കള്ളന്മാർ പെരുകി; ഗതികെട്ട് കർഷകർ
Mail This Article
കൽപറ്റ ∙ പകൽ സമയത്തും തോട്ടങ്ങളിൽ കയറി അടയ്ക്കാ മോഷ്ടിക്കുന്നതു പതിവാകുന്നു. കൂടുതൽ സ്ഥലമുള്ളവരുടെ തോട്ടങ്ങളിലും വീടില്ലാത്ത തോട്ടങ്ങളിലുമാണു ശല്യമേറിയത്. ഉയരം കുറഞ്ഞ കമുകിലെ മൂപ്പെത്താത്ത അടയ്ക്കാ കുലകൾ നിലത്തുനിന്നു ചെത്തിയെടുക്കുന്നെന്നു കർഷകർ പറയുന്നു. പുൽപള്ളി, ഇരുളം, വെള്ളമുണ്ട, കാഞ്ഞിരങ്ങാട്, മേപ്പാടി, വാഴവറ്റ തുടങ്ങി ജില്ലയിലുടനീളം കാർഷികവിളകളുടെ മോഷണം പതിവാണ്. കഴിഞ്ഞ ദിവസം ഷെഡ്ഡിലെ കൊറ്റനാട്ട് സണ്ണി, പൈക്കുടിയിൽ സുരേഷ് എന്നിവരുടെ തോട്ടങ്ങളിൽ നിന്ന് അടയ്ക്കാ മോഷണം പോയി.
കൂടുതൽ അടയ്ക്കയുള്ളവർ തോട്ടങ്ങളിൽ കാവലിരിക്കേണ്ട അവസ്ഥയുമുണ്ട്. ചീയമ്പം, ഇരുളം, മാതമംഗലം പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മോഷണമുണ്ടായി. അടയ്ക്ക, ഇഞ്ചി, വാഴക്കുല, തേങ്ങ തുടങ്ങി കിട്ടുന്ന വിളകളെല്ലാം കള്ളന്മാർ കൊണ്ടുപോകുകയാണ്. വന്യമൃഗശല്യത്തിൽ പൊറുതിമുട്ടുന്ന കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണു മോഷ്ടാക്കൾ. സംഘമായെത്തുന്ന തസ്കരന്മാർ കമുകിൽ കയറിയും തോട്ടി ഉപയോഗിച്ചുമാണ് അടയ്ക്ക കൈക്കലാക്കുന്നത്. രാത്രി കാവലില്ലാത്ത തോട്ടങ്ങളിലാണു മോഷണം വ്യാപകം.
ഏതുനിമിഷവും ഹിംസ്ര ജീവികൾ ചാടി വീഴാമെന്നതിനാൽ വനത്തോടു ചേർന്നുള്ള തോട്ടങ്ങളിൽ കാവലിരിക്കുന്നതു ദുഷ്കരമാണ്. ഇതു മുതലെടുത്താണു കള്ളന്മാർ പാത്തും പതുങ്ങിയുമെത്തുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ വിളവെടുപ്പു സീസണിലും വില ഉയരുമ്പോഴും മോഷണം പതിവാണെന്നു കർഷകർ പറയുന്നു. കബനിഗിരി കെഞ്ചൻപാടി റൂട്ടിൽ കുഴിപ്പള്ളിൽ മാത്യുവിന്റെ തോട്ടത്തിൽ, ഉയരം കൂടിയ കമുകിൽ കയറി അടയ്ക്ക മോഷ്ടിക്കുന്നതു പ്രയാസമായതോടെ കമുക് വെട്ടിയിട്ടാണു മോഷണം നടത്തിയത്. രണ്ടുവർഷം മുൻപായിരുന്നു ഈ സംഭവം.
മലഞ്ചരക്കു കടകളും കള്ളന്മാർ ലക്ഷ്യമിടുന്നു. അടുത്തിടെ കാഞ്ഞിരങ്ങാട്ടുള്ള മലഞ്ചരക്കുകട കുത്തിത്തുറന്ന് 9 ചാക്ക് കുരുമുളകും തോണിച്ചാലിലെ മലഞ്ചരക്കു കട കുത്തിത്തുറന്ന് 4 ചാക്കു കുരുമുളകുമാണു കള്ളന്മാർ മോഷ്ടിച്ചത്. അരപ്പറ്റയിൽ തോട്ടങ്ങളിൽ ജലസേചനത്തിനായി സ്ഥാപിച്ച അലുമിനിയം പൈപ്പുകളും അനുബന്ധ കാർഷിക ഉപകരണങ്ങളും മോഷണം പോയ സംഭവവുമുണ്ടായി. കെ.ജി.ജയപ്രകാശ് നാരായണന്റെ തോട്ടത്തിൽ നിന്നു നാൽപതോളം അലുമിനിയം പൈപ്പുകളും അടയ്ക്കയും മോഷണം പോയി. നെടുങ്കരണയിലെ കന്യാസ്ത്രീ മഠത്തിന്റെ ഉടമസ്ഥതയിലെ തോട്ടത്തിലെ വീട് പൊളിച്ച് മരുന്ന് തളിക്കുന്ന സ്പ്രെയറും മോഷ്ടിച്ചു.