ADVERTISEMENT

പനമരം ∙ ഭവന നിർമാണ പദ്ധതിയുടെ പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയതായി പരാതി. സ്വകാര്യ ട്രസ്റ്റിന്റെ പേരിലാണ് തട്ടിപ്പ് സംഘം പനമരം, കണിയാമ്പറ്റ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ എഴുപതോളം കുടുംബങ്ങളിൽ നിന്നു പണം തട്ടിയത്. കുടുതൽ പേർ തട്ടിപ്പിന് ഇരയായതായും പറയുന്നു.

അതുല്യ നിവേദ്യം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന പേരിൽ പ്രമുഖർ അംഗങ്ങളായുള്ള ട്രസ്റ്റ്, കിടപ്പാടം ഇല്ലാത്ത കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമിച്ചു നൽകുമെന്ന വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നാണു പനമരം പൊലീസില്‍ നല്‍കിയ പരാതി. പണം നഷ്ടപ്പെട്ട ഓടക്കൊല്ലി സ്വദേശി ഉഷയുടെ പരാതിയിൽ ചിക്കല്ലൂർ സ്വദേശി പത്മനാഭൻ നായർ, പനമരം സ്വദേശി ശ്യാം മുരളി, കരിമ്പുമ്മൽ സ്വദേശി വിഗേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വീട് നിർമിച്ചു നൽകുന്നതിനു ട്രസ്റ്റിൽ പേര് റജിസ്റ്റർ ചെയ്യണമെന്നും റജിസ്ട്രേഷനും മറ്റുമായി 18,500 രൂപ മുതൽ 35,000 രൂപ വരെ ചെലവുണ്ടെന്നും ഈ തുക നൽകിയാൽ മാസങ്ങൾക്കുള്ളിൽ 4 ലക്ഷം രൂപ വീടുപണിക്കായി ലഭിക്കുമെന്നും ഉറപ്പ് നൽകി. 200 രൂപയുടെ മുദ്രപ്പത്രത്തിൽ കരാര്‍ വച്ചാണ് സംഘം പണം കൈപ്പറ്റിയത്. 

പണം നൽകി ഒരു വർഷം കഴിഞ്ഞിട്ടും പണമോ വീടോ ലഭിച്ചില്ല. സ്വർണം പണയം വച്ചും മറ്റുമാണു പല കുടുംബങ്ങളും പണം നൽകിയത്. കൊയിലാണ്ടി സ്വദേശിയായ സച്ചിൻ രാജും തട്ടിപ്പ് സംഘത്തിലുള്ളതായും പറയുന്നു. അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com