ADVERTISEMENT

പുൽപള്ളി ∙ ടൗൺ പരിസരത്തെ ജനവാസ മേഖലയിലിറങ്ങി പശുക്കിടാവിനെ കൊന്ന കടുവയെ കൂട് സ്ഥാപിച്ചു പിടികൂടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെയും സർവകക്ഷിയുടെയും നേതൃത്വത്തിൽ ചെതലയം റേഞ്ച് ഓഫിസ് ഉപരോധിച്ചു. ഉച്ചയ്ക്കാരംഭിച്ച സമരം രാത്രിയാണ് അവസാനിച്ചത്. കൂട് സ്ഥാപിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി 7 മണിയോടെ ലഭിച്ചു.  താന്നിത്തെരുവിൽ കടുവ പശുക്കിടാവിനെ കൊന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്ന ശേഷമാണു ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും സമരം പ്രഖ്യാപിച്ചത്. റേഞ്ച് ഓഫിസറെയും ജീവനക്കാരെയും മണിക്കൂറുകളോളം ഉപരോധിച്ചു. അക്രമകാരികളായ മൃഗങ്ങൾ നാട്ടിൽ ജനങ്ങളുടെ ജീവന് ഭീഷണിയാകുമ്പോഴും സാങ്കേതികത്വങ്ങൾ പറഞ്ഞ് തുടർ നടപടി വൈകിപ്പിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും കരിനിയമങ്ങൾ തിരുത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമാവശ്യപ്പെട്ട് നാളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭം നടത്താനും തീരുമാനിച്ചു. 

കടുവ പ്രശ്നമുണ്ടാകുമ്പോൾ ക്യാമറ സ്ഥാപിച്ചശേഷം കൂട് സ്ഥാപിക്കാൻ അനന്തമായ കാലതാമസമുണ്ടാകുന്നു. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തുനിന്നും ഉത്തരവ് ലഭിക്കണമെന്ന നിബന്ധന അപകട സാധ്യത വർധിപ്പിക്കുന്നു. അടിയന്തര സാഹചര്യത്തിൽ ജില്ലാതലത്തിൽ തീരുമാനമെടുക്കാൻ സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ, വൈസ് പ്രസിഡന്റ് ശോഭനാ സുകു, അംഗങ്ങളായ മണി പാമ്പനാൽ, ജോളി നരിതൂക്കിൽ, ജോമറ്റ് കോതവഴിക്കൽ, അനിൽ സി.കുമാർ, ജോഷി ചാരുവേലിൽ, എൻ.യു.ഉലഹന്നാൻ, പി.ഡി.ജോണി, സജി തൈപ്പറമ്പിൽ, മത്തായി ആതിര, കുടിലിൽ വിജയൻ, എൻ.വാമദേവൻ, ബേബി തയ്യിൽ, ടി.ജെ.ചാക്കോച്ചൻ, ബെന്നി കുറുമ്പാലക്കാട്ട്, ടോമി തേക്കുമല, ബാബു പ്രണവം,ജോയി മണ്ണാർതോട്ടം എന്നിവർ നേതൃത്വം നൽകി.

താന്നിത്തെരുവിലിറങ്ങിയ കടുവയെ കൂട് സ്ഥാപിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സർവകക്ഷി പ്രതിനിധികൾ ചെതലയം റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദിനെ ഉപരോധിക്കുന്നു.
താന്നിത്തെരുവിലിറങ്ങിയ കടുവയെ കൂട് സ്ഥാപിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സർവകക്ഷി പ്രതിനിധികൾ ചെതലയം റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദിനെ ഉപരോധിക്കുന്നു.

പുൽപള്ളി ടൗണിനടുത്ത് കടുവ പശുക്കിടാവിനെ കൊന്നു
പുൽപള്ളി ∙ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ മാത്രമകലെ ജനവാസ കേന്ദ്രത്തിൽ കടുവ പശുക്കിടാവിനെ കൊന്നു. വനത്തിൽ നിന്ന് 5 കിലോമീറ്ററിലധികമുള്ള സ്ഥലത്ത് കടുവയെത്തിയതോടെ ജനം പരിഭ്രാന്തിയിലായി. താന്നിത്തെരുവ് താഴത്തേടത്ത് എൽദോസിന്റെ തൊഴുത്തിനു പിന്നിൽ നിന്നാണ് ഇന്നലെ പുലർച്ചെ 4.30 മണിയോടെ കടുവ പശുക്കിടാവിനെ പിടിച്ചത്. ഈ സമയത്ത് എൽദോസിന്റെ ഭാര്യ മേഴ്സി തൊഴുത്തിൽ പശുവിനെ കറക്കുന്നുണ്ടായിരുന്നു. തുറസായ തൊഴുത്തിൽ മറ്റൊരു പശുക്കിടാവ് അസ്വസ്ഥത പ്രകടിപ്പിച്ചതെന്തിനെന്നു നോക്കുമ്പോഴാണ് തൊഴുത്തിനു പുറത്ത് പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടത്. കടുവ സാന്നിധ്യമുണ്ടെന്നു മനസിലായതോടെ മേഴ്സി നിലവിളിച്ചു. ഉടൻ കടുവ ഇരുട്ടിലേക്കു മാറിപ്പോയി. തലേന്നു വൈകിട്ട് പഴശ്ശിരാജാ കോളജ് പരിസരത്ത് ചിലർ കടുവയെ കണ്ടിരുന്നു. മങ്ങിയ വെളിച്ചത്തിൽ പട്ടിയാണെന്നാണു കരുതിയത്. 

പഴശ്ശിരാജാ കോളജ്, സെന്റ് മേരീസ് സ്കൂൾ, കോളജ് ഹോസ്റ്റൽ എന്നിവയുടെ സമീപത്താണ് കടുവയെത്തിയത്. ഏതാനും മാസം മുൻപ് ചേപ്പില, അമ്മാവൻമുക്ക്, പച്ചിക്കരമുക്ക്, ആടിക്കൊല്ലി ഭാഗങ്ങളിൽ കടുവ സ്ഥിരം ശല്യമുണ്ടാക്കിയിരുന്നു. വളർത്തുമൃഗങ്ങളെ പിടികൂടി കടുവ ഗ്രാമങ്ങൾ മാറി സഞ്ചരിച്ചു. വനപാലകർ പലവട്ടം കാടിളക്കി പരിശോധന നടത്തിയെങ്കിലും കടുവ ഗ്രാമം മാറി സഞ്ചരിച്ചു. കഴിഞ്ഞയാഴ്ച മുള്ളൻകൊല്ലി പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കടുവ ശല്യം രൂക്ഷമായിരുന്നു. ജീവഭയം നിമിത്തം ജനമൊട്ടാകെ സമരമുഖത്ത് നിൽക്കുമ്പോഴാണു കൂടുതൽ സ്ഥലത്ത് കടുവയെത്തുന്നത്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താനുള്ള തീരുമാനങ്ങൾ വൈകുന്നതും പ്രതിഷേധത്തിനിടയാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com