ADVERTISEMENT

കൽപറ്റ ∙ ക്രിസ്മസ് - പുതുവത്സരം പ്രമാണിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്തുന്നതു തടയാൻ എക്സൈസും പൊലീസും പരിശോധന ശക്തമാക്കി. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയിൽ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി ജില്ലാ തലത്തിൽ പ്രത്യേക സ്‌ക്വാഡിനു രൂപം നൽകി. താലൂക്ക് തല സ്‌ക്വാഡുകൾ 16 നകം രൂപീകരിക്കും.

ലഹരിക്കടത്ത് തടയുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം, ജില്ലാതല സ്ട്രൈക്കിങ് ഫോഴ്സ്, ഹൈവേ പട്രോളിങ് എന്നിവ രൂപീകരിച്ചു. താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സും സജ്ജമാണ്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ എൻഫോഴ്സ്‌മെന്റ് ഏജൻസികളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. പൊലീസിലെ കെ-9 ഡോഗ് സ്ക്വാഡുമായി ചേർന്നു തോൽപെട്ടി ബാവലി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും.

എക്സൈസ്, പൊലീസ്, വനം, റവന്യു, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണു സംഘത്തിലുള്ളത്. അയൽ സംസ്ഥാനങ്ങളിൽ നിന്നു ലഹരി വസ്തുക്കൾ എത്തുന്നത് തടയാനായി ചെക്പോസ്റ്റുകളിലും പരിശോധന ഊർജിതമാക്കും. സംസ്ഥാന അതിർത്തികളിൽ കർണാടക, തമിഴ്നാട് ഉദ്യോഗസ്ഥരും പരിശോധന നടപടികളുമായി സഹകരിക്കും.

പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം
വ്യാജ മദ്യം, ലഹരിമരുന്ന് എന്നിവയുടെ  ഉൽപാദനം, വിൽപന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും അറിയിക്കുന്നതിനായി ജില്ലാ എക്‌സൈസ് ഡിവിഷൻ കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. പരാതികളും കൃത്യമായ വിവരങ്ങളും  കൺട്രോൾ റൂമിലെ 04936 288215 എന്ന നമ്പറിലും ടോൾഫ്രീ നമ്പറായ 18004252848 എന്നതിലും അറിയിക്കാം. താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ വൈത്തിരി -04936 202219, ബത്തേരി - 04936 227227,   മാനന്തവാടി - 04935 244923.

ജനകീയ സമിതി യോഗം
വ്യാജ മദ്യത്തിന്റെ ഉപയോഗം, കടത്ത്, വിൽപന എന്നിവ നിർമാർജനം ചെയ്യുന്നതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതി യോഗം എഡിഎം എൻ.ഐ. ഷാജുവിന്റെ അധ്യക്ഷതയിൽ ചേർന്നു. ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.എസ്. ഷാജി, അസിസ്റ്റന്റ് കമ്മിഷണർ ജിമ്മി ജോസഫ്, എക്‌സൈസ്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ജനകീയ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com