പെരിക്കല്ലൂർ – അടൂർ ബസുകൾ പുനഃസ്ഥാപിക്കാൻ തീരുമാനം
Mail This Article
പുൽപള്ളി ∙ പെരിക്കല്ലൂരിൽ നിന്നുണ്ടായിരുന്ന അടൂർ സർവീസുകൾ പുനഃസ്ഥാപിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. ഇന്നലെ മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ചേംബറിൽ നടന്ന ചർച്ചയിലാണു പെരിക്കല്ലൂരിലേക്കുള്ള അടൂർ സൂപ്പർ ഫാസ്റ്റും സൂപ്പർ ഡീലക്സ് സർവീസും പുനരാരംഭിക്കാൻ തീരുമാനമായത്. എന്നാൽ പാലാ സൂപ്പർ ഫാസ്റ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല. നിർത്തലാക്കിയ സർവീസുകൾ ഉടനാരംഭിക്കണമെന്നാവശ്യപ്പെട്ട് അടൂർ എംഎൽഎ കൂടിയായ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഗതാഗതമന്ത്രിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടിരുന്നു.
രണ്ടു സർവീസുകളും തുടരാനും ലാഭ നഷ്ടങ്ങൾ വിലയിരുത്തി തുടരാമെന്നും യോഗം തീരുമാനിച്ചു. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പുൽപള്ളി മേഖലയിൽ നിന്നു പുലർച്ചെ ആദ്യം പുറപ്പെടുന്ന ബസാണ് പാലാ സൂപ്പർഫാസ്റ്റ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കടക്കം ഒട്ടേറെ യാത്രക്കാരുള്ള സർവീസാണിത്. കാലത്ത് 3.30നു പുറപ്പെടുന്ന ബസിനെയാണ് തെക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്നത്.