മഴ തുടരുന്നു; കൊയ്തിട്ട നെൽക്കതിരുകൾ മെതിക്കും മുൻപ് മുളച്ചു

Mail This Article
മാനന്തവാടി ∙ കാലം തെറ്റി പെയ്യുന്ന മഴ നെൽക്കർഷകരെ ദുരിതത്തിലാക്കുന്നു. കൊയ്തിട്ട നെൽക്കതിരുകൾ മെതിച്ചെടുക്കാനാകാതെ മുളയ്ക്കുന്നതിനാൽ ഇക്കുറി ആശങ്കയിലാണ് കർഷകർ. നെൽക്കൃഷി വിളവെടുപ്പിനിടെയാണു അപ്രതീക്ഷിതമായി മഴ പെയ്യുന്നത്. വൈകുന്നേരങ്ങളിൽ മിക്ക ദിവസവും മഴ പെയ്യുന്നതിനാൽ കൊയ്തിട്ട നെൽക്കതിരുകൾ കയറ്റാനാകുന്നില്ല. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ, ആക്കൊല്ലി, ചെറുമാത്തൂർ, കൊല്ലിമൂല ഭാഗങ്ങളിലാണ് ഏക്കർ കണക്കിനു വയലുകളിൽ നെല്ല് കൊയ്തിട്ടിരിക്കുന്നത്.
അപ്പപ്പാറ അരമംഗലം, തിരുനെല്ലി പോത്തുമൂല ഭാഗങ്ങളിൽ ഏക്കർ കണക്കിനു വയലുകൾ കൊയ്യാനാകാതെ കിടക്കുന്നുണ്ട്. ജില്ലയിലെ വിവിധ പാടങ്ങളിൽ കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്യുന്നുണ്ടെങ്കിലും ഇവിടെ ചതുപ്പ് കൂടിയ പ്രദേശമായതിനാൽ മിക്ക വയലുകളിലും യന്ത്രങ്ങൾ ഇറക്കാൻ സാധിക്കുന്നില്ല. ആന, കാട്ടുപന്നി, മാൻ, മയിൽ തുടങ്ങിയവയോടു പട പൊരുതിയാണു തിരുനെല്ലിയിൽ കർഷകർ നെല്ലു വിളയിക്കുന്നത്. കൊയ്ത്തു കാലത്തു തൊഴിലാളികൾ തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനാൽ നെൽകൃഷിക്ക് ആളെ കിട്ടാത്തതു പ്രതിസന്ധിയാണ്.

തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തി നെൽക്കൃഷിയിലേക്ക് വ്യാപിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നെൽക്കർഷകരുടെ പ്രയാസങ്ങൾക്ക് അടിയന്തിര പരിഹാരം വേണമെന്നും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നുമാണു കർഷകരുടെ ആവശ്യം. ആക്കൊല്ലിയിലെ ടി. സന്തോഷ്കുമാറിന്റെ അഞ്ചേക്കർ വയലിൽ കൊയ്തിട്ട നെല്ല് കാട്ടുപന്നിയും മാനും നശിപ്പിച്ചു. മഴ പെയ്തു നനഞ്ഞ കതിരുകൾ വീണ്ടും ഉണക്കി മാത്രമേ മെതിക്കാൻ പറ്റൂ. നിലവിൽ പുല്ല് കിട്ടില്ല. മഴ തുടർന്നാൽ നെന്മണികൾ വയലിൽ അടിഞ്ഞു പോകുന്ന സ്ഥിതിയാണ് ഉള്ളതെന്ന് സന്തോഷ്കുമാർ പറഞ്ഞു
നഷ്ടപരിഹാരം നൽകണം: സിപിഐ
മാനന്തവാടി ∙ മഴയിൽ നെൽക്കൃഷി നശിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷയും പ്രകൃതിക്ഷോഭത്തിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരവും നൽകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ആവശ്യപ്പെട്ടു. കാലം തെറ്റി പെയ്യുന്ന മഴ നെൽക്കർഷകരെ ദുരിതത്തിലാക്കി. നെല്ല് വയലിൽ കൊയ്തിട്ട ശേഷം കൃഷി നശിച്ച കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ല. ഇത് ലഭിക്കുന്നതിനു നടപടി സ്വീകരിക്കണം. ഇൻഷുർ ചെയ്യാത്ത കർഷകർക്ക് പ്രകൃതിക്ഷോഭത്തിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി വേണം.

