ADVERTISEMENT

കൂടല്ലൂർ ∙ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്ന പ്രജീഷിന്റെ ദാരുണാന്ത്യം കൂടല്ലൂർ ഗ്രാമത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി. അധ്വാനശീലനായ ക്ഷീരകർഷകനു നിനച്ചിരിക്കാതെയുണ്ടായ ദുരന്തം ബന്ധുക്കളെയും നാട്ടുകാരെയും തളർത്തി. പശുക്കളെയും ആടുകളെയും വളർത്തിയുണ്ടാക്കുന്ന തുച്ഛവരുമാനത്തിലാണു പ്രജീഷ് കുടുംബം പുലർത്തുന്നത്. വന്യജീവികളെ പേടിച്ച് പുല്ലരിയാനും മറ്റും പോകാതിരുന്നാൽ പട്ടിണിയാകും. രാവിലെ മുതൽ തുടങ്ങുന്ന കഷ്ടപ്പാടാണ്. പ്രജീഷിനു സംഭവിച്ച ദുരന്തവാർത്ത ശരവേഗത്തിലാണു നാട്ടിലെല്ലാം പടർന്നത്. വിവരമറിഞ്ഞവർ കൂട്ടത്തോടെ വീട്ടിലേക്കെത്തി. മാതാവ് ശാരദയെയും സഹോദരങ്ങളെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ അവർ വീർപ്പുമുട്ടി. മറ്റു കൃഷികളെല്ലാം വന്യജീവി ശല്യത്തെത്തുടർന്ന് ചെയ്യാൻ കഴിയാതെ വന്നതോടെയാണ് പ്രദേശത്തുള്ള മറ്റു കർഷകരെപ്പോലെ പ്രജീഷും കന്നുകാലിവളർത്തലിലേക്കു തിരിഞ്ഞത്.

കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ വയനാട്ടിൽ കൊല്ലപ്പെട്ടതു 2 പേർ
കൽപറ്റ ∙ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ വയനാട്ടിൽ കൊല്ലപ്പെട്ടതു 2 പേർ. ജനുവരി 12നു പുതുശ്ശേരി വെള്ളാരംകുന്നിലെ കാപ്പിത്തോട്ടത്തിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ പ്രദേശവാസിയായ തോമസ് (സാലു-50) കൊല്ലപ്പെട്ടിരുന്നു. ഇന്നലെ വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിക്കത്തറപ്പിൽ പ്രജീഷ് (37) ആണ് ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ടത്. അതിനിടെ, ജില്ലയിൽ പലഭാഗങ്ങളിലും കടുവകൾ കൂട്ടത്തോടെയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നു. വാകേരി, വാലി എസ്റ്റേറ്റ്, ബീനാച്ചി എസ്റ്റേറ്റ് എന്നിവിടങ്ങളിലും ബത്തേരി നഗരസഭ, മീനങ്ങാടി, അമ്പലവയൽ, പൂതാടി, നെന്മേനി, നൂൽപുഴ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും കടുവയുടെ ശല്യം അതിരൂക്ഷമാണ്.

വൻ ഗതാഗതത്തിരക്കുള്ള  താമരശ്ശേരി ചുരത്തിൽപോലും കഴിഞ്ഞദിവസം പലതവണ കടുവയെ ആളുകൾ കണ്ടു. ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ 2018ലെ കണക്കനുസരിച്ചു മാത്രം വയനാട്ടിൽ 154 കടുവകളുണ്ട്. വയനാട് ഉൾപ്പെട്ട നീലഗിരി ജൈവമണ്ഡലത്തിൽ കടുവയുടെ എണ്ണം കൂടിവരികയാണ്. 2022ൽ കടുവ സെൻസസ് നടത്തിയെങ്കിലും റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 97ൽ 73, 2002ൽ 71, 2006ൽ 46, 2010ൽ 71, 2014ൽ 136, 2018ൽ 190 എന്നിങ്ങനെയാണ് കേരളത്തിലാകെ കടുവകളുടെ എണ്ണത്തിലുണ്ടായ വർധന. രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ പ്രതിവർഷം 6 ശതമാനം വർധനയുണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. 

ഇതിനൊപ്പം കടുവയുടെയും ആനകളുടെയും പ്രത്യുൽപാദനരീതിയിലുണ്ടായ മാറ്റവും ഭക്ഷണംതേടി അയൽസംസ്ഥാന കാടുകളിൽനിന്നു വൻതോതിലുള്ള കടന്നുവരവും കണക്കിലെടുത്താൽ കുറഞ്ഞത് 200-250 കടുവകളും വയനാട്ടിൽ ഉണ്ടാകാമെന്നാണു വിലയിരുത്തൽ. വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം കുറഞ്ഞത് 120-130 കടുവകൾ ഉണ്ടാകുമെന്നും വന്യജീവി ഗവേഷകർ പറയുന്നു. ഇത്രയും കടുവകളെ ഉൾക്കൊള്ളാനുള്ള ശേഷി 344 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള വനത്തിനില്ല. 70 മുതൽ 100 ചതുരശ്രകിലോമീറ്റർ വരെയാണ് ഒരു ആൺകടുവയുടെ അധീനപ്രദേശം. ഭക്ഷണലഭ്യത കുറയുമ്പോൾ അധീനപ്രദേശത്തിന്റെ വിസ്തൃതിയും കൂടും. 

കടുവയെ വെടിവച്ചുകൊല്ലണം
കൽപറ്റ ∙ വാകേരിയിലെ നരഭോജി കടുവയെ വെടിവച്ചുകൊല്ലണമെന്നു സിപിഐ. പ്രദേശത്ത് മാസങ്ങളായി വന്യജീവികൾ ഭീതി പടർത്തുകയാണ്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം. സ്വന്തം കൃഷിയിടത്തിൽ പോലും സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണു കർഷകർ ഇപ്പോൾ‌. വന്യമൃഗശല്യത്തിനെതിരെ ഫലപ്രദമായ നടപടിയെടുക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണം. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു. 

നഷ്ടപരിഹാരം നൽകണം
കൽപറ്റ ∙ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്നും ജില്ലയിലെ വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം കാണാൻ സർക്കാർ തയാറാകണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി. വയനാട്ടിൽ കടുവയുടെയും കാട്ടാനയുടെയും ശല്യം ഓരോദിവസവും വർധിച്ചുവരുന്നു. ഫെൻസിങ് അടക്കമുള്ള പ്രതിരോധനടപടികൾ പരാജയപ്പെടുന്നു. വന്യമൃഗശല്യത്തിന് അറുതിവരുത്തിയില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകും. ഡിസിസി പ്രസി‍ഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. 

വന്യജീവി ആക്രമണം: 10 വർഷത്തിനിടെ കൊല്ലപ്പെട്ടത് 51 പേർ
കഴിഞ്ഞ 10 വർഷത്തിനിടെ വയനാട്ടിൽ 51 മനുഷ്യർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണു കണക്ക്. ഇതിൽ 41 പേർ കാട്ടാനയുടെ ആക്രമണത്തിലും 7 പേർ കടുവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. 2 പേർ കാട്ടുപോത്തിന്റെ ആക്രമണത്തിലും ഒരാൾ കാട്ടുപന്നിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം കൊല്ലപ്പെട്ടത് 19 പേരാണ്. ഇതിൽ 15 പേർ കാട്ടാനയുടെ ആക്രമണത്തിലും 4 പേർ കടുവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. സൗത്ത് വയനാട് ഡിവിഷനിൽ കഴിഞ്ഞ 10 വർഷത്തിനിടെ 10 പേർക്കു ജീവൻ കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടമായി. 2 പേരെ കാട്ടുപോത്ത് കൊന്നു. ഒരാൾ കാട്ടുപന്നിയുടെ ആക്രമണത്തിലും ഒരാൾ കടുവയുടെ ആക്രമണത്തിലും മരിച്ചുവെന്നും കണക്കുകൾ.  നോർത്ത് വയനാട് ഡിവിഷനിൽ കഴിഞ്ഞ് 10 വർഷത്തിനിടെ 13 പേർക്കാണു കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com