കാലം തെറ്റി മഴ, അടി തെറ്റി വിള; കാപ്പി വിളകൾക്കും നെൽക്കൃഷിക്കും വൻ നാശം
Mail This Article
കൽപറ്റ ∙വിളവെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ കാലം തെറ്റി മഴ പെയ്യുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. വൃശ്ചികം തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണു വിളവെടുപ്പിനെ ബാധിക്കുന്ന മഴ. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാപ്പി വിളവെടുപ്പ് പലയിടത്തും ആരംഭിച്ചു കഴിഞ്ഞു. വയലുകളിൽ നഞ്ചക്കൃഷി ചെയ്തവർക്കും കൊയ്ത്തിനു പാകമായ സമയമാണിപ്പോൾ. ചെറിയ മഴ പോലും കാപ്പിക്കും നെല്ലിനും ദോഷമാണ്. കഴിഞ്ഞയാഴ്ച രാത്രി പെയ്ത മഴയിൽ ഒട്ടേറെ നെൽവയലുകളിൽ വെള്ളം കയറിയിരുന്നു. ഇപ്പോഴത്തെ മഴ ഉൽപന്നങ്ങളുടെ വിളവെടുപ്പും തുടർന്നു സംസ്കരണത്തിനും തടസ്സമാവും.
പഴുത്ത കാപ്പിക്കുരുവിൽ മഴവെള്ളം കെട്ടി നിന്നു കൊഴിഞ്ഞുവീഴും. ഇത് ഉൽപാദനത്തിൽ കാര്യമായ കുറവുണ്ടാക്കും. ഈ സമയത്തു നല്ല വെയിലാണ് ആവശ്യം. കാപ്പി ഒരുമിച്ചു പഴുക്കാനും തോട്ടങ്ങൾ വിളവെടുപ്പിനു വൃത്തിയാക്കാനും മഴ തടസ്സമാവുകയാണ്. തൊഴിലാളികളെ ആവശ്യത്തിനു ലഭിക്കാത്തതിനാൽ നെൽപാടങ്ങളിൽ യന്ത്രങ്ങൾ ഉപയോഗിച്ചാണു കൊയ്ത്തു നടത്തുന്നത്. പാടങ്ങളിൽ വെള്ളം കെട്ടി നിന്നാൽ യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കാനും സാധിക്കില്ല. കാപ്പിയും നെല്ലുമൊക്കെ ഉണക്കി എടുക്കാനും മഴ ബുദ്ധിമുട്ടുണ്ടാക്കും.