കർണാടകയിൽ വ്യാപകമായി നേന്ത്രവാഴക്കൃഷി; വിലയിടിഞ്ഞു
Mail This Article
പുൽപള്ളി ∙ വയനാട്ടിൽ കുറവെങ്കിലും അതിർത്തിക്കപ്പുറത്ത് നേന്ത്രവാഴക്കൃഷി വ്യാപകമായതോടെ ഉൽപന്ന വില കുത്തനെ താഴുന്നു. നൂറുകണക്കിനേക്കർ സ്ഥലത്തെ വാഴക്കുല വെട്ടിയെടുക്കാൻ സമയമായപ്പോൾ വില കിലോയ്ക്ക് 15 രൂപ വരെയായി. കഴിഞ്ഞ വർഷം 50 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്താണിത്.കർണാടകയിൽ വാഴക്കൃഷിയില്ലാത്ത സ്ഥലമില്ലാതായി. ഇഞ്ചി നട്ട സ്ഥലത്തെല്ലാം വാഴ സ്ഥാനം പിടിച്ചു. കഴിഞ്ഞ വർഷം മെച്ചപ്പെട്ട വില ലഭിച്ചതും പല കാരണങ്ങളാൽ ഇഞ്ചിക്കൃഷി നടത്താൻ കഴിയാതെ വന്നതും കൂടുതൽ പേരെ വാഴക്കൃഷിയിൽ സജീവമാക്കി. ഇത്തരം സ്ഥലങ്ങളിൽ നടീൽ ചെലവ് കുറവാണ്. പൈപ്പും ഷെഡ്ഡും അനുബന്ധസൗകര്യങ്ങളും ഉള്ളതും കർഷകർക്ക് നേട്ടമാണ്. ഇഞ്ചിക്കൃഷിയിൽ തകർന്ന പലരും പിടിച്ചുനിന്നത് വാഴക്കൃഷിയിലാണ്.
ശരാശരി 1.5 ലക്ഷം രൂപ ചെലവിൽ ഒരേക്കർ വാഴക്കൃഷി നടത്താനാവും. ഇഞ്ചിക്ക് 7 ലക്ഷത്തോളം വേണം.കർണാടകയിലെ ജനങ്ങൾ ഏത്തവാഴയ്ക്കാ ഉപയോഗിക്കാറില്ല. അതു മുഴുവൻ കേരളത്തിലേക്കാണ് കയറ്റുന്നത്. തമിഴ്നാട്ടിലും കാര്യമായ ഉൽപാദനമുണ്ട്. വിപണിയിലേക്ക് കായ വരവ് കൂടിയതോടെ വില താഴ്ന്നു. ഞാലിപ്പൂവന് നല്ല വിലയുണ്ട്. ഉത്സവ സീസണിൽ ചോദിക്കുന്ന വില കിട്ടും. കേരളത്തിൽ നിന്നു വൻതോതിൽ ഞാലിപ്പൂവൻ കർണാടകയിലേക്ക് കയറ്റുന്നുണ്ട്. ഞാലിപ്പൂവന് വിലയുണ്ടെങ്കിലും രോഗബാധ കാര്യമായുണ്ടെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ വൻതോതിൽ കൃഷി നശിച്ചിരുന്നു. നേന്ത്രക്കാ വിലയിടിഞ്ഞതോടെ ഏത്തപ്പഴത്തിനും വിലയിടിഞ്ഞു. രണ്ട്, മൂന്ന് ഗ്രേഡ് തരം കുലകൾ പഴുപ്പിച്ച് വഴിയോരത്ത് വിൽക്കുന്നവരുമേറെ. 4 കിലോ പഴത്തിന് 100 രൂപ വരെയാണ് വഴിയോരത്തെ വില.