ADVERTISEMENT

ബത്തേരി ∙ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുവരുന്നതിന് നിരോധനമേർപ്പെടുത്തിയ കർണാടകയുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർ ദേശീയപാത 766ൽ സംസ്ഥാന അതിർത്തിയായ മൂലഹൊള്ളയിലേക്ക് മാർച്ച് നടത്തി.  പൊൻകുഴിയിൽ നിന്ന് അതിർത്തിയിലേക്ക് 4 കിലോമീറ്റർ കാൽനടയാത്രയായാണ് നൂറുകണക്കിന് കർഷകർ മാർച്ച് ചെയ്തത്. അതിർത്തിയെത്തും മുൻപ് കേരള, കർണാടക പൊലീസ് സംയുക്തമായി മാർച്ച് തടഞ്ഞു. തുടർന്നു സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കാലിത്തീറ്റയായി ഉപയോഗിക്കുന്ന ചോളത്തണ്ടും വൈക്കോലും തടഞ്ഞത് ജില്ലയിലെ ഇരുപതിനായിരത്തോളം കർഷകരെ ബാധിക്കുമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.

കർണാടകയുടെ തീരുമാനം പിൻവലിക്കണമെന്നും ക്ഷീരമേഖലയെ സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മാർച്ച് എൽഡിഎഫ് സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കർണാടകയിൽ നിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാലിത്തീറ്റ നിർമിക്കുന്ന കോർപറേറ്റുകളെ സഹായിക്കാനാണ് കർഷകരെ ദ്രോഹിക്കുന്ന ഇത്തരം നടപടികളുണ്ടാകുന്നത്.  കർണാടക നയം തിരുത്താൻ തയാറാകണം. മന്ത്രി ചിഞ്ചുറാണി സംസ്ഥാന സർക്കാരിന്റെ നിവേദനം കർണാടകയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. വേണ്ടി വന്നാൽ വയനാട്ടിൽ നിന്നുള്ള കർഷക നേതാക്കൾ ബെംഗളൂരുവിൽ പോയി സമരം ചെയ്യുകയും നിവേദനം നൽകുകയും വേണം.

തിരുത്തിയില്ലെങ്കിൽ ശക്തമായ കർഷക പ്രക്ഷോഭം ഉണ്ടാകുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ, ആർജെഡി ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.എം. ജോയി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി.ബേബി, കെ. റഫീഖ്, പി.വി. സഹദേവൻ, എ.എൻ. പ്രഭാകരൻ, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമട, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പഞ്ചാര, എൻസിപി സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ടി. ശശികുമാർ, സിപിഎം ഏരിയ സെക്രട്ടറി പി.ആർ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

രാത്രിയാത്രാ നിരോധനം എൽഡിഎഫ് ചർച്ച ചെയ്യും
ബത്തേരി ∙ രാത്രിയാത്രാ നിരോധന വിഷയം എൽഡിഎഫ് ഗൗരവത്തോടെ ചർച്ച ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. കേരള– കർണാടക അതിർത്തിയായ മൂലെഹൊളെയിൽ ക്ഷീര കർഷകരുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം കർണാടകയുമായി ചർച്ച ചെയ്യേണ്ടതിന്റെയും കോടതി‍യിൽ ഇടപെടേണ്ടതിന്റെയും കാര്യങ്ങൾ പരിശോധിക്കും. വയനാടിന്റെ ഒരു വികസന കാര്യത്തിലും രാഹുൽ ഗാന്ധി ഇടപെടുന്നില്ല.

രാത്രിയാത്ര നിരോധന വിഷയത്തിൽ, ദേശീയ നേതാവായ രാഹുൽ ഗാന്ധിക്ക് ഏറെ സമർദ്ദങ്ങൾ ചെലുത്താനാകും. എന്നാൽ നിഷേധാത്മക നിലപാടാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ബിജെപിക്കെതിരെ മതനിരപേക്ഷ ശക്തിയായി ഉയരാൻ കോൺഗ്രസിന് കഴിയുന്നില്ല.  കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നത് ബിജെപി വിരുദ്ധ തരംഗം മൂലമാണ്. തെലങ്കാനയിൽ ബിജെപിയെ അല്ല, ബിജെപിക്കെതിരെ പോരാടുന്നവരെയാണു കോൺഗ്രസ് തോൽപിച്ചത്. രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് അവരാണു തീരുമാനിക്കേണ്ടത്. അതിൽ ഇടപെടാനില്ല.

വാഹനങ്ങൾ  കാണുമ്പോൾമൃഗങ്ങൾക്ക് സന്തോഷം: ഇപി
ബത്തേരി ∙ വന്യമൃഗങ്ങൾക്ക് ഇപ്പോൾ വാഹനങ്ങൾ കാണുമ്പോൾ സന്തോഷമാണെന്ന് ഇ.പി. ജയരാജൻ, ബന്ദിപ്പൂർ വനമേഖലയിൽ കർണാടക ഏർപ്പെടുത്തിയിട്ടുള്ള രാത്രിയാത്രാ നിരോധനം നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞപ്പോഴാണ് ഇപി ഇങ്ങനെ പ്രതികരിച്ചത്.  ഇന്നത്തെ ആധുനിക വാഹനങ്ങൾ ശബ്ദമലിനീകരണമില്ലാത്തവയാണ്. അതുകൊണ്ടു തന്നെ വനമേഖലകളിൽ മൃഗങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നില്ല. മുൻപു വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് വരികയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com