഷി കൂടി നശിപ്പിച്ചു.
കൂട്ടമായി ഇറങ്ങിയ പന്നികൾ ഉയരം കൂടിയ നെല്ലിൽ കിടന്ന് ഉരുണ്ടതോടെ ഒരുമണി നെല്ലുപോലും ലഭിക്കാത്ത അവസ്ഥയായി. കൊഴിച്ചിൽ കൂടുതലുള്ള നെല്ലായതിനാൽ പന്നി തിന്നതിനു ശേഷമുള്ള നെല്ല് പൂർണമായും കൊഴിഞ്ഞു വീണ സ്ഥിതിയാണ്. കഴിഞ്ഞദിവസം പുഞ്ചവയൽ പാടശേഖരത്ത് ഇറങ്ങിയ കാട്ടാന പുഞ്ചവയൽ ചന്ദ്രൻ നെൽക്കൃഷിക്കായി വെളളം എത്തിക്കുന്നതിനായി നിർമിച്ച കുളത്തിന്റെ പൈപ്പ് ചവിട്ടി തകർത്തതിനാൽ കുളത്തിലെ വെളളം തോട്ടിലേക്ക് ഒഴുകിയതിനെത്തുടർന്നു പമ്പിങ്ങിനു കുളത്തിൻ വെള്ളമില്ലാത്ത അവസ്ഥയായി.
കൂടാതെ പ്രദേശത്തെ നെൽപാടങ്ങളിലേക്ക് വെളളം എത്തിക്കുന്ന തോടുകളും കാട്ടാനക്കൂട്ടം തകർത്തതിനാൽ നല്ലൊരു തുക മുടക്കാതെ വെള്ളം എത്തിക്കാൻ കഴിയില്ലെന്ന സ്ഥിതിയാണ്. പാതിരി സൗത്ത് സെക്‌ഷനിലെ മണൽവയൽ ഭാഗത്തുനിന്ന് ഇറങ്ങുന്ന കാട്ടുപന്നികളും കാട്ടാനക്കൂട്ടവുമാണ് കിലോമീറ്ററകലെയുള്ള മാത്തൂരിലും പുഞ്ചവയലിലും എത്തി വിളവെടുപ്പിന് ദിവസങ്ങൾ മാത്രമുള്ള നെൽക്കൃഷി തിന്നും,
ചവിട്ടിമെതിച്ചും, പിഴുതെറിഞ്ഞും ഉരുണ്ടും കുത്തിയും നശിപ്പിക്കുന്നത്. വന്യമൃഗങ്ങൾ മൂലം തുടർച്ചയായ വർഷങ്ങളിൽ കൃഷിനാശമുണ്ടായ പ്രദേശത്തെ കർഷകർ ഇനി നെൽക്കൃഷിയിലേക്കില്ലെന്ന് പറയുന്നു. വന്യമൃഗശല്യം കൂടുതലുള്ള പ്രദേശത്തെ മിക്ക കർഷകരും ഇക്കുറി കൃഷി ഉപേക്ഷിച്ചതാണ് കാട്ടാനകൾ ദൂരെ സ്ഥലങ്ങളിലെത്തി കൃഷി നശിപ്പിക്കാൻ കാരണമെന്നും പറയപ്പെടുന്നു.